യു.പിയിൽ എട്ട് വയസുള്ള വിദ്യാർത്ഥിയെ മറ്റ് കുട്ടികളെ കൊണ്ട് മുഖത്തടിച്ച സംഭവത്തിൽ ന്യായീകരണവുമായി അധ്യാപിക. സംഭവത്തെ വർഗീയമായി ചിത്രീകരിക്കാനായി വീഡിയോ എഡിറ്റ് ചെയ്തതാണെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നും അധ്യാപിക ത്യാഗി പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. കുട്ടിയോട് കർശനമായി പെരുമാറണമെന്ന രക്ഷിതാക്കളുടെ സമർദം കാരണമാണ് അത്തരത്തിൽ പെരുമാറിയതെന്നും താൻ ഭിന്നശേഷിക്കാരി ആയതിനാലാണ് മറ്റ് കുട്ടികളെ കൊണ്ട് അടിപ്പിച്ചതെന്നും അവർ പറഞ്ഞു.
‘വൈറലായ വീഡിയോ എഡിറ്റും കട്ടും ചെയ്തതാണ്. വർഗീയ വിദ്വേഷം ഉണ്ടാക്കുക എന്ന ഉദ്ദേശം തനിക്കില്ല. ഇവിടെ മുസ്ലിങ്ങളും ഹിന്ദുക്കളും വളരെ ഐക്യത്തോടെയാണ് കഴിയുന്നത്. സ്കൂളിൽ കൂടുതലും മുസ്ലിം വിദ്യാർത്ഥികളാണുള്ളത്. അവനോട് കർശനമായി പെരുമാറണമെന്ന സമർദം രക്ഷിതാക്കളിൽ നിന്നും ഉണ്ടായിരുന്നു. രണ്ട് മാസമായി അവൻ ഹോം വർക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല. ഞാൻ ഭിന്നശേഷിക്കാരി ആയതിനാൽ എനിക്ക് എഴുന്നേൽക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് രണ്ട് മൂന്ന് വിദ്യാർത്ഥികളെ വെച്ച് അവനെ തല്ലിച്ചത്. അവൻ ഹോം വർക്ക് ചെയ്യാൻ വേണ്ടിയാണ് അടിപ്പിച്ചത്,’ അധ്യാപിക എൻ.എൻ.ഐയോട് പറഞ്ഞു. സംഭവത്തിൽ തനിക്ക് തെറ്റുപറ്റിയതായും ക്ഷമ ചോദിക്കുന്നുവെന്നും ത്യാഗി കൂട്ടിച്ചേർത്തു.
കുട്ടിയുടെ ബന്ധു ക്ലാസിൽ ഉണ്ടായിരുന്നതായും അവരാണ് വീഡിയോ പകർത്തിയതെന്നും ത്യാഗി പറഞ്ഞു. ഈ വീഡിയോ പിന്നീട്
വളച്ചൊടിക്കുകയായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ തെറ്റ് സമ്മതിക്കുന്നതായും എന്നാൽ ഇതിനെ വലുതാക്കി കാണിക്കേണ്ടതില്ലെന്നും അവർ പറഞ്ഞു. ചെറിയ കാര്യത്തെ വീഡിയോയിലൂടെ വലുതാക്കി കാണിക്കുകയായിരുന്നുവെന്നും ത്യാഗി പറഞ്ഞു.
അധ്യാപികയുടെ നിർദേശപ്രകാരം മുസ്ലിം വിദ്യാർത്ഥിയുടെ മുഖത്ത് ഓരോരുത്തരായി വന്ന് അടിക്കുന്നതും, കൂട്ടുകാരനെ അടിക്കുമ്പോൾ മനസുനൊന്ത വിദ്യാർത്ഥികളെ അധ്യാപിക ശകാരിച്ചു ഭയപ്പെടുത്തുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. അക്രമത്തിനിരയായി കുട്ടി മുസ്ലിം മത വിഭാഗത്തിൽപ്പെട്ട ക്ലാസിലെ ഏക വിദ്യാർത്ഥിയാണെന്നാണ് റിപ്പോർട്ടുകൾ. താൻ എല്ലാ മുസ്ലിം കുട്ടികളെയും അടിക്കുമെന്ന് അധ്യാപിക പറയുന്നതും പുറത്തുവന്ന വീഡിയോയിൽ കേൾക്കാം
അതേസമയം, കുട്ടിയോട് കർശനമായി പെരുമാറാൻ അധ്യാപികയോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ മറ്റ് കുട്ടികളെ കൊണ്ട് തല്ലിക്കുന്നതിനെ എതിർത്തിരുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ പിതാവിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷനും ദേശീയ ബാലാവകാശ കമ്മീഷനും അധ്യാപികക്കെതിരെ അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്. കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ഇവർ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിയെ അധ്യാപിക മറ്റ് വിദ്യാർത്ഥികളെ വെച്ച് മുഖത്തടിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നത്. അധ്യാപിക വിദ്യാർത്ഥിയെ ക്ലാസിൽ എണീറ്റ് നിർത്തിപ്പിക്കുകയും ബാക്കിയുള്ള കുട്ടികളോട് മുഖത്ത് അടിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം