കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലറെ മര്‍ദിച്ചെന്ന കേസിലും പ്രതിയായതോടെയാണ് ആകാശിനെതിരേ വീണ്ടും ‘കാപ്പ’ ചുമത്തിയത്. ബുധനാഴ്ച മകളുടെ പേരിടങ്ങല്‍ ചടങ്ങിനായി വീട്ടിലെത്തിയപ്പോളാണ് ആകാശിനെ മുഴക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.
പേരിടല്‍ ചടങ്ങിനിടെ പോലീസ് വാഹനം കണ്ട് ആകാശ് കാര്യം തിരക്കാനായി വാഹനത്തിന്റെ അടുത്തെത്തിയിരുന്നു. തുടര്ർന്ന് പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതോടെ വീട്ടില്‍ ചടങ്ങിനെത്തിയിരുന്ന ബന്ധുക്കളടക്കം സ്റ്റേഷന് മുന്നിലെത്തി തടിച്ചുകൂടി. ഏറെസമയത്തിന് ശേഷമാണ് ഇവര്‍ പിരിഞ്ഞുപോയത്.
വിയ്യൂർ ജയിലിൽ കഴിയുമ്പോൾ ആകാശിന്റെ സെല്ലിലെ ഫാൻ കേടായതിന്റെ പേരിൽ ഉടലെടുത്ത തർക്കത്തെ തുടർന്നാണ് ജയിൽ വാർഡനെ മർദ്ദിച്ചത്. എത്രയും വേഗം ഫാൻ നന്നാക്കണമെന്നും ഇല്ലെങ്കിൽ വേറെ വഴി നോക്കുമെന്നും ആകാശ് ഭീഷണിപ്പെടുത്തിയതോടെ തർക്കമായി. ഉദ്യോഗസ്ഥനെ ആക്രമിച്ചതിനു പിന്നാലെ ആകാശിനെ അതിസുരക്ഷാ ജയിലിലേക്കു മാറ്റിയിരുന്നു.
യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ആകാശ്. കഴിഞ്ഞ ഫെബ്രുവരിയിലാണു കാപ്പ നിയമപ്രകാരം അറസ്റ്റിലായത്.
















