ഇടുക്കി: തെളിവെടുപ്പിന് കൊണ്ടുപോയ മോഷണക്കേസിലെ പ്രതി വിലങ്ങ് ഉപയോഗിച്ച് ആക്രമിച്ച ശേഷം രക്ഷപ്പെട്ടപ്പോൾ മറയൂർ എസ്.ഐ. പി.ജി. അശോക് കുമാർ തളർന്നുപോയി. പരിക്കേറ്റെങ്കിലും ചാടി എഴുന്നേറ്റ് പിറകെ ഓടി. എന്നാൽ, അപ്പോഴേക്കും പ്രതി കാണാമറയത്ത് എത്തിയിരുന്നു. വിരമിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കെ കൈയിൽനിന്ന് ചാടിപ്പോയ പ്രതിയെ ഒരുമാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്. അതിന് നേതൃത്വം നൽകിയവരിൽ ഒരാൾ അശോക് കുമാറാണ്. പ്രതിയെ പിടികൂടിയതോടെ ഇനി മനസമാധാനത്തോടെ സർവീസിലെ അവസാന നാളുകളിൽ സേവനം ചെയ്യാമെന്നും അദ്ദേഹം പറയുന്നു.
മറയൂരിൽ മോഷണ ശ്രമത്തിനിടെ പിടിയിലായ തെങ്കാശി സ്വദേശി ബാലമുരുകനാണ് തമിഴ്നാട്ടിലെ തെളിവെടുപ്പിന് ശേഷം തിരികെ മടങ്ങുന്നതിനിടെ തമിഴ്നാട്ടിൽവെച്ച് രക്ഷപ്പെട്ടത്. 29 വർഷവും എട്ടു മാസവും കേരള പോലീസിൽ സേവനമനുഷ്ഠിച്ച അശോക് കുമാറിന് ഇനി വിരമിക്കാൻ 114 ദിവസം മാത്രം അവശേഷിക്കേയായിരുന്നു സംഭവം.
സേവനത്തിനിടയിൽ 29 തവണ ഗുഡ് സർവീസ് എൻട്രിയും റിവാർഡും ലഭിച്ചിട്ടുണ്ട്. ഒരിക്കൽപോലും അച്ചടക്കനടപടി നേരിട്ടിട്ടില്ല. നിയമം നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനം. ആദ്യമായിട്ടാണ് കസ്റ്റഡിയിലുള്ള ഒരാൾ രക്ഷപ്പെടുന്നത്. ഇതോടെ ജില്ലാ പോലീസ് മേധാവിക്ക് അപേക്ഷ നൽകി പ്രതിയെ പിടികൂടാനുള്ള അന്വേഷണങ്ങൾ തുടങ്ങി. മൂന്നാർ ഡിവൈ.എസ്.പി.യും എല്ലാവിധ പിന്തുണയും നൽകി.
പ്രതിയെ പിടികൂടാൻ മറയൂർ സി.ഐ. ടി.ആർ. ജിജുവിനോടൊപ്പം 12 അംഗ സംഘം ഓഗസ്റ്റ് 22 മുതൽ തമിഴ്നാട്ടിൽ തെങ്കാശി മേഖലയിൽ എത്തി രാവും പകലും തമിഴ്നാട് പോലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തി. ഒടുവിൽ വെള്ളിയാഴ്ച പുലർച്ചെ തെങ്കാശിയിൽനിന്ന് പ്രതിയെ പിടികൂടി മറയൂരിലെത്തിച്ചു.
അന്വേഷണസംഘത്തിന് മറയൂരിൽ നാട്ടുകാർ ഊഷ്മളമായ വരവേൽപും ആദരവുമാണ് നൽകിയത്. പ്രതിയെ വീണ്ടും പിടികൂടാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് അശോക് കുമാർ പറഞ്ഞു. പ്രതിയെ അന്വേഷിച്ചിറങ്ങിയ അന്ന് തുടങ്ങിയ വ്രതം പഴനിയിൽ എത്തി മുറിച്ച് സന്തോഷത്തോടെ വിരമിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം