ഭൂമി, വിള,വിളയിനം എന്നിവ സംരക്ഷിക്കാൻ കർഷകർ വലിയ പ്രക്ഷോഭത്തിന് തയ്യാറായി ഇരിക്കണമെന്ന് പറഞ്ഞ ടികായത് സർക്കാർ ഉറപ്പുനൽകിയ സൗജന്യ വൈദ്യുതി, മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം എന്നിവ ഉടൻ നടപ്പിലാക്കാനും ആവശ്യപ്പെട്ടു.
ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും കയ്യേറ്റ ഭീഷണി നേരിടുന്ന ക്ഷേത്രത്തിൽ വെച്ച് നടത്തിയ കിസാൻ മഹാപഞ്ചായത്തിൽ സംസാരിക്കവെയായിരുന്നു ടികായത് ഇക്കാര്യം ആവശ്യപ്പെട്ടത്.
‘സമരമല്ലാതെ മറ്റൊരു മാർഗവും കർഷകർക്ക് മുമ്പിൽ ഇല്ലാതായിരിക്കുകയാണ്. ഞങ്ങളിപ്പോൾ സമരം ആരംഭിച്ചില്ലെങ്കിൽ ഞങ്ങളുടെ മണ്ണും വിളയും വിളയിനവും നഷ്ടമാകും,’ ടികായത് പറഞ്ഞു.
കർഷകരുടെ പ്രാദേശിക ക്ഷേത്രങ്ങൾ ആർ.എസ്.എസും ബി.ജെ.പിയും കയ്യേറ്റം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയ ടികായത്, ഇവിടങ്ങളിൽ ബ്ലോക് തല യോഗങ്ങൾ സംഘടിപ്പിക്കാൻ കർഷകരോട് ആവശ്യപ്പെട്ടു. ഇവിടുത്തെ ക്ഷേത്ര കമ്മിറ്റികളുടെ ഭാഗമാകാനും അദ്ദേഹം ആവശ്യപ്പെട്ടു.
‘ക്ഷേത്രങ്ങൾ മുസ്ലിങ്ങളിൽ നിന്നും ഒരു തരത്തിലുമുള്ള ഭീഷണിയും നേരിടുന്നില്ല. ക്ഷേത്രങ്ങൾ ഭീഷണി നേരിടുന്നത് ആർ.എസ്.എസിൽ നിന്നും ബി.ജെ.പിയിൽ നിന്നുമാണ്. ആർ.എസ്.എസുകാർ കയ്യിൽ ലാത്തിയുമായാണ് നടക്കുന്നതെങ്കിൽ നിങ്ങളും കയ്യിൽ ലാത്തിയും വടിയും കൊണ്ടുനടക്കണം,’ ടികായത് പറഞ്ഞു.
2021 മുതൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരുടെ കാര്യത്തിൽ ഒരു താത്പര്യവും പ്രകടിപ്പിക്കുന്നില്ലെന്ന് പറഞ്ഞ ടികായത് ഇപ്പോഴുള്ള കർഷകകൂട്ടായ്മ പൊളിക്കാൻ ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
‘പല ഗൂഢാലോചനകളും നടക്കുന്നുണ്ട്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഈ സർക്കാർ നമ്മളെ വിഭജിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ വലിയ പ്രക്ഷോഭം നടത്തി നമ്മുടെ പ്രത്യയശാസ്ത്രത്തെ സംരക്ഷിക്കാൻ പോരാടേണ്ടി വരും. നിങ്ങൾ ട്രാക്ടറുകളുമായി തയ്യാറായി നിൽക്കുക,’ ടികായത് പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥർ ആർ.എസ്.എസ് യോഗങ്ങളിൽ പങ്കെടുക്കുകയാണെങ്കിൽ കർഷകരെ പിന്തുണക്കുന്നവർ കർഷകരുടെ യോഗങ്ങളിലും പങ്കെടുക്കുമെന്നും ടികായത് പറഞ്ഞു. ഇവരെ എന്തെങ്കിലും തരത്തിൽ ലക്ഷ്യം വെക്കാനൊരുങ്ങുകയാണെങ്കിൽ കർഷർ ആർ.എസ്.എസ് ശാഖകളെയും ലക്ഷ്യമിടുമെന്നും ടികായത് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം