ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശ്രീ. രാംനാഥ് കോവിന്ദിന്റെ ബഹ്റൈൻ സന്ദർശനത്തോടനുബന്ധിച്ചുള്ള അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തിയായി. ശ്രീനാരായണ സമൂഹത്തിന്റെ ഭാഗമായി നടത്തുന്ന വിവിധങ്ങളായ ആഘോഷപരിപാടികളുടെ അണിയറയിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (SNCS), ഗുരുദേവ സോഷ്യൽ സൊസൈറ്റി (GSS), ഗുരു സേവാ സമിതി (ബഹ്റൈൻ ബില്ലവാസ്) എന്നീ പ്രമുഖ സംഘടനകളാണ്. വ്യവസായ പ്രമുഖനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ശ്രീ. കെ ജി ബാബുരാജനാണ് രക്ഷാധികാരി.
ശ്രീനാരായണ ഗുരുവിന്റെ 169-ാം തിരുജയന്തിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കാനാണ് രാഷ്ട്രപതി എത്തുന്നത്. പ്റ്റംബർ 7 മുതൽ 9 വരെയാണ് ഗുരു ജയന്തിയോടനുബന്ധിച്ചുള്ള പരിപാടികൾ നടക്കുക. ‘സംസ്കാരങ്ങളുടെ സംഗമം മാനവമൈത്രിക്ക്’ എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ബഹ്റൈൻ രാജ്യത്തോടും, രാജകുടുംബത്തോടും, വിശിഷ്യാ ബഹ്റൈൻ സമൂഹത്തോടുമുള്ള ആദരവ് പ്രകടിപ്പിച്ചു കൊണ്ടുള്ള മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ബൃഹത്തായ ഗുരു ജയന്തി ആഘോഷങ്ങളാണ് ബഹ്റൈൻ ശ്രീനാരായണ സമൂഹം കാഴ്ചവയ്ക്കുന്നത്.
സെപ്റ്റംബർ ആറിന് ബഹ്റൈനിലെത്തുന്ന ശ്രീ. രാംനാഥ് കോവിന്ദ് 7, 8, 9 എന്നീ ദിവസങ്ങളിൽ ബഹ്റൈനിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. സെപ്റ്റംബർ 7 വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് റാഡിസൺ ബ്ലൂ ഹോട്ടൽ, ഗ്രാൻഡ് അംബാസഡർ ബാൾറൂം ഹാളിൽ നടക്കുന്ന അത്താഴവിരുന്നിൽ മുഖ്യാതിഥിയായ മുൻ രാഷ്ട്രപതിയോടൊപ്പം, ബഹ്റൈനിലെയും ഇന്ത്യയിലെയും മന്ത്രിമാർ, ഇന്ത്യൻ അംബാസിഡർ, ലുലു ഗ്രൂപ്പ് ചെയർമാൻ ശ്രീ. എം. എ. യൂസഫലി, ബഹറിനിലെ മറ്റു പ്രമുഖ ബിസിനസ് സംരംഭകർ, വ്യക്തിത്വങ്ങൾ, സംഘടനാ തലവന്മാർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുക്കും.
Also Read : അദാനിയുമായുള്ള കരാർ സർക്കാരുമായുള്ളതാക്കാൻ നീങ്ങി ശ്രീലങ്ക
സെപ്റ്റംബർ 8 വെള്ളിയാഴ്ച്ച വൈകിട്ട് 6:30-ന് ഇന്ത്യൻ സ്കൂൾ, ഇസാ ടൗൺ അങ്കണത്തിൽ ‘ട്രിബ്യൂട്ട് ടു ബഹ്റൈൻ’ എന്ന പ്രധാന പൊതുപരിപാടിയിൽ ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദിനൊപ്പം കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, ബഹ്റൈൻ മന്ത്രിമാർ, വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. എം. എ. യൂസഫ് അലി എന്നിവർ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ, മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും ആദരണീയരുമായ ശിവഗിരി മഠം പ്രസിഡൻറ് ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമികൾ, ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ. ശുഭകാനന്ദസ്വാമികൾ തുടങ്ങിയവർ അനുഗ്രഹ ആശംസകൾ നടത്തും. കൂടാതെ ഇന്ത്യൻ അംബാസിഡർ എക്സലൻസി വിനോദ് കെ ജേക്കബ്, ബഹ്റൈനിലെയും ഇന്ത്യയിലെയും ഉന്നത ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, സാമൂഹിക സംഘടനാ പ്രതിനിധികൾ, കുടുംബാംഗങ്ങൾ തുടങ്ങിയവരും പങ്കെടുക്കും. വേദിയിൽ പ്രശസ്ത സിനിമാ താരം നവ്യാ നായരുടെ നൃത്തവും ശ്രീനാരായണ സമൂഹം ഒരുക്കുന്ന കലാവിരുന്നുകളും ഉണ്ടായിരിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം