ഏകരൂപം എന്നതിന് സമത്വം എന്ന് അർത്ഥമില്ലെന്നും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിലൂടെ കേന്ദ്രം ലക്ഷ്യം വെക്കുന്നത് എന്താണെന്ന് വ്യക്തമാണെന്നും സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തിന്റെ കാര്യത്തിലാണ് കേന്ദ്രം ഏകീകൃതരൂപം കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നും യെച്ചൂരി ചോദിച്ചു.
സ്ത്രീകൾക്ക് തുല്യാവകാശം, ലിംഗനീതി, ലിംഗാവകാശം തുടങ്ങിയ വിഷയങ്ങളിൽ സി.പി.ഐ.എം നിരന്തരം പ്രചാരണം നടത്തിവരുന്നുണ്ട് എന്നാൽ, ഏകീകൃത സിവിൽ കോഡ് അതിൽനിന്നൊക്കെ വിഭിന്നമാണ്. ഏകരൂപം എന്നാൽ സമത്വമല്ല. എന്തിന്റെ കാര്യത്തിലുള്ള ഏകീകരണമാണ് ഭരണകൂടം ഉദ്ദേശിക്കുന്നതെന്നും യെച്ചൂരി ദി ക്വിന്റിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചു.
ക്രിസ്ത്യാനികൾക്കും സിഖുകാർക്കും പാഴ്സികൾക്കും യു.സി.സി ബാധകമല്ലെന്ന് പറയുന്നു. ഇത് തങ്ങൾക്ക് ബാധകമല്ലെന്ന് കേന്ദ്രത്തിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് അവർ പറയുന്നത്. പിന്നെ ഇത് ആർക്കാണ് ബാധകമാകുക, ആരാണ് ഇതിൽ പിന്നെ അവശേഷിക്കുന്നത്.
മുസ്ലിങ്ങൾ മാത്രം. ഇതിൽ നിന്ന് തന്നെ കേന്ദ്രത്തിന്റെ ഉദ്ദേശ്യം വ്യക്തമാണെന്നും യെച്ചൂരി പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനത്തിലെ ഒരു മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടതിന് ശേഷം പറഞ്ഞത് ആദിവാസികൾക്ക് ഏകീകൃത സിവിൽ കോഡ് ബാധകമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പ് നൽകിയെന്നാണ്.
ക്രിസ്ത്യാനികളല്ല, ആദിവാസികളല്ല, സിഖുകാരല്ല, പാഴ്സികളല്ല. അപ്പോൾ, ആരാണ്? അവശേഷിക്കുന്നത് മുസ്ലിങ്ങൾ മാത്രമാണ്. കേന്ദ്രത്തിന്റെ ആവശ്യം എന്താണെന്ന് ഇതിലൂടെ വ്യക്തമാണ്. 2024 വരെ ഈ ധ്രുവീകരണത്തിന് ഊന്നൽ നൽകാനാണ് അവർ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വ്യക്തമായ ഒരു കരട് രൂപരേഖ പോലും ഇല്ലാതെ അവർ ഈ വിഷയം ഉന്നയിക്കുന്നത്. നിങ്ങൾ ഒരു കരട് രൂപരേഖയെങ്കിലും മുന്നോട്ടുവെക്കൂവെന്നാണ് ഈ വിഷയത്തിൽ ഞങ്ങൾക്ക് പറയാനുള്ളത്.
മുസ്ലിം സമുദായത്തിൽ ബഹുഭാര്യാത്വം പോലുള്ളവ അവസാനിക്കുമെന്നാണല്ലോ ഏകസിവിൽ കോഡിന് വേണ്ടി വാദിക്കുന്നവർ പോലും പറയുന്നത്. സ്ത്രീകളുടെ അവകാശത്തെ മുൻനിർത്തിയാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. ഏകീകൃത സിവിൽ കോഡ് വഴി ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് താങ്കൾ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് നിയമപ്രകാരമുള്ള ബഹുഭാര്യാത്വം ഇതിനകം തന്നെ നിയമവിരുദ്ധമാണെ മാത്രമല്ല മുസ്ലീങ്ങൾക്കിടയിലുള്ളതിനേക്കാൾ ബഹുഭാര്യത്വം ഹിന്ദുക്കൾക്കിടയിൽ ഉണ്ടെന്നാണ് വിവിധ സെൻസസുകൾ സൂചിപ്പിക്കുന്നതെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി.
ഇനി ഈ വ്യക്തിനിയമങ്ങളും വ്യക്തിഗത രീതികളും പരിഷ്കരിക്കണമെന്നാണെങ്കിൽ അവരെ ഒരുമിച്ച് കൊണ്ടുവന്ന് അവരുമായി ഈ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണ് വേണ്ടതെന്നും അല്ലാതെ ഒരു സംഘർഷം ഉണ്ടാക്കുകയല്ല വേണ്ടതെന്നും യെച്ചൂരി പറഞ്ഞു.
പാർലമെന്റിൽ തങ്ങൾക്ക് അംഗബലം കുറവാണെങ്കിലും ജനകീയ സമരങ്ങളിലൂടെ ദേശീയ അജണ്ടയെ സ്വാധീനിക്കാൻ തങ്ങൾക്ക് സാധിക്കാറുണ്ടെന്നും യെച്ചൂരി
അഭിമുഖത്തിൽ പറഞ്ഞു. ഇടതുപക്ഷ പാർട്ടികളും അനുബന്ധ സംഘടനകളും പ്രഖ്യാപിച്ച കർഷക പ്രതിഷേധം അതിനൊരു ഉദാഹരണം മാത്രമാണെന്നും യെച്ചൂരി വ്യക്തമാക്കി.
ഇന്ത്യയിൽ എക്കാലത്തും വർഗീയമായൊരു അന്തർധാര സജീവമായിരുന്നെന്നും എന്നാൽ അന്ന് നാല് ചുവരുകൾക്കുള്ളിൽ പറഞ്ഞിരുന്ന കാര്യങ്ങൾ ഇപ്പോൾ പരസ്യമായി പറയുന്നു എന്നതാണ് വ്യത്യാസമെന്നും സീതാറാം യെച്ചൂരി പറഞ്ഞു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം