തിരുവനന്തപുരം: ഡൽഹിയിലെ കേരള സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി ഐഎഫ്എസ്, സേവനത്തിൽ തുടരാന്‍ താൽപര്യമില്ലെന്ന് സർക്കാരിനെ അറിയിച്ചു. സേവനകാലാവധി രണ്ടാഴ്ച മാത്രം നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം. ഇന്നു വരെയായിരുന്നു അദ്ദേഹത്തിന്റെ സേവനകാലാവധി. ഇതു രണ്ടാഴ്ച കൂടി നീട്ടി സർക്കാർ ഉത്തരവിറക്കിയിരുന്നു. അതിനുശേഷം സേവനം അവസാനിപ്പിക്കാനായിരുന്നു സർക്കാർ നീക്കം.
ഔദ്യോഗികമായി ചില ജോലികൾ പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് സമയം നീട്ടി നൽകിയതെന്നും എന്നാൽ ഈ ജോലികൾ റദ്ദാക്കിയ സാഹചര്യത്തിൽ തുടരുന്നില്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ വേണുരാജാമണി പറയുന്നു. യുക്രൈൻ യുദ്ധമുഖത്ത് നിന്നും മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചതും വിയറ്റ്‌നാമിൽ നിന്ന് പ്രത്യേക വിമാനം അനുവദിപ്പിക്കാൻ മുൻ കൈയെടുത്തതുമടക്കം സേവനപ്രവർത്തനങ്ങൾ മുഖ്യമന്ത്രിക്ക് നൽകിയ കത്തിനൊപ്പം അക്കമിട്ട് വേണു രാജാമണി നിരത്തിയിട്ടുണ്ട്.
2021 സെപ്റ്റംബറിലാണ് വേണു രാജാമണിയെ സംസ്ഥാന സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി ഡൽഹിയിൽ നിയമിച്ചത്. ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കിലാണ് ഒരു വർഷത്തേക്ക് നിയമിച്ചത്. പിന്നീട് ഒരു വർഷംകൂടി നീട്ടിനൽകി. വിദേശ മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്രസർക്കാരുമായും വിവിധ എംബസികളുമായും സഹകരിച്ച് പ്രവർത്തിക്കാനാണ് വേണു രാജാമണിയെ നിയമിച്ചത്.
1986 ബാച്ച് റിട്ട. ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് വേണു രാജാമണി. പ്രണബ് മുഖർജി രാഷ്ട്രപതിയായിരിക്കെ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയായിരുന്നു. 2023 ജനുവരിയിൽ പ്രൊഫ. കെ.വി.തോമിനെ കാബിനറ്റ് റാങ്കോടെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ചതോടെ വേണു രാജാമണിയുടെ പദവി ഓഫിസർ ഓൺ സെപ്ഷൽ ഡ്യൂട്ടി (വിദേശ സഹകരണം) എന്നു മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം