ടൂറിസ്റ്റ് ഗൈഡുമാരുടെ ചൂഷണങ്ങളെപ്പറ്റി വ്യാപക പരാതി: സഞ്ചാരികളെ രക്ഷിക്കാന്‍ നിബന്ധനകളുമായി പൊലീസ്

മൂന്നാർ: മൂന്നാറിലെ ടൂറിസ്റ്റ് ഗൈഡുമാരെ ഔദ്യോഗിക ഓവർകോട്ട് ധരിപ്പിക്കാൻ പൊലീസ്. ടൂറിസ്റ്റ് ഗൈഡുമാരുടെ ചൂഷണങ്ങളിൽ നിന്ന് വിനോദ സഞ്ചാരികളെ സംരക്ഷിക്കുന്നതിനായാണ് പൊലീസിന്റെ നടപടി. ഇനി മുതൽ ഗൈഡ് എന്ന് എഴുതിയ ഓവർ കോട്ടോടുകൂടിയ യൂണിഫോം ധരിച്ചു നിൽക്കുന്നവരെ മാത്രമേ ഗൈഡുമാരെന്ന നിലയിൽ സഞ്ചാരികളെ സമീപിക്കാനും സേവനങ്ങൾ നൽകാനും അനുവദിക്കുകയുള്ളൂ.

also read.. ഓണം സ്പെഷ്യല്‍ ഡ്രൈവ്: നടത്തിയത് 492 റെയ്ഡുകള്‍, വ്യാജമദ്യവും കഞ്ചാവും എംഡിഎംഎയും പിടികൂടി

കൂടാതെ മൂന്നാറില്‍ പൊലീസ് അനുവദിച്ച ഒന്‍പത് പോയിന്റുകളിൽ മാത്രമേ ഗൈഡുമാർക്ക് നിൽക്കാൻ അനുവാദമുള്ളു. ഒൻപതിടങ്ങളിലും ഗൈഡ് ബോർഡുകൾ  പൊലീസ് സ്ഥാപിക്കും. എല്ലാവരും യൂണിഫോമിനൊപ്പം പൊലീസ് നൽകുന്ന തിരിച്ചറിയൽ കാർഡും ധരിക്കണം. രാത്രി ഗൈഡായി നിൽക്കണമെങ്കിൽ പൊലീസ് സ്റ്റേഷനിലെത്തി അനുമതി വാങ്ങണം. പൊലീസ് തയാറാക്കുന്ന നിയമാവലി അനുസരിച്ചു വേണം ജോലിചെയ്യാൻ. മദ്യപിച്ചെത്തുന്ന ടൂറിസ്റ്റ് ഗൈഡുമാർക്കെതിരെ കർശന നടപടികളെടുക്കും. 

വാട്സാപ് വഴി അതത് സമയങ്ങളില്‍ പൊലീസ് നൽകുന്ന നിർദേശങ്ങൾ ടൂറിസ്റ്റ് ഗൈഡുമാ കർശനമായി പാലിക്കണം. നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാനും ഇന്നലെ നടന്ന ഗൈഡുമാരുടെയും പൊലീസിന്റെയും യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ ഡി.വൈ.എസ്.പി അലക്സ് ബേബി, എസ്.എച്ച്.ഒ രാജൻ കെ.അരമന, എസ്.ഐ  എം.കെ.നിസാർ, മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന 75 ടൂറിസ്റ്റ് ഗൈഡുമാർ എന്നിവർ പങ്കെടുത്തു. 

മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്ന് മുറിവാടക, ടാക്സി കൂലി തുടങ്ങിയ കാര്യങ്ങളിൽ വൻ തുക ഈടാക്കി ചൂഷണം ചെയ്യുന്നതായുള്ള വ്യാപക പരാതികൾ ഉയർന്നതോടെ ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ കർശന നിർദേശത്തെ തുടർന്നാണ് ഗൈഡുമാരുടെ അടിയന്തിര യോഗം വിളിച്ചത്.

Latest News