ഓഫ് സീസൺ തുടങ്ങി കേരളത്തിലേക്ക് നിരക്ക് കുറഞ്ഞു; മടങ്ങാൻ നൽകണം അഞ്ചിരട്ടി

അബുദാബി: യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. വൺവേയ്ക്ക് 6000 രൂപയിൽ താഴെയാണ് (300 ദിർഹത്തിൽ താഴെ) ടിക്കറ്റ് നിരക്ക്.

ഇതേസമയം ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള വരണമെങ്കിൽ ഇപ്പോഴും ഇതിന്റെ അഞ്ചിരട്ടിയിലേറെ (30,000 രൂപയ്ക്കു മുകളിൽ) തുക നൽകണം. ഇത്ര നൽകിയാലും നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റില്ലാത്തതിനാൽ കണക്‌ഷൻ വിമാനത്തിൽ മണിക്കൂറുകളോളം യാത്ര ചെയ്യണം.

also read.. കക്കാടംപൊയിലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരണം; ഒരാള്‍ക്ക് പരുക്ക്

മധ്യവേനൽ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 3000 ദിർഹം വരെ (67,500 രൂപ) ഈടാക്കിയിരുന്ന ടിക്കറ്റിനാണ് 300 ദിർഹത്തിൽ താഴെയായത്.

കേരളത്തിലേക്ക് താരതമ്യേന നിരക്കു കൂടുതലുള്ള ഷാർജ–കണ്ണൂർ സെക്ടറിൽ ഇന്നലെ 285ദിർഹമായിരുന്നു (6418 രൂപ) നിരക്ക്. ഇനി നവംബർ അവസാനം വരെ ഓഫ് സീസണായതിനാൽ ഈ നിരക്കു തുടരും. ബാഗേജ് അലവൻസ് കൂട്ടി കേരളത്തിലേക്കു യാത്രക്കാരെ ആകർഷിക്കുകയാണ് വിമാനക്കമ്പനികൾ. നാലംഗ കുടുംബത്തിന് 1200 ദിർഹത്തിന് നാട്ടിലേക്കു പോകാം.

ഇതേസമയം കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള നിരക്ക് 30,000 രൂപയ്ക്കു മുകളിലാണ്. ചില വിമാനങ്ങളിൽ 70,000 രൂപ വരെ വാങ്ങുന്നുണ്ട്. യാത്ര അബുദാബിയിലേക്കാണെങ്കിൽ നിരക്ക് അൽപംകൂടി വർധിക്കും. നാലംഗ കുടുംബത്തിനു തിരിച്ചുവരാൻ 1.2 മുതൽ 2.8 ലക്ഷം രൂപ വരെ വേണം.

മധ്യവേനൽ അവധിക്കു നാട്ടിലേക്കു പോയ കുടുംബങ്ങൾ മുഴുവനും തിരിച്ചെത്തിയിട്ടില്ല. ഓണം നാട്ടിൽ ആഘോഷിച്ച ശേഷം ചിലർ മടങ്ങിയെങ്കിലും ടിക്കറ്റ് കുറയുന്നതും നോക്കിയിരിക്കുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്.

ഡിസംബറിൽ ഗൾഫിലെ സ്കൂളുകൾക്ക് 3 ആഴ്ചത്തെ ശൈത്യകാല അവധിയുണ്ട്. കൂടാതെ ക്രിസ്മസ്, പുതുവർഷ അവധികളും ചേർത്ത് നാട്ടിലേക്കു പോകുന്നവരുടെ എണ്ണം കൂടുമെന്നതിനാൽ നിരക്കും കൂടും.