ന്യൂഡല്‍ഹി: ഡി.എം.കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ നടത്തിയ സനാത ധര്‍മ പരാമര്‍ശത്തില്‍ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരാമര്‍ശത്തിന് തക്കതായ മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരോട് നിര്‍ദേശിച്ചു. ജി20 സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിസഭയോഗത്തിലാണ് പ്രധാനമന്ത്രി മന്ത്രിമാർക്ക് നിർദ്ദേശം നൽകിയത്.
വസ്തുതകൾ നിരത്തി സനാതന ധർമത്തിനെതിരായ പ്രചാരണങ്ങളെ ചെറുക്കാനാണ് പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്.
‘ചരിത്രത്തിലേക്കു പോകേണ്ടതില്ല. ഭരണഘടന പ്രകാരമുള്ള വസ്തുതകളിൽ ഉറച്ചു നിൽക്കുക. വിഷയത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചും സംസാരിക്കണം’ – പ്രധാനമന്ത്രി പറഞ്ഞു.
സനാതന ധര്‍മം ഉന്മൂലനം ചെയ്യപ്പെടണമെന്ന ഉദയനിധിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച ഉദയനിധി, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പ്രസിഡന്റ് ദ്രൗപദി മുര്‍മുവിനെ ക്ഷണിക്കാത്തത് സനാതന ധര്‍മത്തിലെ ജാതിവിവേചനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും ബുധനാഴ്ച വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ മോദിയുടെ പ്രതികരണം.
ഹിന്ദു മതത്തിന് എതിരായല്ല തന്റെ പ്രസ്താവനയെന്നും സനാതന ധര്‍മത്തിന്റെ ജാതിവിവേചനം പോലുള്ള സമ്പ്രദായങ്ങള്‍ക്കെതിരെയാണ് താന്‍ പറഞ്ഞതെന്നും ഉദയനിധി വ്യക്തമാക്കിയിരുന്നു. അതിനിടെ പരാമര്‍ശം വംശഹത്യയ്ക്കുള്ള ആക്രമണമാണെന്ന് ആരോപണം ഉയരുകയും മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ഉദയനിധിക്കെതിരേ കേസെടുക്കുകയും ചെയ്തു. അതേസമയം തന്റെ പരാമര്‍ശങ്ങളുടെ പേരില്‍ ഏത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്ന് ഉദയനിധി സ്റ്റാലിന്‍ ബുധനാഴ്ചയും ആവര്‍ത്തിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം