മോസ്കോ: റഷ്യന്‍ കൂലിപ്പട്ടാളമായിരുന്ന വാഗ്നര്‍ ഗ്രൂപ്പിന്റെ മേധാവി യിവിജെനി പ്രിഗോഷിന് കൊല്ലപ്പെട്ടതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് നടത്തിയ ആദ്യ പ്രതികരണം, തനിക്കതില്‍ അദ്ഭുതമില്ലെന്നും വ്ളാദിമിര്‍ പുടിന് അറിയാതെ റഷ്യയില്‍ ഒന്നും നടക്കില്ലെന്നുമാണ്. പ്രിഗോഷിന്റെ കലാശ്രമം പരാജയപ്പെട്ടതിനു പിന്നാലെയും, പ്രിഗോഷിന് ഇനി പുറംലോകം കാണാന്‍ പോകുന്നില്ലെന്നും, കൊല്ലപ്പെടാതെ ശ്രദ്ധിക്കണമെന്നും ബൈഡന് പറഞ്ഞിരുന്നു.
also read.. 18 വര്‍ഷമായി തളര്‍ന്നു കിടക്കുന്ന സ്ത്രീ ഡിജിറ്റല്‍ അവതാറിലൂടെ സംസാരിച്ചു
പ്രിഗോഷിന്റെ മരണത്തിനുപിന്നില്‍ പുടിന്റെ പ്രതികാരമാണെന്ന സംശയമാണ് ഔദ്യോഗികമായി തന്നെ ബലപ്പെടുന്നത്. പ്രിഗോഷിന് സഞ്ചരിച്ച വിമാനത്തില്‍ അസാധാരണ സാഹചര്യമുണ്ടായതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 30 സെക്കന്‍ഡിനകമാണ് വിമാനം താഴേക്ക് കൂപ്പുകുത്തി തകര്‍ന്നുവീണതെന്ന് ഫൈ്ലറ്റ് ട്രാക്കിങ് വെബ്സൈറ്റുകളില്‍ വ്യക്തമാണ്. വിമാനത്തിനുനേരെ ആക്രമണം ഉണ്ടായെന്ന സൂചനയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു. ഇതു തന്നെയാണ് വാഗ്നര്‍ ഗ്രൂപ്പിന്റെയും ആരോപണം. റഷ്യന്‍ സൈന്യമാണ് വിമാനം വെടിവച്ചിട്ടതെന്ന് അവര്‍ പറയുന്നു.
മോസ്കോയില്‍നിന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്കുള്ള യാത്രക്കിടെ പ്രാദേശിക സമയം ബുധനാഴ്ച വൈകീട്ട് 6.19ഓടെയാണ് പ്രിഗോഷിന് അടക്കം 10 പേര് സഞ്ചരിച്ചിരുന്ന എംബ്രായര്‍ ലെഗസി 600 എക്സിക്യൂട്ടിവ് ജെറ്റ് തകര്‍ന്നുവീണത്. അതുവരെ പ്രശ്നങ്ങളൊന്നുമില്ലാതെ പറന്ന വിമാനം 30 സെക്കന്‍ഡിനകമാണ് 28,000 അടിയില്‍നിന്ന് 8000 അടിയിലേക്ക് കൂപ്പുകുത്തിയത്.
ജൂണില്‍ പുടിനെ വിറപ്പിച്ച കലപാ ശ്രമത്തിലൂടെയാണ് പ്രിഗോഷിന് ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. സൈനിക നീക്കത്തെ “പിന്നില്‍നിന്നുള്ള കുത്ത്’ എന്നാണ് പുടിന് വിശേഷിപ്പിച്ചത്. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകഷങ്കോ ഇടപെട്ട് നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവില്‍ കലാപ നീക്കം അവസാനിപ്പിച്ചു, വാഗ്നര്‍ ഗ്രൂപ്പിനും പ്രിഗോഷിനും മാപ്പ് കൊടുക്കാമെന്നും, എന്നാല്‍ ഗ്രൂപ്പ് പിരിച്ചുവിട്ട് പുടിന് ബലാറസിലേക്കു താമസം മാറ്റണമെന്നുമായിരുന്നു ഒത്തുതീര്‍പ്പ് ധാരണ. പ്രിഗോഷിന് ബെലറൂസില്‍ രാഷ്ട്രീയ അഭയവും നല്‍കിയിരുന്നു. ബെലറൂസിനും റഷ്യയ്ക്കുമിടയില്‍ ഇടയ്ക്കിടെ സഞ്ചരിക്കാന്‍ പ്രിഗോഷിന് ഉപയോഗിച്ച അതേ വിമാനമാണ് ഇപ്പോള്‍ തകര്‍ന്നുവീണത്.
ഇതിനിടെ, പഴയൊരു അഭിമുഖത്തില്‍ പുടിന് നടത്തിയ അഭിപ്രായപ്രകടനവും വൈറലായിട്ടുണ്ട്. നിങ്ങള്‍ ക്ഷമിക്കുന്നയാളാണോയെന്നായിരുന്നു പുടിനോടുള്ള ചോദ്യം. എന്നാല്‍, എല്ലാവരോടും ക്ഷമിക്കില്ലെന്നായിരുന്നു ചോദ്യത്തോടുള്ള പുടിന്റെ മറുപടി. എന്താണ് ക്ഷമിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്ന ചോദ്യത്തിന്, വഞ്ചനയാണ് അതെന്നായിരുന്നു പുടിന്റെ മറുപടി. 2018ലെ ഇന്റര്‍വ്യുവിലാണ് പുടിന്റെ പ്രസ്താവന.
|
|