ഗുവാഹത്തി: കോൺഗ്രസ് മുൻ അധ്യക്ഷയും എം.പിയുമായ സോണിയാ ഗാന്ധിക്കെതിരായ വിദ്വേഷ പ്രസംഗത്തിൽ അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമാന്ത ബിശ്വ ശർമയ്ക്കെതിരെ പൊലീസിൽ പരാതി. സോണിയാ ഗാന്ധിയുടെ വസതി കത്തിക്കണമെന്നായിരുന്നു ഹിമാന്ത ബിശ്വയുടെ പ്രസംഗം.
മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ സെപ്തംബർ 18ന് നടന്ന റാലിയിലായിരുന്നു ശർമയുടെ വിദ്വേഷ പരാമർശം. ഇതിനെതിരെ അസം നിയമസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ ദേബബ്രത സൈകിയയാണ് പരാതി നൽകിയത്.
പ്രസ്താവന നടത്തിയത് മധ്യപ്രദേശിലാണെങ്കിലും അസമിലെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിധവ കൂടിയായ 77 വയസ്സുള്ള ഒരു സ്ത്രീയുടെ വസതി അഗ്നിക്കിരയാക്കണമെന്ന ആഹ്വാനം പ്രതിപക്ഷത്തിനെതിരായ പ്രസംഗമല്ലെന്നും തീവെപ്പിനുള്ള നിർദേശമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായ അധികാരമുള്ള ഒരു വ്യക്തിയുടെ ഇത്തരം അനാവശ്യ പ്രസ്താവനകൾ ചിലരെ അക്രമത്തിലേക്ക് നയിക്കാനും നമ്പർ 10 ജൻപഥിൽ താമസിക്കുന്നവർക്ക് ദോഷം വരുത്താനും സാധ്യതയുണ്ട് -സൈകിയ പറഞ്ഞു.
ബി.ജെ.പി നേതാവിനെതിരെ ഐപിസി സെക്ഷൻ 153 (പ്രകോപനം ഉണ്ടാക്കൽ), സെക്ഷൻ 115/436 (അക്രമത്തിന് പ്രേരണ) എന്നിവ പ്രകാരം പരാതി പരിശോധിച്ചുവരികയാണെന്നും തീരുമാനമെടുത്തിട്ടില്ലെന്നും ശിവസാഗർ ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, രാജസ്ഥാനിൽ ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി ഹിമന്ത, പരാതിയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















