തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ക്ഷണിച്ച ടെൻഡർ തുറന്നപ്പോൾ കരാറിൽ താൽപര്യം പ്രകടിപ്പിച്ചത് അദാനി പവറും ഡിബി പവറും. 5 വർഷത്തേക്ക് 403 മെഗാവാട്ട് വൈദ്യുതി നൽകുന്നതിനുള്ള കരാറിനായി അദാനി വാഗ്ദാനം ചെയ്തത് യൂണിറ്റിന് 6.90 രൂപയും ഡിബി പവറിന്റേത് യൂണിറ്റിന് 6.97 രൂപയും. ചർച്ചകൾക്കൊടുവിൽ യൂണിറ്റിന് 6.88 രൂപയ്ക്ക് വൈദ്യുതി നൽകാമെന്ന് ഇരു കമ്പനികളും സമ്മതിച്ചു.
403 മെഗാവാട്ടിന്റെ കരാറിൽ 303 മെഗാവാട്ട് അദാനി പവറും ശേഷിക്കുന്നത് ഡിബി പവറും നൽകും. റഗുലേറ്ററി കമ്മിഷന്റെ അനുമതി ലഭിച്ചാൽ കരാറുമായി മുന്നോട്ടുപോകുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.
വൈദ്യുതി ബോർഡിനു പ്രതിദിനം 5 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കുന്നതാണു പുതിയ കരാറെങ്കിലും ഈ വൈദ്യുതി ലഭിച്ചാൽ മാത്രമേ ലോഡ് ഷെഡിങ് ഒഴിവാക്കാൻ കഴിയൂ. ടെൻഡറുകൾ ഉറപ്പിച്ചാലും വൈദ്യുതി ലഭിക്കാൻ അടുത്ത മാസമാകും. അതുവരെ ഉയർന്ന നിരക്കിൽ വിപണിയിൽനിന്ന് വൈദ്യുതി വാങ്ങേണ്ടിവരും. ഉയർന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്നത് ഭാവിയിൽ വൈദ്യുതി നിരക്ക് വർധനയ്ക്കും കാരണമാകാം.
നിലവിൽ ശരാശരി 9 രൂപ നിരക്കിലാണ് പ്രതിസന്ധി തീർക്കാൻ പ്രതിദിന പവർ എക്സേചേഞ്ചിൽ നിന്നും വൈദ്യുതി വാങ്ങുന്നത്. എന്നാൽ റദ്ദാക്കിയ കരാറിനെ അപേക്ഷിച്ച് പുതിയ തുക വളരെ കൂടുതലാണ്. ആര്യാടൻ മുഹമ്മ് വൈദ്യുതി മന്ത്രിയായിരിക്കെ ഉണ്ടാക്കിയ കരാർ അനുസരിച്ച് മൂന്ന് കമ്പനികളാണ് 465 മെഗാവാട്ട് നൽകി വന്നത്. 115 മെഗാവാട്ട് 4 രൂപ 11 പൈസക്കും 350 മെഗാ വാട്ട് 4 രൂപ 29 പൈസക്കുമായിരുന്നു നൽകിയിരുന്നത്.
നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരിൽ ഈ കരാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ വലിയ പ്രതിസന്ധിയുടെ പ്രധാന കാരണം. അന്ന് കരാറിലേർപ്പെട്ട് മൂന്ന് കമ്പനികളും ഹ്രസ്വകാല കരാറിൽ പങ്കെടുത്തില്ല. റദ്ദക്കിയ കരാർ പുനസ്ഥാപിക്കാനുള്ള നീക്കവും വിജയിച്ചിട്ടില്ല. പുതിയ കരാറിനൊപ്പം മഴ ശക്തമാകുമെന്ന മുന്നറിയിപ്പിലുമാണ് കെഎസ്ഇബി പ്രതീക്ഷ. അല്ലാത്ത പക്ഷം നിയന്ത്രണങ്ങളിലേക്ക് പോകേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.
https://www.youtube.com/watch?v=U9FzYSjzFrA
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം