ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധത്തിന് യുഎൻ ചാർട്ടർ പ്രകാരം പരിഹാരമുണ്ടാകണമെന്ന് ജി20 സംയുക്ത പ്രഖ്യാപനം. റഷ്യയെ ശക്തമായി അപലപിക്കാതെയാണ് സംയുക്ത പ്രഖ്യാപനം. മറ്റുരാജ്യങ്ങളെ ആക്രമിക്കരുതെന്നും ആണവായുധങ്ങള്‍ പ്രയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നേതാക്കന്മാരുടെ പ്രഖ്യാപനം എന്ന് പേരിട്ടിരിക്കുന്ന സംയുക്തപ്രസ്താവനയില്‍ പറയുന്നു.
‘‘യുഎൻ ചാർട്ടറിന് അനുസൃതമായി, എല്ലാ രാജ്യങ്ങളും ഏതെങ്കിലും രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയ്ക്കും പരമാധികാരത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും എതിരായി പ്രദേശിക ഏറ്റെടുക്കൽ നടത്താനുള്ള ഭീഷണിയോ ബലപ്രയോഗമോ ഒഴിവാക്കണം. ആണവായുധങ്ങളുടെ ഉപയോഗമോ ഭീഷണിയോ അസ്വീകാര്യമാണ്’’.
‘‘രാജ്യാന്തര നിയമത്തിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. സംഘർഷങ്ങളിൽ സമാധാനപരമായ പരിഹാരം, പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനുള്ള ശ്രമം, നയതന്ത്രം, ചർച്ച എന്നിവ പ്രധാനമാണ്. ആഗോള സമ്പദ്‌വ്യവസ്ഥയിലെ യുദ്ധത്തിന്റെ പ്രതികൂല ആഘാതം പരിഹരിക്കാനുള്ള ശ്രമത്തിൽ ഒന്നിക്കുകയും യുക്രെയ്‌നിൽ സമഗ്രവും നീതിപൂർവവും ശാശ്വതവുമായ സമാധാനത്തെ പിന്തുണയ്ക്കുന്ന പ്രസക്തവും ക്രിയാത്മകവുമായ നടപടികളെ സ്വാഗതവും ചെയ്യും. ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ല’’ – സംയുക്ത പ്രഖ്യാപനത്തിൽ പറയുന്നു.
കോവിഡിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന, വിശേഷിച്ച് വികസ്വര രാജ്യങ്ങളേയും കുറഞ്ഞ വികസിത രാജ്യങ്ങളേയും യുക്രൈന്‍ യുദ്ധം മോശമായി ബാധിച്ചുവെന്ന് പ്രസ്താവനയിലുണ്ട്. ആഗോള ഭക്ഷ്യ- ഊര്‍ജ്ജ സുരക്ഷ, വിതരണ ശൃംഖല, മാക്രോ ഫിനാന്‍ഷ്യല്‍ സ്ഥിരത, പണപ്പെരുപ്പം, വളര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട് യുക്രൈനിലെ യുദ്ധം കഷ്ടപ്പാടുകളും പ്രത്യാഘാതങ്ങളും ഉണ്ടാക്കിയിരിക്കുന്നുവെന്നും പ്രഖ്യാപനത്തിലുണ്ട്.
യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തി എന്ന് രേഖയില്‍ വേണമെന്നാണ് കഴിഞ്ഞ ഉച്ചകോടി മുതല്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യരാജ്യങ്ങളുടെ നിലപാട്. സംയുക്തപ്രഖ്യാപനത്തില്‍ ഇത്തരത്തിലുള്ള പരാമര്‍ശം പാടില്ലെന്നായിരുന്നു റഷ്യയുടേയും ചൈനയുടേയും ആവശ്യം. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാനുള്ള ഇന്ത്യന്‍ ശ്രമമാണ് വിജയിച്ചിരിക്കുന്നത്. പലതവണ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സമവായമുണ്ടായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം