അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ എന്നുകേൾക്കുമ്പോഴെ മനസിലേക്ക് ഓടിയെത്തുന്ന പേരാണ് റോയൽ എൻഫീൽഡ് ഹിമാലയന്റേത്. വിപണിയിൽ ഇത്രയും ഹിറ്റായ മറ്റൊരു എഡിവി ബൈക്കില്ലെന്നു വേണമെങ്കിൽ പറയാം. റെട്രോ ക്ലാസിക് ബൈക്കുകൾ മാത്രം നിർമിച്ചിരിക്കുന്ന ബ്രാൻഡ് ഒന്നു വെറൈറ്റി പിടിക്കാനായാണ് പുതിയൊരു വിഭാഗത്തിലേക്ക് ഹിമാലയനെ കൊണ്ടുവന്നത്.അടുത്തിടെയായി മോഡലിന്റെ ടീസർ വീഡിയോകളിലൂടെ ഹൈപ്പ് കൊണ്ടുവരാനും റോയൽ എൻഫീൽഡിന് സാധിച്ചിട്ടുണ്ട്. 450 സിസി എഞ്ചിനോടായാവും ഇത്തവണ അഡ്വഞ്ചർ ടൂറർ ബൈക്ക് വരുന്നത് എന്നതാണ് പ്രധാന ഹൈലൈറ്റ്. ഒക്ടോബർ അവസാനത്തോടെ അല്ലെങ്കിൽ നവംബർ ആദ്യ ആഴ്ച്ചയിൽ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന ഹിമാലയൻ 450 പതിപ്പിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ.
എങ്കിലും ഈ പുതിയ ഹിമാലയൻ 450-യിലേക്ക് റോയൽ എൻഫീൽഡ് അവതരിപ്പിക്കുന്ന നിരവധി പുതിയ കാര്യങ്ങളുണ്ട്. മുൻവശത്ത് ഹൈ മൗണ്ടഡ് മഡ്‌ഗാർഡിനായി ഒരു പുതിയ ഡിസൈൻ കൊണ്ടുവന്നിരിക്കുന്നതാണ് ശ്രദ്ധേയം. മുൻവശത്തെ USD ഫോർക്ക് സസ്‌പെൻഷനും പുതിയതാണ്. ഇത് നിലവിലെ 411 മോഡലിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടാൻ സഹായിക്കുന്നുണ്ട്. കൂടാതെ, വിൻഡ്ഷീൽഡിന്റെ രൂപകൽപ്പന നിലവിലുള്ള മോഡലിൽ നിന്ന് തീർത്തും പുതുമയുള്ളതാണ്.ഹെഡ്‌ലൈറ്റ് വൃത്താകൃതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും എല്‍ഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റാണിത് എന്നത് ശ്രദ്ധേയമാണ്. ഇക്കാര്യങ്ങളെല്ലാം ബൈക്കിന് മോഡേൺ ടച്ച് നൽകും. ആധുനിക നിലവാരത്തിലേക്ക് കൊണ്ടുവരുന്ന മറ്റൊരു പ്രധാന ഡിസൈൻ വ്യത്യാസം കമ്പനി ട്യൂബുലാർ എക്സോസ്‌കെലിറ്റണിന് ഒരു ചെറിയ അപ്‌ഡേറ്റ് നൽകിയിട്ടുണ്ട് എന്നതാണ്. വീഴ്ചയില്‍ സംരക്ഷണം നല്‍കുന്നതിനായി ഒരു എക്‌സ്‌റ്റേണല്‍ കേജും കാണാനാവും.
റോയല്‍ എന്‍ഫീല്‍ഡ് ബാഡ്ജിംഗുമായാണ് ഈ കേജ് വരിക. എന്നാൽ ഇതിലെ എഴുത്തും പുതിയ ശൈലി സ്വീകരിച്ചിട്ടുണ്ടെന്നതും പുതുമ നൽകും. ഫ്യുവൽ ടാങ്കിന്റെ ആകൃതിയും ഒരു വലിയ ബൈക്കിന്റെ പ്രതീതിയാണ് ഹിമാലയൻ 450 പതിപ്പിന് സമ്മാനിക്കുന്നത്. ഇതിന്റെ ശേഷിയിലും വ്യത്യാസമുണ്ടാവും. ചിത്രങ്ങളിൽ നിന്ന് വ്യക്തമല്ലെങ്കിലും വരാനിരിക്കുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന് ഒരു പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഗേജ് ക്ലസ്റ്ററായിരിക്കും കമ്പനി അവതരിപ്പിക്കുക.പുതിയ ക്ലസ്റ്ററിന് പൂർണ്ണമായും പുതിയ ഇന്റർഫേസ് ഉണ്ടായിരിക്കും കൂടാതെ റൈഡിംഗ് അനുഭവം വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പുതിയ ഫീച്ചറുകളും അണിനിരത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ എൻഫീൽഡ് ബൈക്കുകളിൽ കണ്ടതിന് സമാനമായി വരാനിരിക്കുന്ന ഈ ബൈക്കിന്റെ ഹാൻഡിൽബാറിനൊപ്പം സ്വിച്ച് ഗിയറും പരിഷ്ക്കരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
എക്സ്ഹോസ്റ്റ് ഡിസൈനും പുതുമയുള്ളതാണെന്ന് ചിത്രങ്ങളിൽ ശ്രദ്ധിച്ചുകാണുമല്ലോ. സ്റ്റഡി ഗ്രാബ് റെയില്‍, ടൂറിംഗ് ആക്‌സസറികള്‍ക്കായുള്ള മൗണ്ടിംഗ് പോയിന്റുകള്‍, എഞ്ചിന്‍ ബാഷ് പ്ലേറ്റ് എന്നിവയും മറ്റ് സവിശേഷതകളായി എടുത്തു പറയാം. ഇനി എഞ്ചിനിലേക്ക് നോക്കിയാൽ ഒരു പുതിയ ലിക്വിഡ്-കൂൾഡ് 450 സിസി എഞ്ചിനാണ് റോയൽ എൻഫീൽഡ് ഹിമാലയൻ അഡ്വഞ്ചർ മോട്ടോർസൈക്കിളിന് തുടിപ്പേകാനായി എത്തുക.
ഈ 450 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ 40 bhp കരുത്തിൽ പരമാവധി 45 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായാവും എഞ്ചിൻ ജോടിയാക്കുക. പുതിയ മോഡലിന്റെ വില അറിയാനായിരിക്കും വാഹന പ്രേമികള്‍ കാത്തിരിക്കുന്നത്. കെടിഎം 390 അഡ്വഞ്ചർ X, ബിഎംഡബ്ല്യു G310 GS, ട്രയംഫ് സ്‌ക്രാംബ്ലർ 400X എന്നിവയോട് മത്സരിക്കാനെത്തുന്ന എൻഫീൽഡ് അഡ്വഞ്ചര്‍ ബൈക്കിന് 2.60 ലക്ഷമാവും എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം