മൊബൈല്‍ ഫോണ്‍ തൊട്ട് എയര്‍ കണ്ടീഷനര്‍ വരെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ അതിനൊപ്പം ചില ലഘുലേഖകള്‍ കൂടി കിട്ടാറില്ലേ? ‘കാറ്റലോഗ്’ എന്ന ഓമനപ്പേരുള്ള യൂസര്‍ മാന്വല്‍ ആണത്. ഗൃഹോപകരണങ്ങള്‍ക്കൊപ്പം മാത്രമല്ല ബൈക്കിനും കാറിനും കളിപ്പാട്ടങ്ങള്‍ക്കും കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേറുകള്‍ക്കും ചില മരുന്നുകള്‍ക്കൊപ്പം വരെ യൂസര്‍ മാന്വല്‍ ലഭിക്കുന്നുണ്ട്. ഉത്പന്നം എങ്ങനെ ഉപയോഗിക്കണമെന്നും അതിനുണ്ടാകുന്ന ചെറുതകരാറുകള്‍ എങ്ങനെ പരിഹരിക്കണമെന്നുമൊക്കെ ചിത്രങ്ങളുടെ സഹായത്തോടെ തെളിമയുളള ഇംഗ്ലീഷില്‍ വിശദീകരിക്കുന്നു യൂസര്‍ മാന്വലുകള്‍. ഫോട്ടോഷോപ്പ് പോലുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെ യൂസര്‍ മാന്വല്‍ പല ഭാഗങ്ങളിലായി വിഭജിച്ച് അത്തരം പ്രോഗ്രാമുകള്‍ക്കൊപ്പം തന്നെ ഉള്‍ക്കൊള്ളെിച്ചിട്ടുണ്ട്. കൊച്ചുകുട്ടികള്‍ക്ക് പോലും വായിച്ചു മനസിലാക്കാന്‍ കഴിയുന്നത്ര എളുപ്പമുളള രചനാശൈലിയാണ് യൂസര്‍ മാന്വലുകളുടെ പ്രത്യേകത. ഇംഗ്ലീഷിലാണ് തൊണ്ണൂറു ശതമാനം യൂസര്‍ മാന്വലുകളും തയ്യാറാക്കുകയെങ്കിലും അടുത്തകാലത്തായി മലയാളം അടക്കമുളള പ്രാദേശികഭാഷകളിലും യൂസര്‍ മാന്വലിറക്കാന്‍ കമ്പനികള്‍ ശ്രമിക്കുന്നു.
എന്താണീ ടെക്‌നിക്കല്‍ റൈറ്റിങ്
ഈ യൂസര്‍ മാന്വലുകളെല്ലാം ആരാണ് കുത്തിയിരുന്ന് എഴുതിത്തയ്യാറാക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആ വഴിക്ക് കൂടുതലായി ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്താല്‍ ടെക്‌നിക്കല്‍ റൈറ്റിങ് എന്ന കരിയര്‍ സാധ്യതയെക്കുറിച്ച് മനസിലാകും. ടെക്‌നിക്കല്‍ റൈറ്റര്‍മാര്‍ എന്നൊരു പ്രത്യേക വിഭാഗം എഴുത്തുകാരാണ് ഈ യൂസര്‍ മാന്വലുകള്‍ എഴുതിയുണ്ടാക്കുന്നത്. സാങ്കേതികജ്ഞാനം തീരെയില്ലാത്ത സാധാരണക്കാര്‍ക്ക് പോലും സാങ്കേതികകാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുക എന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നവരാണവര്‍.
യൂസര്‍ മാന്വലുകള്‍ എഴുതിയുണ്ടാക്കുക മാത്രമല്ല ടെക്‌നിക്കല്‍ റൈറ്ററുടെ ജോലി. പ്രോജക്ട് റിപ്പോര്‍ട്ടുകള്‍, ഇന്‍സ്ട്രക്ഷന്‍ ആന്‍ഡ് ഇന്‍സ്റ്റലേഷന്‍ ഗൈഡുകള്‍, ഗ്രാഫിക്കല്‍ പ്രസന്റേഷനുകള്‍, ബ്രോഷറുകള്‍ എന്നിവയെല്ലാം തയ്യാറാക്കേണ്ടത് ടെക്‌നിക്കല്‍ റൈറ്ററുടെ ജോലിയാണ്. തങ്ങളുടെ ഉത്പന്നങ്ങളുടെ ഉപയോഗക്രമം ഉപയോക്താക്കളിലേക്കെത്തിക്കാന്‍ എല്ലാ കമ്പനികള്‍ക്കും ടെക്‌നിക്കല്‍ റൈറ്ററുടെ സഹായം കൂടിയേ തീരൂ. ഓരോ ഉത്പന്നത്തിന്റെയും സാങ്കേതിക വിശദാംശങ്ങളും അതിന്റെ ചെറുഘടകങ്ങളുടെ പ്രവര്‍ത്തനങ്ങളും അറിഞ്ഞിരുന്നാല്‍ മാത്രമേ ടെക്‌നിക്കല്‍ റൈറ്റര്‍ക്ക് അക്കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വിശദീകരിച്ചുകൊടുക്കാനാവൂ. അതുകൊണ്ട് ഉത്പന്നങ്ങളുടെ നിര്‍മാണഘട്ടം തൊട്ട് ടെക്‌നിക്കല്‍ റൈറ്ററുടെ ശ്രദ്ധ പതിയണം. പല സോഫ്റ്റ്‌വേര്‍ കമ്പനികളും പ്രോഗ്രാമുകള്‍ നിര്‍മിക്കാനായി രൂപവത്കരിക്കുന്ന ടീമുകളില്‍ ഒരു ടെക്‌നിക്കല്‍ റൈറ്ററുമുണ്ടാകും. പ്രോഗ്രാമുകളുടെ ഓരോ നിര്‍മാണ ഘട്ടം പൂര്‍ത്തിയാകുമ്പോഴും അതിന്റെ വിശദാംശങ്ങളും ഉപയോഗരീതികളും ടെക്‌നിക്കല്‍ റൈറ്റര്‍ എഴുതിവെക്കും. അങ്ങനെ പ്രോഗ്രാമിന്റെ നിര്‍മാണം പൂര്‍ണമായി കഴിയുമ്പോള്‍ യൂസര്‍ മാന്വലിന്റെ രചനയും പൂര്‍ത്തിയാകും.
കൈയില്‍ വേണ്ടത്
എല്ലാ എഴുത്തുകാര്‍ക്കും രചനാപാടവം വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ നല്ലൊരു ടെക്‌നിക്കല്‍ റൈറ്ററാകാന്‍ രചനാപാടവം മാത്രം പോരാ. അതീവദുര്‍ഗ്രഹമായ സാങ്കേതികവസ്തുതകള്‍ സാധാരണക്കാരന് പോലും മനസിലാകുന്ന രീതിയില്‍ എഴുതേണ്ട ജോലിയാണ് ടെക്‌നിക്കല്‍ റൈറ്ററുടേത്. ഇംഗ്ലീഷ് നന്നായി എഴുതാനും സംസാരിക്കാനുമറിയേണ്ടത് ഏറ്റവും അത്യാവശ്യമാണ്. നല്ല ആശയവിനിമയശേഷിയും ഗവേഷണത്തിലുളള താത്പര്യവും ഇവര്‍ക്ക് േവണം. പുതിയൊരു ഉത്പന്നത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കാനായി ധാരാളം പുസ്തകങ്ങളെയും ഇന്റര്‍നെറ്റിനെയും ആശ്രയിക്കേണ്ടിവരും. ആ ഉത്പന്നത്തിന്റെ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ച എഞ്ചിനിയര്‍മാരുമായും മറ്റ് സാങ്കേതികവിദഗ്ധന്‍മാരുമായും അഭിമുഖസംഭാഷണം നടത്തേണ്ടിവരും. അതിനൊക്കെ വേണ്ടി ധാരാളം യാത്രകളും നടത്തേണ്ടതുണ്ട്. എഞ്ചിനിയര്‍മാരുള്‍പ്പെടുന്ന വിദഗ്ധജോലിക്കാരുടെ ടീമിലാണ് ടെക്‌നിക്കല്‍ റൈറ്റര്‍ ജോലി ചെയ്യേണ്ടത്. അതത് മേഖലയിലെ സാങ്കേതിക കാര്യങ്ങളെക്കുറിച്ചുളള പ്രാഥമിക അറിവെങ്കിലും ടെക്‌നിക്കല്‍ റൈറ്റര്‍ നേടിയിരിക്കണം. ഇല്ലെങ്കില്‍ ഒരു ടീമായി പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ട് നേരിടും.
മള്‍ട്ടി-മീഡിയ പ്രസന്റേഷന്‍ തയ്യാറാക്കാനറിയുന്നവര്‍ക്ക് ടെക്‌നിക്കല്‍ റൈറ്റിങ് മേഖലയില്‍ ഏറെ ശോഭിക്കാനാകും. എഴുതിയുണ്ടാക്കുന്ന യൂസര്‍-മാന്വല്‍ കമ്പനിയുടെ വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥന്‍മാര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുക മള്‍ട്ടി-മീഡിയ പ്രസന്റേഷന്‍ വഴിയാണ്. അവരത് കണ്ട് അംഗീകാരം നല്‍കിയെങ്കില്‍ മാത്രമേ യൂസര്‍ മാന്വല്‍ പുറത്തിറങ്ങൂ. ഉത്പന്നത്തിന്റെ എല്ലാഘട്ടങ്ങളും പഠിച്ചതുകൊണ്ടോ അതെല്ലാം എഴുതിയതുകൊണ്ടോ ടെക്‌നിക്കല്‍ റൈറ്ററുടെ ജോലി പൂര്‍ത്തിയാകുന്നില്ലെന്നര്‍ഥം. എഴുതിയ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കമ്പനിയുടെ വിവിധ തലത്തിലുളള സാങ്കേതികവിദഗ്ധര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് അവരുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. അതിനായി പ്രസന്റേഷന്‍ കഴിവും നന്നായി സംസാരിക്കാനുളള പാടവവും ഇവര്‍ക്ക് വേണം.
എന്ത് പഠിക്കണം?
സാങ്കേതികവിഷയങ്ങള്‍ എഴുതാനും എഡിറ്റ് ചെയ്യാനും പ്രൂഫ് വായിച്ച് തെറ്റുതിരുത്താനും ടെ്ക്‌നിക്കല്‍ റൈറ്റിങ് കോഴ്‌സ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. മൈക്രോസോഫ്റ്റ് വേഡ്, പേജ്‌മേക്കര്‍, ഫ്രെയിംമേക്കര്‍, റോബ്‌ഹെല്‍പ്പ്, ഫ്രണ്ട്‌പേജ് എന്നീ സോഫ്റ്റ്‌വേര്‍ സംവിധാനങ്ങളും ഈ കോഴ്‌സിന്റെ ഭാഗമായി പഠിപ്പിക്കുന്നു. ഈ സോഫ്റ്റ്‌വേറുകളൊന്നും പഠിച്ചില്ലെങ്കിലും ടെക്‌നിക്കല്‍ റൈറ്റര്‍മാരാകാവുന്നതാണ്. ജോലി ലഭിച്ചതിന്‌ശേഷമുളള പരിശീലന കാലയളവില്‍ അതത് കമ്പനികള്‍ തന്നെ ഇത്തരം സോഫ്റ്റ്‌വേറുകളില്‍ ട്രെയിനിംഗ് നല്‍കും.
പത്രപ്രവര്‍ത്തനത്തില്‍ പോസ്റ്റ് ഗ്രാജ്വേഷനോ ഡിപ്ലോമയോ എടുത്തവരാണ് ടെക്‌നിക്കല്‍ റൈറ്റിങിലേക്ക് തിരിയുന്നവരില്‍ ഭൂരിഭാഗവും. ഇംഗ്ലീഷ് ലിറ്ററേച്ചര്‍, സയന്‍സ്, ഐ.ടി. വിഷയങ്ങളില്‍ ബിരുദമോ പി.ജിയോ എടുത്തവര്‍ക്കും ടെക്‌നിക്കല്‍ റൈറ്റര്‍മാരാകാവുന്നതാണ്. ഐ.ടി. മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് ടെക്‌നിക്കല്‍ റൈറ്റര്‍മാരായി പെട്ടെന്ന് പേരെടുക്കാനാവും. രാജ്യത്തെ അപൂര്‍വം ചില സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും മാത്രമേ ടെക്‌നിക്കല്‍ റൈറ്റിങില്‍ കോഴ്‌സ് നടത്തുന്നുള്ളൂ.
ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ടെക്‌നിക്കല്‍ റൈറ്റിങില്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. ചെന്നൈയിലെ സ്‌റ്റെല്ല മേരീസ് കോളേജും ടെക്‌നിക്കല്‍ റൈറ്റിങില്‍ ഹ്രസ്വകാല കോഴ്‌സ് നടത്തുന്നു.വിദേശത്ത് ഒട്ടേറെ സര്‍വകലാശാലകളും സ്ഥാപനങ്ങളും ടെക്‌നിക്കല്‍ റൈറ്റിങില്‍ ബിരുദ,സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഇതിന് പുറമെ ടെക്‌നിക്കല്‍ റൈറ്ററാകാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ കോഴ്‌സുകളും നിലവിലുണ്ട്.
പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിംബിയോസിസ് സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ലേണിങ് എന്ന സ്ഥാപനം വിദൂരവിദ്യാഭ്യാസ രീതിയില്‍ ടെക്‌നിക്കല്‍ റൈറ്റിങ് ഡിപ്ലോമ കോഴ്‌സ് നടത്തുന്നു. ഒരു വര്‍ഷം കാലാവധിയുള്ള കോഴ്‌സിന് ഡിഗ്രി പാസായവര്‍ക്ക് ചേരാം. 18,000 രൂപയാണ് കോഴ്‌സ് ഫീ. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.രെറഹ.ില േഎന്ന വെബ്‌സൈറ്റ് കാണുക.
ടെക്‌നിക്കല്‍ റൈറ്റിങ് അഥവാ ടെക്‌നിക്കല്‍ കമ്യൂണിക്കേഷന്‍ കോളേജ് തലത്തിലോ സര്‍വകലാശാലതലത്തിലോ പഠിക്കാനുളള സൗകര്യം നമ്മുടെ നാട്ടില്‍ കുറവാണ്. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ നടക്കുന്ന എം.സി.ജെ. കോഴ്‌സാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇവിടുത്തെ എം.സി.ജെ. കോഴ്‌സിലെ ഒരു ഓപ്ഷനല്‍ പേപ്പര്‍ ടെക്‌നിക്കല്‍ റൈറ്റിങിനെക്കുറിച്ചാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ നിന്ന് എം.സി.ജെ. പഠിച്ചിറങ്ങിയ നിരവധി പേര്‍ ബാംഗ്ലൂരിലും ചെന്നൈയിലുമുളള ബഹുരാഷ്ട്ര കമ്പനികളില്‍ ടെക്‌നിക്കല്‍ റൈറ്റര്‍മാരായി ജോലി നോക്കുന്നു. പ്രതിമാസം ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവര്‍ വരെ ഇവര്‍ക്കിടയിലുണ്ട്. കേരള സര്‍ക്കാരിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡവലപമെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയുടെ (സി-ഡിറ്റ്) ഓഫ് കാമ്പസ് സെന്ററായി കോഴിക്കോട് പ്രവര്‍ത്തിക്കുന്ന നിജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആര്‍ട്‌സ് ആന്‍ഡ് ടെക്‌നോളജിയില്‍ (നികാറ്റ്) ടെക്‌നിക്കല്‍ റൈറ്റിങ് ഡിപ്ലോമ കോഴ്‌സ് നടത്തുന്നുണ്ട്. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് ചേരാന്‍ ഡിഗ്രിയാണ് യോഗ്യത. ഫീസ് 60,000 രൂപ.
ജോലിസാധ്യതകള്‍ എവിടെയൊക്കെ?
ടെക്‌നിക്കല്‍ റൈറ്റിങ് കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങള്‍ കുറവായതുകൊണ്ടാകാം ഈ കോഴ്‌സ് പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം ജോലി ലഭിക്കുന്നുണ്ട് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വിദേശത്ത് നിന്നുള്ള ഔട്ട്‌സോഴ്‌സിങ് ഇടപാടുകള്‍ വ്യാപകമായയോടെ നാട്ടിലിരുന്ന് തന്നെ വിദേശകമ്പനികളുമായി ടെക്‌നിക്കല്‍ റൈറ്റിങ് ഇടപാടുകള്‍ നടത്താനാവും. ഇന്‍ഫോസിസ്, ടി.സി.എസ്, സണ്‍ മൈക്രോസിസ്റ്റംസ്, ഇന്‍ഫോടെക്ക് എന്നീ വമ്പന്‍ ഐ.ടി. കമ്പനികള്‍ എല്ലാ വര്‍ഷവും നിരവധി ടെക്‌നിക്കല്‍ റൈറ്റര്‍മാരെ റിക്രൂട്ട് ചെയ്യാറുണ്ട്. ജൂനിയര്‍ ടെക്‌നിക്കല്‍ റൈറ്ററായി ജോലിക്ക് ചേര്‍ന്ന ശേഷം ടെക്‌നിക്കല്‍ എഡിറ്റര്‍, ടെക്‌നിക്കല്‍ പ്രപ്പോസല്‍ റൈറ്റര്‍, ബിസിനസ് അനലിസ്റ്റ് ടെക്‌നിക്കല്‍ റൈറ്റര്‍, സീനിയര്‍ ടെക്‌നിക്കല്‍ റൈറ്റര്‍ എന്നിങ്ങനെ പടിപടിയായി സ്ഥാനക്കയറ്റം നേടാം.
ഇതിന് പുറമെ പരസ്യക്കമ്പനികള്‍, സോഫ്റ്റ്‌വേര്‍ വികസന സ്ഥാപനങ്ങള്‍, പത്രമാദ്ധ്യമങ്ങള്‍ എന്നിവിടങ്ങളിലും ടെക്‌നിക്കല്‍ റൈറ്റര്‍മാര്‍ക്ക് തൊഴിലവസരമുണ്ട്. തുടക്കക്കാര്‍ക്ക തന്നെ രണ്ട് ലക്ഷം രൂപയ്ക്കടുത്ത് വാര്‍ഷിക ശമ്പളം എല്ലാ കമ്പനികളും വാഗ്ദാനം െചയ്യുന്നുണ്ട്. നാല് വര്‍ഷം പ്രവൃത്തിപരിചയമുള്ള ടെക്‌നിക്കല്‍ റൈറ്റര്‍മാര്‍ക്ക് ആറ് ലക്ഷത്തിനും 12 ലക്ഷത്തിനുമിടയിലാണ് കമ്പനികള്‍ നല്‍കുന്ന വാര്‍ഷിക ശമ്പളം. ഒരു സ്ഥാപനത്തിന്റെയും കീഴില്‍ ജോലി ചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഫ്രീലാന്‍സായി പ്രവര്‍ത്തിക്കാനും ധാരാളം സാധ്യതകളുണ്ട്. മണിക്കൂറിന് ആയിരം രൂപയ്ക്ക് മേല്‍പ്പോട്ടാണ് ഫ്രീലാന്‍സ് ടെക്‌നിക്കല്‍ റൈറ്റര്‍മാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം