കോഴിക്കോട്: നിലമ്പൂർ എംഎല്‍എ പി.വി.അന്‍വറിന്റെ പക്കലുള്ള 15 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാമെന്നു താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഭൂപരിധി നിയമം മറികടക്കാനായി അന്‍വര്‍ ക്രമക്കേട് കാട്ടിയെന്നാണ് ഓതറൈസഡ് ഓഫിസറുടെ റിപ്പോര്‍ട്ട്.
ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാനായി രേഖ നിര്‍മിച്ചു. പിവിആര്‍ എന്റര്‍ടെയിന്‍മെന്റ് എന്ന പേരില്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാനാണെന്നും കണ്ടെത്തിയിട്ടുണ്ട്. അന്‍വറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം തുടങ്ങിയതില്‍ ചട്ടലംഘനമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കക്ഷികള്‍ക്ക് ആക്ഷേപം അറിയിക്കാന്‍ ഏഴു ദിവസം അനുവദിച്ചിട്ടുണ്ട്.
മിച്ചഭൂമി കേസില്‍ താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്‍റെ നടപടികള്‍ തുടങ്ങിയ ശേഷം പി വി അന്‍വറിനെതിരെ വരുന്ന ഏറ്റവും ഗുരുതരമായ കണ്ടെത്തലുകളാണ് ഓതറൈസ്ഡ് ഓഫീസര്‍ ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ഭൂപരിഷ്കരണ നിയമം മറികടക്കാനായി പങ്കാളിത്ത നിയമവും സ്റ്റാംപ് നിയമവും അന്‍വറും കുടുംബവും ലംഘിച്ചുവെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ഉളളടക്കം.
കക്കാടംപൊയിലിലെ വിവാദമായ പീവീയാര്‍ എന്റര്ടെയ്ന്മെന്റ് എന്ന പാര്‍ക്ക് ഉള്‍പ്പെടുന്ന സ്ഥാപനം അന്‍വര്‍ തന്‍റെയും ഭാര്യയുടെയും പേരിലുള്ള പങ്കാളിത്ത സ്ഥാപനമാക്കി മാറ്റിയത് ഭൂപരിഷ്കരണ നിയമം മറികടക്കാനായി ബോധപൂര്‍വം ചെയ്തതാണെന്ന് അനുമാനിക്കാമെന്ന് ഓതറൈസ്ഡ് ഓഫീസറുടെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.
പീവീയാര്‍ എന്റര്ടെയ്ന്മെന്റ് എന്ന സ്ഥാപനം അന്‍വര്‍ ഭാര്യ അഫ്സത്ത് എന്നിവര്‍ മാത്രം അടങ്ങുന്നതും 1932 ലെ പാര്‍ട്‍ണര്‍ഷിപ്പ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്തതുമാണ്. ഇതില്‍ പാര്‍ട്ണര്‍ഷിപ്പ് ഫേമിലെ പാര്‍ട്‍ണര്‍മാര്‍ തമ്മില്‍ എഴുതി തയ്യാറാക്കിയ പാര്‍ട്‍ണര്‍ഷിപ്പ് ഡീഡിന് വേണ്ടി ഉപയോഗിച്ച 5000രൂപയുടെ മുദ്രപത്രം കരേറിലേര്‍പ്പെട്ട വ്യക്തികളായ അന്‍വറിന്‍റെയോ അഫ്സത്തിന്‍റെയോ പേരില്ല മറിച്ച് ഇതില്‍ കക്ഷിയല്ലാത്ത മറ്റ് രണ്ട് പേരുടെ പേരിലാണ് വാങ്ങിയത്. കേരള സ്റ്റാംപ് ആക്ട് സെക്ഷന്‍ 30ന് വിരുദ്ധമായ ഈ പ്രവൃത്തി താലൂക്ക് ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ ചമച്ച രേഖയായി കണക്കാക്കവുന്നതാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പി.വി. അൻവറിനെതിരായ മിച്ചഭൂമി കേസിന്റെ നടപടികൾ ഹൈക്കോടതിയിൽ മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തു വന്നത്. അൻവറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായി പരാതിക്കാരനായ പി.വി. ഷാജി ലാന്‍ഡ് ബോർഡിനു കൂടുതൽ തെളിവുകൾ കൈമാറി. 34.37 ഏക്കർ ഭൂമിയുടെ രേഖകളാണ് കൈമാറിയത്. നേരത്തെ 12.46 ഏക്കർ അധികഭൂമിയുടെ രേഖകൾ ഇവർ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധികമുള്ളതായി കണ്ടെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം