ബംഗളൂരു: ലോക റെസ്ലിങ് കൂട്ടായ്മയിൽനിന്ന് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ(ഡബ്ല്യു.എഫ്.ഐ) പുറത്തായതിൽ പ്രതികരിച്ച് നടൻ പ്രകാശ് രാജ്.
‘ലജ്ജാകരം, പ്രധാന പാർട്ടിയുടെ എംപിയെ രക്ഷിക്കാനുള്ള വൃത്തികെട്ട രാഷ്ട്രീയമാണ് നമ്മളെ ഈ നിലയിലാക്കിയത്’, ഗുസ്തി ഫെഡറേഷനെതിരെയുള്ള ലോക റെസ്ലിങ് കൂട്ടായ്മയുടെ നടപടി പറയുന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ ട്വീറ്റ് പങ്കുവെച്ച് അദ്ദേഹം വിമർശിച്ചു.
‘കൃത്യമായി തെരഞ്ഞെടുപ്പ് നടത്താത്തതിനാൽ ലോക റെസ്‌ലിംഗ ബോഡി റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയെ സസ്‌പെൻഡ് ചെയ്തു. അടുത്ത മാസം നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മത്സരിക്കാനാകും. പക്ഷേ, ത്രിവർണ നിറത്തിലുള്ള പതാകയുണ്ടാകില്ല, ദേശീയ ഗാനം ആലപിക്കപ്പെടുകയും ചെയ്യില്ല. ഗുസ്തി നമ്മുടെ അഭിമാനമായിരുന്നു, പക്ഷേ ഇപ്പോഴത് അപമാനമാണ്’ രാജ്ദീപ് സർദേശായി എക്‌സില്‍ കുറിച്ചു.
യുനൈറ്റഡ് വേൾഡ് റെസ്ലിങ്(യു.ഡബ്ല്യു.ഡബ്ല്യു) ആണ് ഇന്ത്യൻ ഫെഡറേഷന്റെ അംഗത്വം റദ്ദാക്കിയത്. ഇതോടെ അടുത്ത ലോക ചാംപ്യൻഷിപ്പുകളിൽ ഇന്ത്യൻ താരങ്ങൾക്ക് ദേശീയപതാകയ്ക്കു കീഴിൽ മത്സരിക്കാനാകില്ല.
ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പീഡന പരാതിയുടെ കോളിളക്കം ഇനിയും അടങ്ങാത്ത സമയത്താണ് ഇരുട്ടടിയായി യു.ഡബ്ല്യു.ഡബ്ല്യുവിന്റെ നടപടി വരുന്നത്. കൃത്യസമയത്ത് തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാകാത്തതിനാലാണു നടപടി. അനിശ്ചിതകാലത്തേക്കാണ് അംഗത്വം റദ്ദാക്കിയത്. തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇല്ലെങ്കിൽ നടപടിയുണ്ടാകുമെന്നും യു.ഡബ്ല്യു.ഡബ്ല്യു നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു.
2023 ജൂണിലായിരുന്നു ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ, ബ്രിജ് ഭൂഷണിനെതിരായ ഗുസ്തി താരങ്ങൾ പരാതിയുമായി രംഗത്തെത്തിയതിനു പിന്നാലെ ഇതു നീളുകയായിരുന്നു. താരങ്ങൾ പ്രതിഷേധം കടുപ്പിച്ചിട്ടും ഫെഡറേഷൻ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതോടെ തെരഞ്ഞെടുപ്പും അനിശ്ചിതമായി നീളുകയായിരുന്നു. ഇതിനിടെ യു.ഡബ്ല്യു.ഡബ്ല്യു തെരഞ്ഞെടുപ്പ് നടത്താൻ 45 ദിവസത്തെ സമയം അനുവദിച്ചിരുന്നെങ്കിലും ഇതും ഫെഡറേഷൻ പാലിച്ചില്ല.
നിഷ്പക്ഷ താരങ്ങളായായിരിക്കും അടുത്ത ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾ അണിനിരക്കുക. ഒളിംപിക്‌സ് യോഗ്യതാ ടൂർണമെന്റ് കൂടിയാണിത്. സെപ്റ്റംബർ 16നാണ് ചാംപ്യൻഷിപ്പ് തുടങ്ങുന്നത്. അതേസമയം, സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പതാകയ്ക്കു കീഴിൽ താരങ്ങൾക്ക് അണിനിരക്കാനാകുമെന്നാണ് വിവരം. ഇന്ത്യൻ ഒളിംപിക് അസോസിയേഷനാണ് ഏഷ്യൻ ഗെയിംസിനുള്ള എൻട്രികൾ അയച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം