നടനും സംവിധായകനുമായ ജി. മാരിമുത്തുവിന്റെ അപ്രതീക്ഷിത വേർപാടലിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. ടെലിവിഷന്‍ സീരിയലായ ‘എതിര്‍നീച്ചലി’ന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്ന മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇപ്പോഴിതാ അദ്ദേഹത്തെ അവസാനമായി കാണാൻ എത്തിയ സഹപ്രവർത്തകരുടെ വേദന നിറഞ്ഞ നിമിഷങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.
‘എതിർനീച്ചൽ’ എന്ന സീരിയലിന്റെ അണിയ പ്രവർത്തകരെല്ലാം അദ്ദേഹത്തെ ഒരുനോക്ക് കാണുവാനായി ചെന്നൈയിലെ വസതിയിൽ എത്തിയിട്ടുണ്ട്. നടി കനിഹ ഉൾപ്പടെയുള്ളവർ സങ്കടത്താൽ വിങ്ങിപ്പൊട്ടി. കനിഹയും എതിർനീച്ചൽ എന്ന പരമ്പരയിൽ അഭിനയിക്കുന്നുണ്ട്. എതിര് നീച്ചല്‍ എന്ന സീരിയലില്‍ മാരിമുത്തു അവതരിപ്പിച്ചിരുന്ന ഗുണ ശേഖരന് എന്ന കഥാപാത്രം ടിവി പ്രേക്ഷകര്‍ക്കിടിയില്‍ ഏറെ പ്രചാരം നേടിയിരുന്നു.
2008-ൽ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തി. 2014-ൽ പുലിവാൽ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. രാജ് കിരണിന്റെ അസിസ്റ്റന്റ് ഡയറക്ടറായി അരന്മനൈ കിളി, എല്ലാമേ എൻ റാസാദാനെ തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചു. ആദ്യ കാലത്ത് മണിരത്നം, വസന്ത്, സീമാൻ, എസ്ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായും മാരിമുത്തു പ്രവർത്തിച്ചിട്ടുണ്ട്.
967ൽ തമിഴ്നാട്ടിലെ തേനിയിലാണ് ജനനം. സിനിമാ സ്വപ്നവുമായി 1990 ല്‍ തേനിയില്‍ നിന്ന് ചെന്നൈയിലെത്തി. ഹോട്ടലില്‍ വെയിറ്ററായി വര്‍ഷങ്ങളോളം ജോലി ചെയ്തു. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പരിചയപ്പെട്ടത് സിനിമയിലേക്കുള്ള ചവിട്ടുപടിയായി. 1999ൽ വാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. മിഷ്കിൻ സംവിധാനം ചെയ്ത ‘യുദ്ധം സെയ്’ എന്ന ചിത്രത്തിലെ അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് അഭിനയത്തിൽ മാരിമുത്തുവിന് വഴിത്തിരിവാകുന്നത്.
പിന്നീട് ആരോഹണം, നിമിൻന്തുനിൽ, കൊമ്പൻ തുടങ്ങി നിരവധി സിനിമകളിൽ പൊലീസ് ഉദ്യോഗസ്ഥനായി വേഷമിട്ടു. ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും മാരിമുത്തു അരങ്ങേറ്റം കുറിച്ചിരുന്നു. 2021 ൽ ധനുഷിനും അക്ഷയ് കുമാറിനുമൊപ്പം ഹിന്ദി ചിത്രമായ അത്രൻഗി രേയിലും അഭിനയിച്ചു. വിക്രം, മായോൻ, അരുവ സണ്ട, കണ്ണൈ നമ്പാതെ, തീര കാതൽ എന്നിവയാണ് ഈ അടുത്ത് മാരിമുത്തുവിന്റേതായി റിലീസ് ചെയ്ത സിനിമകൾ.
ഇന്ത്യന്‍ 2 വിലും ഒരു പ്രധാന വേഷത്തിൽ മാരിമുത്തു അഭിനയിക്കുന്നതിനിടയിലാണ് അപ്രതീക്ഷതമായ ഈ വിടവാങ്ങൽ. സൂര്യയുടെ ‘കങ്കുവ’ എന്ന ചിത്രത്തിലും മാരിമുത്തു അഭിനയിക്കുന്നുണ്ടായിരുന്നു. ഭാഗ്യ ലക്ഷ്മിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. അഖിലൻ, ഐശ്വര്യ എന്നാണ് മക്കളുടെ പേരുകൾ.