കൊച്ചി: ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജിനെ റിമാൻ്റ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാൻ്റ ചെയ്തത്. പ്രതി ക്രിസ്റ്റൽ രാജിനെതിരെ പോക്സോ, ബലാത്സംഗം, ഭവനഭേദനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതിയെ 7 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. കസ്റ്റഡി അപേക്ഷ പോക്സോ കോടതി തിങ്കളാഴ്ച പരിഗണിക്കും.
മോഷണം നടത്താനാണ് പ്രതി കുട്ടിയുടെ വീട്ടിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. മോഷണ കേസിൽ ജയിൽ വാസം കഴിഞ്ഞ്, ആഴ്ചകൾക്ക് മുന്നേയാണ് പ്രതി പുറത്തിറങ്ങിയത്. പ്രതിയുടെ മുൻകാല കുറ്റകൃതങ്ങളുടെ നിര പൊലീസ് പരിശോധിച്ച് വരികയാണ്. രണ്ട് ദിവസം മുന്നേയാണ് ആലുവയിൽ എത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആലുവയിലെ ഇതര സംസ്ഥാനക്കാരായ രണ്ട് സുഹൃത്തുക്കളെ കാണാൻ എത്തിയതാണെന്നും മൊഴിയിലുണ്ട്. ഇവരെ കേന്ദ്രീകരിച്ചും പൊലീസിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്.
പെൺകുട്ടിയെ പീഡിപ്പിച്ചത് ക്രിസ്റ്റൽരാജ് ഒറ്റയ്ക്കാണെന്നാണ് കണ്ടെത്തൽ. കേസിൽ മറ്റു പ്രതികൾ ഇല്ല. മോഷണ ശ്രമത്തിനിടയിലാണ് പീഡനം നടന്നത് ആലുവ റൂറൽ എസ് പി വിവേക് കുമാർ വ്യക്തമാക്കി. മോഷണത്തിനായാണ് പ്രതി ക്രിസ്റ്റൽ രാജ് കുട്ടിയുടെ വീട്ടിൽ കയറിയത്. ഇതിനിടയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയിരുന്നു.
പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രതിയുമായി വീണ്ടും വിശദമായ തെളിവെടുപ്പ് നടത്തും. ക്രിസ്റ്റൽ രാജിനെതിരെ പെരുമ്പാവൂർ പൊലീസ് പുതിയ കേസും എടുത്തിരുന്നു. ഈ മാസം മൂന്നിന് പെരുമ്പാവൂരിലെ ഒരു വീട്ടിൽ നിന്ന് മൊബൈൽ മോഷ്ടിച്ചുവെന്ന പരാതിയിലാണ് ഇയാൾക്കെതിരെ മറ്റൊരു കേസ് എടുത്തത്.
തിരുവനന്തപുരം ചെങ്കൽ സ്വദേശിയാണ് പ്രതിയായ ക്രിസ്റ്റൽ രാജ്. സിസിടിവി ദൃശ്യങ്ങളിലുളള പ്രതിയെ നാട്ടുകാർ തിരിച്ചറിഞ്ഞിരുന്നു. ആലുവ ചാത്തന്‍പുറത്താണ് എട്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുന്ന കുട്ടിയെ തട്ടികൊണ്ടുപോവുകയായിരുന്നു. നാട്ടുകാരും പ്രദേശവാസികളും പൊലീസും കുട്ടിയെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് അക്രമി കുഞ്ഞിനെ ഉപേക്ഷിച്ചുപോകുകയായിരുന്നു.
പുലർച്ചെ രണ്ട് മണിയോടെയാണ് കുട്ടിയുടെ കരച്ചിൽ കേട്ടതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഒരാൾ കുഞ്ഞുമായി പോകുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ജനലിലൂടെ നോക്കിയപ്പോൾ ചോരയൊലിപ്പിച്ച നിലയിലായിരുന്നു പെൺകുട്ടി. തുടർന്ന് വീട്ടുകാരേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു.