ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എന്ന് പുനഃസ്ഥാപിക്കാനാകുമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞ് സുപ്രീംകോടതി. അതിന് ഒരു സമയപരിധിയോ റോഡ്മാപ്പോ നിശ്ചയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 370-ാം വകുപ്പുമായി ബന്ധപ്പെട്ട് ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കേന്ദ്രത്തോട് ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്.
ജമ്മു കശ്‌മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപവത്കരിച്ചത് താൽകാലികമാണെന്ന് കേന്ദ്ര സർക്കാറിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞിരുന്നു. ഇതിലാണ് കോടതിയുടെ പ്രതികരണം. ‘നിങ്ങൾക്ക് ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റാൻ കഴിയുമോ? ഒരു സംസ്ഥാനത്തിൽനിന്ന് ഒരു കേന്ദ്ര ഭരണ പ്രദേശം രൂപവത്കരിക്കാൻ കഴിയുമോ? എത്ര നാളുകളിലേക്കാണിത്? എന്നാണ് ജമ്മു കശ്‌മീരിൽ തെരഞ്ഞെടുപ്പ് നടത്താനാകുക? ജനാധിപത്യം പുനസ്ഥാപിക്കേണ്ടത് പരമപ്രധാനമാണ്’ -സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം, ലഡാക്ക് ഒരു കേന്ദ്രഭരണ പ്രദേശമായി തുടരുമെന്നും ഈ വര്‍ഷം സെപ്റ്റംബറോടെ അവിടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.
2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്‌മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയത്. ഒക്‌ടോബർ 31ന് ജമ്മു കശ്‌മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപവത്കരിച്ചു. അധികാര പദവി ഗവർണറിൽനിന്ന് ലഫ്. ഗവർണറിലേക്കു മാറി.
നടപടിക്കെതിരെ 21 ഹരജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണ് കേന്ദ്ര തീരുമാനമെന്നാണ് ഹരജികളിൽ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം