തൃശൂര്‍: തൃശൂർ ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ നിസാരമായി കാണാതെ ഉടന്‍ തന്നെ സമീപത്തെ ആരോഗ്യ കേന്ദ്രത്തില്‍ പോയി വിദഗ്ദ സഹായം തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
also read.. നിർമാണം ഒഴിപ്പിക്കാനെത്തിയ റവന്യു സംഘത്തെ തടഞ്ഞു
‘ വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണ് എച്ച് വണ്‍ എന്‍ വണ്‍. പനി, ജലദോഷം, ചുമ, തൊണ്ട വേദന, ശ്വാസ തടസം എന്നിവയാണ് സാധാരണ കാണുന്ന രോഗ ലക്ഷണങ്ങള്‍. തുടക്കത്തില്‍ തന്നെ ചികിത്സിക്കുകയാണെങ്കില്‍ പ്രശ്നം ഗുരുതരമാകാതെ ശ്രദ്ധിക്കാന്‍ സാധിക്കും. ഈ ലക്ഷണങ്ങള്‍ പ്രത്യേകിച്ച് ഗര്‍ഭിണികള്‍, പ്രായമായവര്‍, ചെറിയ കുട്ടികള്‍, മറ്റേതെങ്കിലും രോഗമുള്ളവര്‍ തുടങ്ങിയവരില്‍ കണ്ടാല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.
പലപ്പോഴും ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ നിസാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതു കൊണ്ടാണ് അപകടാവസ്ഥയില്‍ എത്തുന്നതും മരണം വരെ സംഭവിക്കുകയും ചെയ്യുന്നത്. ‘ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യ ചികിത്സയും ഒസല്‍ട്ടാമവീര്‍ എന്ന മരുന്നും ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചാല്‍ ഇളം ചൂടുള്ള കഞ്ഞി വെള്ളം പോലെയുള്ള പോഷക ഗുണമുള്ള പാനീയങ്ങളും പോഷക സമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കുവാനും പൂര്‍ണ്ണ വിശ്രമമെടുക്കുവാനും ശ്രദ്ധിക്കണം. പൊതു ഇടങ്ങളില്‍ മാസ്ക് ഉപയോഗിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ, മൂക്ക്, എന്നിവ തൂവാല കൊണ്ട് മറയ്ക്കുവാനും ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,