ന്യൂഡൽഹി: ചന്ദ്രോപരിതലത്തിൽ പരീക്ഷണങ്ങൾ നടത്തുന്ന ചന്ദ്രയാൻ 3 ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ ‘സ്വാഭാവിക’ പ്രകമ്പനം കണ്ടെത്തിയതായി ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രനിലെ പ്രകമ്പനങ്ങൾ കണ്ടെത്തുന്നതിനുള്ള ഇൽസ (ഇൻസ്ട്രുമെന്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി) ഓഗസ്റ്റ് 26നാണ് പ്രകമ്പനം രേഖപ്പെടുത്തിയതെന്നും ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു.
ചന്ദ്രനിലെത്തിക്കുന്ന ആദ്യത്തെ മൈക്രോ ഇലക്ട്രിക്കോ മെക്കാനിക്കല്‍ സിസ്റ്റംസ് ഉപകരണമാണ് ഐഎൽഎസ്എ. ചന്ദ്രനിലെ വിവിധങ്ങളായ പ്രകമ്പനം സംബന്ധിച്ച നിരീക്ഷണം നടത്തുന്നതിനുവേണ്ടി ലാന്‍ഡറില്‍ ഘടിപ്പിച്ച പരീക്ഷണോപകരണമാണിത്. ബെംഗളൂരുവി ലാണ് ഇത് വികസിപ്പിച്ചത്. നേരത്തേ മറ്റൊരു പരീക്ഷണോപകരണമായ ചാസ്തെ (ChaSTE) വഴി ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ താപനില സംബന്ധിച്ച നിരീക്ഷണം നടത്തിയിരുന്നു. ചന്ദ്രന്റെ മണ്ണില്‍ താഴേക്ക് പോകുംതോറും ചൂട് കുറഞ്ഞുവരുന്നതായി കണ്ടെത്തി. ചന്ദ്രന്റെ മണ്ണിന് മികച്ച താപ പ്രതിരോധ ശേഷിയുള്ളതായും ഇതുവഴി മനസ്സിലാക്കാനായി.
ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള കൂടുതൽ ശാസ്ത്ര വിവരങ്ങളും ദൃശ്യങ്ങളും ഐഎസ്ആർഒ പുറത്തുവിടുകയാണ്. റോവറിലെ രണ്ടാമത്തെ പേ ലോഡായ ആൽഫ പാർട്ടിക്കിൾ എക്സ് റേ സ്പെക്ട്രോമീറ്റർ ചന്ദ്രോപരിതലത്തിലെ സൾഫർ സാന്നിധ്യം ഉറപ്പിച്ചു. റോവറിലെ തന്നെ ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക് ഡൗൺ സ്പെക്ട്രോസ്കോപ്പ് എന്ന ഉപകരണം രണ്ട് ദിവസം മുമ്പ് മൂലക സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
ചന്ദ്രനിലെ സൾഫറിന്റെ ഉത്ഭവം എങ്ങനെയെന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കിട്ടേണ്ടത്. ലാൻഡറിലെ പ്രധാന പേ ലോഡുകളിൽ ഒന്നായ രംഭയിൽ നിന്നുള്ള വിവരങ്ങളും ഇസ്രൊ ഇന്ന് പുറത്തുവിട്ടിരുന്നു. ചന്ദ്രനിലെ പ്ലാസ്മ സാന്നിധ്യം പഠിക്കാനുള്ള ഉപകരണമാണ് ഇത്. ചന്ദ്രനിൽ പ്ലാസ്മ സാന്നിധ്യം കുറവാണെന്നാണ് രംഭയുടെ കണ്ടെത്തൽ.
റോവർ എപിഎക്സ്എസ് ഉപകരണം പ്രവർത്തിപ്പിക്കുന്നതിന്റെയും ദിശമാറി സഞ്ചരിക്കുന്നതിന്റെയും ദൃശ്യങ്ങളും ഇസ്രൊ ഇന്ന് പുറത്തുവിട്ടു. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയാണ് എപിഎക്സ്എസ് വികസിപ്പിച്ചത്. തിരുവനന്തപുരത്തെ സ്പേസ് ഫിസിക്സ് ലബോറട്ടറിയാണ് രംഭയ്ക്ക് പിന്നിൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം