ഫിൽക്ക ഫിലിം സൊസൈറ്റിയുടെ ആഗസ്റ്റ് മാസ പ്രോഗ്രാം ‘എം. ടി. ഫിലിം ഫെസ്റ്റ് ‘ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി. എൻ. കരുൺ ഉദ്ഘാടനം ചെയ്തു. ” ഫിൽക്കയുടെ എം. ടി. ഫിലിം ഫെസ്റ്റിലൂടെ എം. ടി. വാസുദേവൻ നായരെ ആദരിക്കുന്ന ഈ ചടങ്ങ് എന്തുകൊണ്ടും അദ്ദേഹത്തിന്റെ നവതി ആഘോഷ വേളയിൽ പ്രസക്തമാണ്. അതിന് കാരണം ഇത്രയും വർഷം കഴിഞ്ഞിട്ടും നമ്മുടെ മലയാള സാഹിത്യത്തിലും സിനിമയിലും എം. ടി യുടെ വ്യക്തിത്വം നിറഞ്ഞുനിൽക്കുന്നത് കൊണ്ടാണ്. നാം പലരെയും സൃഷ്ടികളിലൂടെ ഓർക്കുന്നു. കലയെ മനസിലാക്കുന്നവർക്ക് മാത്രമേ ഇതിന്റെ പ്രസക്തി തിരിച്ചറിയാനൊക്കൂ. കാലത്തെ അതിജീവിച്ച് മുന്നോട്ട് പോകുന്നവയാണ് യഥാർത്ഥ കലാസൃഷ്ടികൾ.
അത്തരം സിനിമകൾ പല അർത്ഥങ്ങളും നമുക്ക് പറഞ്ഞുതരുന്നുണ്ട്. തർകോവ്സ്കി പറഞ്ഞത് പോലെ കാലത്തിൽ കൊത്തിവെച്ച ശില്പങ്ങളാണ് ആ സിനിമകൾ. കലയെ കുറിച്ച് ആലോചിക്കുമ്പോൾ നമ്മൾ കാണുന്നത് പോലുള്ള അർത്ഥമല്ല അത് നൽകുന്നത്. ഒരു പ്രത്യേക കാലത്തിൽ നിർമ്മിക്കുന്ന കലാസിനിമ തിരിച്ചറിയണമെങ്കിൽ ഒരു മനസ്സ് വേണം. അർത്ഥം തിരിച്ചറിയണം. എം. ടി യോടൊപ്പം പ്രവർത്തിക്കാനിടയായ സാഹചര്യം എനിക്കുണ്ടായി ; അദ്ദേഹത്തിന്റെ ഏറ്റവും നല്ല കൃതികളിലൊന്നായ മഞ്ഞ് സിനിമയാക്കിയപ്പോൾ. മഞ്ഞ് എന്ന് കേൾക്കുമ്പോൾ സാധാരണ രീതിയിൽ തോന്നുന്ന അർത്ഥമല്ല സിനിമയിലെ മഞ്ഞിന് ഉള്ളത്.
വ്യത്യസ്ത അർത്ഥത്തിലുള്ള കാഴ്ചയാണിത്. കാഴ്ച്ച മറയ്ക്കുന്ന മഞ്ഞ് ഉരുകിമാഞ്ഞ് വീണ്ടും വന്നുമൂടുമ്പോൾ നമുക്ക് ചുറ്റുപാടും കാണാൻ പറ്റാത്ത അവസ്ഥയുണ്ടാകും. വീണ്ടും കാഴ്ച്ച തെളിയും. ഇവിടെ കേന്ദ്ര കഥാപാത്രത്തിന്റെ മനസ്സാണ് മഞ്ഞ്. കാഴ്ചകൾ തെളിയുകയും മറയുകയും ചെയ്യുന്നു. കാണപ്പെടുന്ന കാഴ്ചകൾ എങ്ങനെ കാണുന്നു, എങ്ങനെ മനസ്സിലാക്കപ്പെടുന്നു എന്നത് പ്രധാനമാണ്. അത് ആസ്വദിക്കുമ്പോൾ നമുക്ക് വ്യത്യസ്ത അർത്ഥങ്ങൾ അനുഭവിക്കാൻ കഴിയുന്നു. അതാണ് കലയുടെ പ്രത്യേകത. നമ്മുടെ ഓർമ്മയിൽ സൂക്ഷിക്കപ്പെടുന്ന ഒന്നായി കലാസൃഷ്ടി മാറുക എന്നത് ഒരു തിരിച്ചറിവിന്റെ ഭാഗമാണ്.
എം. ടി യെ സംബന്ധിടത്തോളം എപ്പോഴും ഓർമ്മിക്കാൻ കഴിയുന്ന സാഹിത്യ കൃതികൾ അദ്ദേഹത്തിന്റെതായുണ്ട്. നിർമ്മാല്യം എന്ന സിനിമ ഒരു തിരിച്ചറിവിന്റെ അർത്ഥമാണ് കാലത്തിനപ്പുറം കാഴ്ചവെയ്ക്കുന്നത്. കാലത്തിനതീതം സഞ്ചരിക്കുന്ന ശബ്ദം കൂടിയാണത്. ഒരു എഴുത്തുകാരൻ എവിടെ തുടങ്ങുന്നു, എവിടെ അവസാനിപ്പിക്കുന്നു എന്നത് നോക്കുമ്പോൾ അതിനിടയിൽ ഒരു കാലമുണ്ട്. അത് പ്രത്യേക അർത്ഥത്തിന്റെയും ശബ്ദത്തിന്റെയും സമയമാണ്.
ഇത് കല എന്താണെന്നുള്ള അനുഭവം ഉണ്ടാക്കുന്നു. അങ്ങനെ ഒരു മനുഷ്യന്റെ അറിവ്, നമ്മുടെ തിരിച്ചറിവിലൂടെ നല്ലൊരു ഓർമ്മയായി നിലനിൽക്കുന്നു. സിനിമ സംവിധായകന്റെ കലയായി മാറുന്നതും അതിന്റെ അർത്ഥം തിരിച്ചറിയുമ്പോഴാണ്. കലയുടെ ഈ അനുഭവം തിരിച്ചറിയാനുള്ള സന്ദർഭങ്ങൾ കൂടിയാണ് ഫിൽക്ക പോലുള്ള ഫിലിം സൊസൈറ്റികൾ ഒരുക്കുന്ന ഇത്തരം ചലച്ചിത്രമേളകൾ “.
ചലച്ചിത്ര നിരൂപകനും കഥാകൃത്തുമായ വിജയകൃഷ്ണൻ വീശിഷ്ടാതിഥിയായിരുന്നു.” ഇരുപത്തിനാല് വർഷം മുൻപ് ഫിൽക്ക രൂപീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഒരാളാണ് ഞാൻ. ഇപ്പോൾ ഫിൽക്ക ഫിലിം സൊസൈറ്റിയുടെ രൂപവും ഭാവവുമൊക്കെ കാലത്തിനൊത്ത് മാറിയിട്ടുണ്ട്. മാത്രമല്ല, ചലച്ചിത്ര നിരൂപണത്തിന് പ്രാധാന്യം കൊടുക്കുന്ന ഡിജിറ്റൽ മാസികയ്ക്കും രൂപം നൽകിയിരിക്കുന്നു. വിദേശ ഭാഷയിലും സംസ്കാരത്തിലുമുള്ള ക്ളാസിക്ക് സിനിമകൾ ആസ്വദിക്കുന്നതിൽ ചലച്ചിത്ര സാഹിത്യത്തിന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ഞാൻ ചലച്ചിത്ര നിരൂപണം തുടങ്ങിയത്
ചിത്രലേഖയുമായുള്ള ബന്ധത്തിലൂടെയാണ്. പണ്ടൊക്കെ ഫിലിം ക്ളാസിക്കുകൾ കാണാൻ ദൂരസ്ഥലങ്ങളിലെ ഫിലിം സൊസൈറ്റികളിൽ പോയിരുന്നത് വളരെ ബുദ്ധിമുട്ടിയാണ്. ഇപ്പോൾ സാങ്കേതിക സൗകര്യം എളുപ്പമായിരിക്കുന്നു. ആദ്യകാലത്ത് ഫിലിം സൊസൈറ്റികളുടെ എണ്ണം വർധിച്ചുവെങ്കിലും പ്രതിസന്ധികൾ മൂലം കുറെയെണ്ണം കാലാന്തരത്തിൽ നാമാവശേഷമായി. ചിത്രലേഖ പോലും ഇപ്പോഴില്ല. ഇപ്പോൾ ഫിലിം സൊസൈറ്റി പ്രസ്ഥാനം മുന്നോട്ട് പോകുന്നുണ്ടെങ്കിലും പരിവർത്തനത്തിന് വിധേയമായി കാലത്തിനൊപ്പം വ്യാപിച്ചിട്ടുണ്ടോ, ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയമുണ്ട് . ലോകസിനിമയെ മലയാളത്തിന് പരിചയപ്പെടുത്തിയ ചലച്ചിത്ര നിരൂപണസാഹിത്യത്തിന്റെ തുടക്കക്കാരൻ എന്ന് എന്നെ കുറിച്ച് ഫിൽക്ക പ്രസ്താവിച്ചതിൽ സന്തോഷമുണ്ട്. “
സ്റ്റേറ്റ് ലൈബ്രേറിയൻ പി. കെ. ശോഭന, നോവലിസ്റ്റും ചലച്ചിത്ര നിരൂപകനുമായ സാബു ശങ്കർ, ഡോ. ബി. രാധാകൃഷ്ണൻ, സുരേഷ്കുമാർ ( Beam Film Society, Bank Employees Art Movement ), വിനേഷ്. വി ( Sparc Film Society , ISRO ), അമിത്. കെ ( CET Film Society, College of Engineering Trivandrum ), നടി ഗിരിജ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിൽ നിർമ്മാല്യം, ഒരു ചെറുപുഞ്ചിരി, കടവ്, ഓളവും തീരവും എന്നീ സിനിമകൾ പ്രദർശിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം