1959 മാർച്ച് 17
ഇരുപത്തിമൂന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു സന്യാസി പട്ടാള വേഷം ധരിച്ച് തന്റെ സംഘത്തോടൊപ്പം ലാസയിലെ കൊട്ടാരത്തിൽ നിന്നും പലായനം ചെയ്യുന്നു…..ഇനിയൊരിക്കലും മടങ്ങി ചെല്ലാൻ കഴിയുമോയെന്ന് ഒരുറപ്പുമില്ലാത്ത യാത്ര. തുടർന്ന് നെഹ്‌റുവിന് കത്തെഴുതുന്നു.. കത്തിൽ പറയുന്ന ആവശ്യം ഇങ്ങനെ; ഇന്ത്യയിൽ അഭയം നൽകണം.
അതെ, പറഞ്ഞുവരുന്നത് ടിബറ്റിന്റെ ആത്മീയ രാഷ്ട്രീയ ഗുരുവായ പതിനാലാം ദലൈലാമയെ പറ്റിയാണ്.
1935 ജൂലായ് 6 ന് വടക്കു കിഴക്കന്‍ ടിബറ്റിലെ അമാദോ എന്ന ഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തില്‍ കര്‍ഷക ദമ്പതിമാരുടെ മകനായിട്ടാണ് ജനനം. ‘ആഗ്രഹം നിറവേറ്റുന്ന ദൈവം’ എന്ന അർഥം വരുന്ന ‘ലാമോ തോണ്ടുപ്’ എന്ന പേരാണ് കുട്ടിക്ക് മാതാപിതാക്കൾ നൽകിയിരുന്നത്.
1933 ഡിസംബര്‍ 13-നാണ് പതിമൂന്നാം ദലൈലാമ തുംപ്റ്റന്‍ ഗ്യാറ്റ്സോ അന്തരിക്കുന്നത്. ലാമോ തോണ്ടുപ്പിന് മൂന്ന് വയസുള്ളപ്പോഴാണ് ദലൈലാമയുടെ പുനരവതാരത്തെ കണ്ടെത്താന്‍ ടിബറ്റന്‍ സര്‍ക്കാര്‍ അയച്ച അന്വേഷണ സംഘം കുംബും ബുദ്ധവിഹാരത്തില്‍ എത്തുന്നത്. ചില അടയാളങ്ങളുടെയും ഒപ്പം റീജന്റായ ഒരു മുതിര്‍ന്ന ലാമയ്ക്ക് ലഭിച്ച ദർശനത്തിന്റെയും അടിസ്ഥാനത്തിൽ അവർ ദൈലൈലാമയുടെ പുനര്‍ജന്മത്തെ കണ്ടെത്തുകയായിരുന്നു.
സമുദ്രം എന്നർത്ഥം വരുന്ന മംഗോളിയൻ വാക്കായ ‘ദലൈ’യും, ഗുരു എന്നർത്ഥം വരുന്ന പ്രാചീന ടിബറ്റൻ വാക്കായ ലാമയും ചേർന്ന് ഓഷ്യൻ ഓഫ് വിസ്‌ഡം അഥവാ സമുദ്രത്തോളം ജ്ഞാനം എന്ന അർഥം വരുന്ന പേരാണ് ദലൈലാമ.
ടിബറ്റിന്റെ ആത്മീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മമാണ് ദലൈലാമയുടെ തിരഞ്ഞെടുപ്പ്. പുനര്‍ജന്മസങ്കല്പവും ലക്ഷണനിരീക്ഷണങ്ങളും നിഗമനങ്ങളും എല്ലാംചേര്‍ന്ന സങ്കീര്‍ണമായ പ്രക്രിയയാണത്.
1940-ലെ ഒരു ശൈത്യകാലത്താണ് ലാമോ തോണ്ടുപ്പിനെ പൊട്ടാല കൊട്ടാരത്തിലെത്തിക്കുകയും അവിടെ വെച്ച് അദ്ദേഹത്തെ ടിബറ്റിന്റെ ആത്മീയ നേതാവായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് തല മൊട്ടയടിച്ച് മെറൂണ്‍ നിറത്തിലുള്ള സന്യാസവസ്ത്രം ധരിപ്പിച്ചു. ഒപ്പം ലാമോ തോണ്ടുപ്പ് എന്ന് പേര് ഉപേക്ഷിക്കുകയും ടെന്‍സിന്‍ ഗ്യാറ്റ്‌സോ എന്ന പുതിയ പേര് സ്വീകരിക്കുകയും, പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു.
പിന്നീട് ചൈനീസ് അധിനിവേശവും ഇന്ത്യയിലേക്കുള്ള പലായനവും പ്രവാസജീവിതവും വിടാതെ പിന്തുടർന്ന വിവാദങ്ങളുമെല്ലാം കൂടിച്ചേർന്ന് സംഭവബഹുലമായിരുന്നു ടിബറ്റിന്റെ പതിനാലാം ദലൈലാമയുടെ ജീവിതം.
പതിനഞ്ചം നൂറ്റാണ്ടു വരെ ആത്മീയ ഗുരുക്കന്മാർ എന്ന് മാത്രം അറിയപ്പെട്ടിരുന്ന ലാമമാർ, പതിനേഴാം നൂറ്റാണ്ടുമുതൽ രാഷ്ട്രീയ നേതാക്കന്മാർ കൂടിയായി മാറി.
കമ്യൂണിസ്റ്റ് ചൈന ടിബറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സമയം.
ലാമമാരുടെയും പൗരോഹിത്യത്തിന്റെയും പിടിയില്‍നിന്ന് ടിബറ്റിനെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന ചൈന പ്രഖ്യാപനം. 1950-ലെ വേനല്‍ക്കാലത്ത് ചൈനീസ് പട്ടാളക്കാര്‍ ടിബറ്റന്‍ പോസ്റ്റില്‍ റെയ്ഡ് നടത്തി. രണ്ട് മാസങ്ങള്‍ക്ക് ശേഷം
ചൈനീസ് സൈനികരുടെ ഒരു സംഘം ടിബറ്റന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചു. അവർ ലാസ പിടിച്ചടക്കുമോയെന്ന ഭയമുണ്ടാകാൻ തുടങ്ങിയപ്പോൾ, പതിനഞ്ചാം വയസ്സിൽ ലാസയില്‍ പരിശീലനത്തിലായിരുന്ന ടെന്‍സിന്‍ ഗ്യാറ്റ്‌സോയെ പതിന്നാലാമത് ദലൈലാമ സ്ഥാനത്ത് അവരോധിച്ചു.
എന്നാൽ 1956 മുതല്‍ സ്ഥിതി മാറിത്തുടങ്ങി. കിഴക്കന്‍ മേഖലയിലെ ഖംപകള്‍ ഭൂമി കൂട്ടുടമസ്ഥതയില്‍ കൊണ്ടുവരാന്‍ ആരംഭിച്ചതോടെയാണ് സ്ഥിതിഗതികൾ മാറിത്തുടങ്ങിയത്. ആ മേഖല ടിബറ്റിനു പുറത്തായി ചൈന കണക്കാക്കിയിരുന്നതിനാല്‍ ടിബറ്റിനു സമാനമായ പ്രത്യേകപദവി ഈ മേഖലയ്ക്ക് നല്‍കിയിരുന്നില്ല. ഖംപകള്‍ ശക്തമായി പ്രതിഷേധിച്ചതോടെ ഇത് ചൈനയ്ക്കെതിരായ ആദ്യ പ്രക്ഷോഭമായി വളര്‍ന്നു. ചൈനീസ് പട്ടാളം പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാന്‍ ശ്രമമാരംഭിച്ചു. ഒപ്പം ടിബറ്റിന്റെ ഇതരപ്രദേശങ്ങളിലും സൈനിക വിന്യാസമുണ്ടായി. അവസാനം ലാസയും ചൈനീസ് പട്ടാളത്തിന്റെ വരുതിയിലായി. പ്രക്ഷോഭം കൂടുതല്‍ കുഴപ്പത്തിലേക്കു നീങ്ങിയതോടെ, ചൈനീസ് പട്ടാളം തന്നെ അറസ്റ്റു ചെയ്തേക്കുമെന്ന് ദലൈലാമയ്ക്കു മനസ്സിലായി. രക്ഷപ്പെടാനായി ഒരു സാധാരണ സൈനികന്റെ വേഷം ധരിച്ച് അദ്ദേഹം രഹസ്യമായി അവിടെനിന്നും യാത്ര തിരിച്ചു.
ഇന്ത്യയിലേക്കായിരുന്നു ആ യാത്ര.
ലാസയില്‍നിന്ന് പുറപ്പെട്ട് ആഴ്ചകൾക്കു ശേഷം ദലൈലാമയും സംഘവും ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തി. ആരുടേയും കണ്ണിൽപ്പെടാതെ സിക്കിം വഴി, ചാങ്കു തടാകത്തെ ചുറ്റി, 1959 മാര്‍ച്ച് 31 ന് തന്റെ ഇരുപതിനാലാമത്തെ വയസ്സിലാണ്, ദലൈലാമയും സംഘവും ഇന്ത്യയിലെത്തിയത്.
അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന് തുടക്കത്തില്‍ ദലൈലാമയെയും സംഘത്തെയും സ്വീകരിക്കുന്നതില്‍ ആശങ്കയുണ്ടായിരുന്നു. ചൈനയെ പിണക്കാനുള്ള പേടി തന്നെയായിരുന്നു ആശങ്കയുടെ കാരണം. എങ്കിലും ഒടുവില്‍ പതിനെട്ടു ദിവസം നടന്നുവന്ന സംഘത്തെ ചൈനയെ പിണക്കിക്കൊണ്ട് തന്നെ നെഹ്രു ഇന്ത്യയുടെ മണ്ണിലേക്ക് സ്വീകരിച്ചു.
ചൈനയുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ പലായനംചെയ്ത ദലൈലാമ തന്റെ എണ്‍പത്തിയഞ്ചാം വയസ്സിലും ഇന്ത്യയില്‍, ധരംശാലയിൽ തുടരുകയാണ്. ഒപ്പം ഏറെ വിവാദങ്ങളും നിറയെ ചോദ്യങ്ങളും.
അതിലൊന്നാണ് ചൈനയുടെ വെല്ലുവിളികൾ മറികടന്നുകൊണ്ട്, ഇനിയൊരു ദലൈലാമ ഉണ്ടാകുമോ?എന്നുള്ളത്. മറ്റൊന്ന് ദലൈലാമയെ വിവാദത്തിലാക്കി മാപ്പു പറയിപ്പിച്ച പ്രസ്താവന; പതിനഞ്ചാം ദലൈലാമ ഒരു സ്ത്രീയായിരിക്കുമോ?
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം