കണ്ണൂർ: സി.പി.എം നേതാവ് പി. ജയരാജന്റെ മകന്‍ ജയിൻ രാജിനെതിരെ കണ്ണൂർ ഡി.വൈ.എഫ്.ഐ കമ്മിറ്റി. സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടനയെയും നേതാക്കളെയും താറടിച്ച് കാണിക്കാൻ ശ്രമിക്കുന്നു എന്ന് കണ്ണൂർ ഡി.വൈ.എഫ്.ഐ കമ്മിറ്റി ആരോപിച്ചു. ഡി.വൈ.എഫ്.ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയ്‌ക്കെതിരെയുള്ള ജെയിൻ രാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് ആരോപണം.
ജെയിനിന്റെ പ്രസ്താവനകളെ പരോക്ഷമായി വിമർശിച്ച ഡിവൈഎഫ്ഐ, സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണിതെന്ന് ആരോപിച്ചു.
ഡി.വൈ.എഫ്.ഐയുടെ പ്രസ്താവനയുടെ പൂർണരൂപം
സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി ഡി.വൈ.എഫ്.ഐ യെയും പാനൂർ ബ്ലോക്ക് സെക്രട്ടറിയായ കിരണിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിക്കുന്നു. സഭ്യേതരഭാഷ ഉപയോഗിച്ച് വ്യക്തികളെയും മറ്റും ആക്ഷേപിക്കുന്നതിന് സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അത് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കുന്നില്ലെന്നും ഡി.വൈ.എഫ്.ഐ ആവർത്തിച്ച് വ്യക്തമാക്കിയതാണ്. സഭ്യമല്ലാത്ത ഭാഷയിൽ ഡിവൈഎഫ്‌ഐക്കും നേതാക്കൾക്കും എതിരെ ആര് പ്രതികരണങ്ങൾ നടത്തിയാലും സഭ്യമായ ഭാഷയിൽ തന്നെയായിരിക്കണം മറുപടി പറയേണ്ടത്. ഇപ്പോൾ ചിലർ ഉയർത്തികൊണ്ടുവന്ന വിഷയം ഒരു വർഷം മുൻപ് തന്നെ ഡി.വൈ.എഫ്.ഐ ചർച്ച ചെയ്യുകയും ആവശ്യമായ തെറ്റുതിരുത്തൽ പ്രക്രിയക്ക് വിധേയമാക്കുകയും ചെയ്തതാണ് എന്നാൽ വീണ്ടും ഇത് കുത്തിപൊക്കിയത് ചില കുബുദ്ധികളുടെ ദുഷ്ടലാക്കാണ് വ്യക്തമാക്കുന്നത്. ഇതുവഴി സഘടനയെയും നേതാക്കളെയും പൊതുജനമധ്യത്തിൽ താറടിച്ചു കാണിക്കാനുള്ള ഹീനശ്രമമാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് പ്രതിഷേധാർഹമാണ്.
ആശയ പ്രചാരണത്തിനുള്ള വേദിയായി സോഷ്യൽ മീഡിയയെ ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. സോഷ്യൽ മീഡിയകളിൽ പ്രത്യേകിച്ച് ഫേസ്ബുക്കിൽ വ്യാജ ഐഡികളെ ഉപയോഗിച്ചും പലരുടെയും പേരിൽ ഐഡികൾ നിർമിച്ചും ഡി.വൈ.എഫ്.ഐ യെയും നേതാക്കളെയും വ്യക്തിഹത്യ നടത്താനുള്ള ആസൂത്രിത ശ്രമം ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രവണതകൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ പാനൂർ ഏരിയ സെക്രട്ടറി ആയ കിരണ്‍ പാനൂർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിവാദ തെറിവിളി കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ജെയിൻ വിവാദത്തിന് തുടക്കമിട്ടത്. ഭാവിയില്‍ നയിക്കേണ്ടത് ഇവരൊക്കെയാണ് എന്ന കുറിപ്പോടെയായിരുന്നു അസഭ്യവാക്കുകള്‍ കൂടി ചേര്‍ത്ത് കൊണ്ടുള്ള ജെയിനിന്റെ പോസ്റ്റ്.
ഇതിന് പിന്നാലെ, സ്വര്‍ണക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കിയുടെ വിവാഹ ചടങ്ങില്‍ കിരണ്‍ പങ്കെടുത്ത ഫോട്ടോയും ജെയിന് പോസ്റ്റ് ചെയ്തു. 30 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത്, മറ്റൊരു പ്രതി അജ്മലിനൊപ്പമെത്തി അർജുന്റെ വിവാഹത്തിൽ കിരണ്‍ പങ്കെടുത്തത് ഒരു ബന്ധവും ഇല്ലാത്തത് കൊണ്ടായിരിക്കുമല്ലോ എന്നും ജെയിന് പോസ്റ്റില്‍ പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം