കോഴിക്കോട്: ചന്ദ്രയാന്‍-3 ഇറക്കിയ സ്ഥലത്തിന് ശിവശക്തി പോയിന്‍റ് എന്ന് പേരിട്ടതിനെ പരിഹസിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കുമെന്നാണ് ചില ബി.ജെ.പി നേതാക്കളുടെ പ്രഖ്യാപനം. ശാസ്ത്രം മുന്നേറുന്നിടത്താണ് ഈ വിധത്തില്‍ അപമാനിക്കുന്ന രീതിയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. കോഴിക്കോട് നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ചന്ദ്രയാൻ 3 വലിയ നേട്ടമാണ്. നമുക്ക് അതിൽ അഭിമാനിക്കാം. ചന്ദ്രയാൻ ലാൻഡ് ചെയ്ത സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്നാണ് പ്രധാനമന്ത്രി പേരു നൽകിയത്. പിന്നാലെ ഒരു ബിജെപി നേതാവ് പറഞ്ഞിരിക്കുകയാണ് ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കണമെന്ന്. എന്തൊക്കെയാണിവർ പറയുന്നത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് പണ്ടേ പറയുന്നുണ്ട്. അതിലേക്കാണവർ ഹിന്ദുത്വ ആശയവുമായി നീങ്ങുന്നത്. ഇപ്പോൾ ശാസ്ത്രം വിജയിച്ചു മുന്നിൽ നിൽക്കുമ്പോൾ ബിജെപിയുടെ ഒരുകൂട്ടം എംപിമാരും എംഎൽഎമാരും അപമാനിക്കാനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
ഇന്ത്യയിലെവിടെയും സംഘപരിവാര്‍ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ നടക്കുന്ന സാഹചര്യമാണ്. മണിപ്പുര്‍ ഇന്ത്യയിലെവിടെയും നടക്കും. ഗുജറാത്തില്‍ പണ്ടേ നടന്നിട്ടുണ്ട്. സംഘപരിവാറിന് ഇന്ത്യയിലെ ഏത് സംസ്ഥാനങ്ങളിലും ജനങ്ങളെ വിഭജിക്കുന്നതിനുവേണ്ടിയുള്ള വര്‍ഗീയ ധ്രുവീകരണവുമായി ബന്ധപ്പെട്ട ആസൂത്രിതമായ നീക്കങ്ങള്‍ നടത്താനാവും. ഇതാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നം.
ബിജെപി നേതാക്കൾ പലതും വെറുതെ പറയുകയാണെന്ന് കരുതേണ്ട. പാർലമെന്റിൽ ചെങ്കോൽ സ്ഥാപിച്ചതും വെറുതെയല്ല. അതിനെല്ലാം പിന്നിൽ കൃത്യമായ അജൻഡയുണ്ട്. പാർലമെന്റ് ഉദ്ഘാടനത്തിന് ഇന്ത്യയുടെ രാഷ്ട്രപതിയില്ല, പക്ഷേ സന്യാസിമാരുണ്ട്. ജനാധിപത്യത്തേയോ മതേതരത്വത്തേയോ അംഗീകരിക്കാൻ തയാറാകാത്ത ഒരു പ്രത്യേക വിഭാഗമാണ് ഇവരെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം