ബെംഗളൂരു: ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ സൂര്യനുദിച്ചതോടെ ചന്ദ്രയാന്‍-മൂന്ന് ദൗത്യത്തിലെ വിക്രം ലാന്‍ഡറിനെയും പ്രഗ്യാന്‍ റോവറെയും ഉണര്‍ത്താന്‍ ശ്രമിച്ച് ഐ.എസ്.ആര്‍.ഒ. വിക്രം ലാന്‍ഡറുമായും പ്രഗ്യാന്‍ റോവറുമായും ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും ഉണര്‍ന്നിരിക്കുകയാണോയെന്ന് ഉറപ്പാക്കുന്നതിന് ഇതുവരെ സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഐഎസ്ആര്‍ഒ എക്സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു.
ഉറക്കത്തില്‍നിന്ന് ഉണര്‍ന്ന് പ്രവര്‍ത്തന ക്ഷമമായോ എന്നറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ സൂര്യനുദിച്ചതോടെ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍-3 ദൗത്യം ഉണരുമോ എന്നറിയാനുള്ള കാത്തിരിപ്പിനിടെയാണ് ഇന്ന് വൈകിട്ട് 6.48ഓടെ ഐഎസ്ആര്‍ഒയുടെ അറിയിപ്പെത്തിയത്. ഇപ്പോള്‍ സിഗ്നല്‍ ലഭിച്ചില്ലെങ്കിലും അധികം വൈകാതെ ശുഭവാര്‍ത്തയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.
2023 ജൂലൈ 14-ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് ഇന്ത്യ ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. പതിനാല് ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ രണ്ടിന് റോവര്‍ ദൗത്യം പൂര്‍ത്തിയാക്കി സ്ലീപ്പ് മോഡിലേക്ക് മാറി.
ഭൂമിയിലെ പതിനാല് ദിവസമാണ് ഒരു ചാന്ദ്രദിനം. ഇത്രയും ദിവസമായിരുന്നു ചന്ദ്രയാന്റെ ദൗത്യകാലാവധിയും. സെപ്റ്റംബര്‍ രണ്ടിന് ചന്ദ്രനിലെ പകല്‍ അവസാനിച്ചതോടെയാണ് പ്രഗ്യാൻ റോവറിന്റെ ദൗത്യം പൂര്‍ത്തിയായത്.
ബുധനാഴ്ച്ചയാണ് ചന്ദ്രനില്‍ സൂര്യോദയമുണ്ടായത്. ഇനി പതിനാല് ദിവസം പകലായിരിക്കും. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലാൻഡറും റോവറും ചന്ദ്രനിലെ കൊടും തണുപ്പിനെ അതീജീവിച്ചാല്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാകുമെന്നായിരുന്നു പ്രതീക്ഷ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















