തിരുവനന്തപുരം: വാഹനങ്ങളില്‍ ആള്‍ട്ടറേഷന്‍ നടത്തുന്ന സ്ഥാപനങ്ങള്‍ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങള്‍ക്ക് വിധേയമാണെന്നും അപകടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകള്‍ക്ക് നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുമെന്ന്മന്ത്രി ആന്റണി രാജു.നിയമസഭയിലായിരുന്നു പരാമര്‍ശം.
യാത്രാ വേളയിലും നിര്‍ത്തിയിടുമ്പോഴും വാഹനങ്ങള്‍ അഗ്‌നിക്കിരയാവുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്നത് സംബന്ധിച്ച് അനൂപ് ജേക്കബ് എംഎല്‍എ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. വാഹനങ്ങള്‍ തീപിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാനായി ഗതാഗത മേഖലയിലെ സാങ്കേതിക വിദഗ്ധരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വാഹന നിര്‍മ്മാതാക്കളുടെയും ഡീലര്‍മാരുടെയും ഇന്‍ഷുറന്‍സ് സര്‍വ്വേ പ്രതിനിധികളുടെയുംയോഗം ചേര്‍ന്ന് വിലയിരുത്തിയതായിമന്ത്രി പറഞ്ഞു.
മനുഷ്യനിർമ്മിതമായ കാരണങ്ങളാലും യന്ത്ര തകരാറുകളാലും ഉണ്ടാവുന്ന ഇലക്ട്രിക്കൽ സർക്യൂട്ട് പ്രശ്നങ്ങൾ മൂലമാണ് വാഹനങ്ങൾക്ക് തീപിടിത്തമുണ്ടാകുന്നതെന്ന് പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. ലൈറ്റ് മോട്ടോർ വാഹനങ്ങളിലാണ് ഇത്തരം തീപിടുത്തം കൂടുതൽ ഉണ്ടാവുന്നത്. ലോ വേരിയന്റ് വാഹനങ്ങളെ ഹൈ വേരിയന്റാക്കാൻ ഓട്ടോമൊബൈൽ സ്റ്റാൻഡേർഡ് അനുസരിച്ചുള്ളതല്ലാത്ത ഫ്യൂസും വയറിംഗും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ച് കൂടുതൽ ഫിറ്റിംഗ്സുകൾ ഘടിപ്പിച്ച് നിയമവിരുദ്ധമായി അൾട്ടറേഷൻ നടത്തുന്നത് തീപിടുത്തത്തിനുള്ള പ്രധാനകാരണമായി വിലയിരുത്തിയിട്ടുണ്ട്.
ഇത്തരം അനധികൃത ആൾട്ടറേഷനുകൾ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുവേണ്ടി അപകടമുണ്ടാകുന്നതിന്റെ ഉത്തരവാദിയായിരിക്കുമെന്നുള്ള സാക്ഷ്യപത്രം നല്‍കാനുള്ള നടപടി കൈക്കൊള്ളും. ഇത്തരം പ്രവർത്തികളുടെ അപകട സാദ്ധ്യതകളെക്കുറിച്ച് വാഹനം വാങ്ങുന്നവരെ ബോധവൽക്കരിക്കുവാനും ഡീലർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.വാഹനത്തിന്റെ എഞ്ചിനെയും ടാങ്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഫ്യുവൽ ലൈനിലെ റബ്ബർ ഹോസിൽ പല കാരണങ്ങളാല്‍ ഉണ്ടാകുന്ന സുഷിരങ്ങളിലൂടെയുള്ള ഇന്ധന ചോർച്ചയും അപകടത്തിന് കാരണമാകുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
വാഹനങ്ങൾ അഗ്നിക്കിരയാവുന്നതിന്റെ വിവിധ വശങ്ങൾ പഠിച്ച് രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാന്‍ റോഡ് സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ ട്രാഫിക് പൊലീസ് ഐജി, ഫോറന്‍സിക് വിഭാഗം മുന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സുനില്‍ എസ് പി, സാങ്കേതിക വിദഗ്ദ്ധന്‍ രമേശ് കെ ജെ, എസ്.സി.എം.എസ് കോളേജ് പ്രൊഫസര്‍ ഡോ. മനോജ് കുമാർ, ശ്രീചിത്ര എൻജിനീയറിങ് കോളേജ് ഓട്ടോമൊബൈൽ വിഭാഗം പ്രൊഫസർ ഡോ. കമല്‍ കൃഷ്ണ, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ അംഗങ്ങളായ സമിതി രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. സമിതിയുടെ ആദ്യ യോഗം ഈ മാസം18ന് ചേരും. വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശങ്ങൾ പരിശോധിച്ച് വാഹന ഉപയോക്താക്കളുടെയും ജനങ്ങളുടെയും സുരക്ഷിതത്വത്തിന് വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















