ന്യൂഡല്‍ഹി: റെയില്‍വേ ബോര്‍ഡിന്റെ പുതിയ അധ്യക്ഷയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ജയ വര്‍മ സിന്‍ഹ നിയമിതയായി. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്.
ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസസിലെ ഓപ്പറേഷന്‍സ് ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് അംഗം ജയ വര്‍മ സിന്‍ഹയെ റെയില്‍വേ ബോര്‍ഡിന്റെ അധ്യക്ഷയും സിഇഒയുമായി നിയമിക്കുന്നതിനുള്ള ഉത്തരവ് ക്യാബിനറ്റിന്റെ അപ്പോയ്ന്റ്‌മെന്റ്‌സ് കമ്മിറ്റി (ACC) അംഗീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
അനില്‍ കുമാര്‍ ലഹോട്ടിയുടെ പിന്‍ഗാമിയായി സെപ്റ്റംബര്‍ ഒന്നിന് ജയ വര്‍മ സിന്‍ഹ ചുമതലയേല്‍ക്കും. 2024 ഓഗസ്റ്റ് 31 വരെയാണ് സേവനകാലാവധി. 2023 ഒക്ടോബറിലാണ് ജയ വര്‍മ സിന്‍ഹ വിരമിക്കേണ്ടതെങ്കിലും അതേദിവസം തന്നെ പുനര്‍നിയമനം നടത്തി പുതിയ പദവിയുടെ സേവനകാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കും.
അലഹബാദ് സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥിനിയായ ജയ വര്‍മ സിന്‍ഹ 1988-ലാണ് ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസില്‍ (IRTS) ല്‍ ജോലിയില്‍ പ്രവേശിക്കുന്നത്. നോര്‍തേണ്‍ റെയില്‍വേ, സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ, ഈസ്റ്റേണ്‍ റെയില്‍വേ എന്നീ സോണുകളിൽ സേവനമനുഷ്ഠിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം