ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡിനോട് മുട്ടാനെത്തിയ കൊമ്പനായിരുന്നു ഹോണ്ട ഹൈനസ് CB350. ക്ലാസിക് ബ്രാൻഡിന് ഇന്നേ വരെ കണ്ടതിൽ വെച്ച് ലഭിച്ച ഏറ്റവും ശക്തനായ എതിരാളിയായിരുന്നു ഈ ജാപ്പനീസ് മെഷീൻ. ആളെക്കൂട്ടാൻ പണ്ടേ മിടുക്കരായ ഹോണ്ട ഇക്കാര്യത്തിൽ വിജയിക്കുകയും ചെയ്‌തു. കമ്പനിയുടെ ബിഗ് വിംഗ് പ്രീമിയം ഡീലർഷിപ്പിലൂടെ മാത്രം വിറ്റിരുന്ന ഹൈനലിന് തുടക്കകാലത്ത് കാര്യമായി ശോഭിക്കാനായില്ല.കാരണം പ്രീമിയം ഡീലർഷിപ്പുകളുടെ അഭാവം തന്നെയായിരുന്നു. എന്നാൽ പിന്നീട് പതിയെ വിപുലീകരിച്ച് ഇന്ന് എല്ലാ നഗരങ്ങളിലും ബൈക്ക് എത്തിക്കാൻ ഹോണ്ടക്കായി. അതോടെ ക്ലാസിക് 350 എൻഫീൽഡ് മോഡലിനൊപ്പം വളരാനും ഹൈനസ് CB350 എന്ന മിടുക്കനായി. ഇന്ന് റോഡിലിറങ്ങിയാൽ ക്ലാസിക് കാണുന്നതിനേക്കാൾ കൂടുതൽ ഹോണ്ടയുടെ ഈ ജാപ്പനീസ് ബൈക്കിനെ കാണാനാവും എന്നതാണ് യാഥാർഥ്യം. അങ്ങനെ വിപണിയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ മോഡലിലേക്ക് പുതിയൊരു തന്ത്രം കൂടി അവതരിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്.
ഓഫറിന്റെ ഭാഗമായി പുതിയ ഹൈനസ് CB350 അല്ലെങ്കിൽ CB350RS മോട്ടോർസൈക്കിളുകൾ വാങ്ങുന്ന ആദ്യത്തെ 10,000 ഉപഭോക്താക്കൾ ഒരു ചെലവും കൂടാതെ ഈ എക്സ്റ്റൻഡഡ് വാറണ്ടി സ്വന്തമാക്കാനാവും. 2023 ഓഗസ്റ്റ് 8 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ ശ്രദ്ധേയമായ സംരംഭം ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ഹോണ്ട ബൈക്കുകൾക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുകയാണ് ഇതിലൂടെ കമ്പനി ഉന്നംവെക്കുന്നത്.എക്‌സ്റ്റെൻഡഡ് വാറണ്ടി പ്ലസ്’ പ്രോഗ്രാമിന് കീഴിൽ ഉപഭോക്താക്കൾക്ക് സമഗ്രമായ 10 വർഷത്തെ വാറണ്ടി കവറേജ് തെരഞ്ഞെടുക്കാം. വാഹനം വാങ്ങിയ തീയതി മുതൽ 91 ദിവസം മുതൽ 9 വർഷം വരെയുള്ള ഒരു കവറേജ് വിൻഡോ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഈ പ്രോഗ്രാം വരും ദിവസങ്ങളിൽ ശ്രദ്ധനേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉടമസ്ഥാവകാശത്തിൽ മാറ്റം വന്നാലും ഈ വാറണ്ടി കൈമാറ്റം ചെയ്യാവുന്നതാണെന്നും ഹോണ്ട പറയുന്നു.ചെലവ് കുറഞ്ഞ ഉടമസ്ഥത അനുഭവങ്ങൾ, റെഗുലർ മെയിന്റനെൻസിലൂടെ വാഹനത്തിന്റെ ദീർഘായുസ്, സമാനതകളില്ലാത്ത ഉപഭോക്തൃ സംതൃപ്തി എന്നിവ ഉറപ്പാക്കുകയാണ് ഹോണ്ടയുടെ ലക്ഷ്യം. ഇനി എക്‌സ്റ്റെൻഡഡ് വാറണ്ടി പ്ലസ് പ്രോഗ്രാമിന്റെ കാതൽ അതിന്റെ സമഗ്രമായ കവറേജിലാണ്. നിർണായകമായ ഉയർന്ന മൂല്യമുള്ള എഞ്ചിൻ ഘടകങ്ങളും അവശ്യ മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഭാഗങ്ങളും ഇതിന്റെ കീഴിൽ വരുന്നുണ്ട്.
ഉപഭോക്താക്കൾക്ക് അനുയോജ്യമായ മൂന്ന് ഓപ്ഷനുകളിൽ നിന്ന് ഇത് തെരഞ്ഞെടുക്കാനുമാവും. അതിൽ 7-ാം വർഷം വരെയുള്ള വാഹനങ്ങൾക്ക് 3 വർഷത്തെ പോളിസി, അവരുടെ 8-ാം വർഷത്തിലെ വാഹനങ്ങൾക്ക് 2 വർഷത്തെ പോളിസി, 9-ാം വർഷത്തിലുള്ളവർക്ക് ഒരു വർഷത്തെ പോളിസി എന്നിങ്ങനെയാണ് ഈ ഓപ്ഷനുകൾ. ഇത് എല്ലാ ഹൈനസ്, CB350RS മോട്ടോർസൈക്കിളുകൾക്കും 1,30,000 കിലോമീറ്റർ വരെ കവറേജ് നൽകുന്നു.നേരത്തെ ഈ ബൈക്കുകൾ വാങ്ങിയവർക്കും 10 വർഷ വാറണ്ടി പാക്കേജ് ഇനിയും സ്വന്തമാക്കാനാവും. ഹൈനസ് അല്ലെങ്കിൽ CB350 ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള അംഗീകൃത ഹോണ്ട ബിഗ്‌വിംഗ് ഡീലർഷിപ്പിൽ നിന്ന് ഈ സേവനം ലഭിക്കും. 5,321 രൂപ മുതലാണ് എക്‌സ്റ്റെൻഡഡ് വാറണ്ടി, എക്‌സ്റ്റെൻഡഡ് വാറന്റി പ്ലസ് പ്രോഗ്രാമുകൾ വാങ്ങാനാവുക. എന്നാൽ അവരുടെ വാഹനം വാങ്ങിയ വർഷത്തെ അടിസ്ഥാനമാക്കിയാണ് വിലനിർണയ ഘടന രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Also Read;പെരുമ്പാവൂരിൽ വിദ്യാർത്ഥികളിൽ നിന്ന് ലഹരിമരുന്ന് പിടികൂടി
നിലവിൽ റോയൽ എൻഫീൽഡ് 350 സിസി ബൈക്കുകളുമായായിരുന്നു ഹോണ്ട ഹൈനസ് ശ്രേണിയുടെ മത്സരമെങ്കിലും അടുത്തിടെ ട്രയംഫ് സ്പീഡ് 400, സ്ക്രാംബ്ലർ 400 X എന്നിവയും ഹാർലി ഡേവിഡ്‌സൺ X440 റോഡ്സ്റ്ററും കൂടി എത്തിയതോടെ മത്സരം കനത്തിട്ടുണ്ട്. ഇതിനോട് അനുബന്ധിച്ച് വിൽപ്പന പിന്നാക്കം പോവാതിരിക്കാനുള്ള ഹോണ്ടയുടെ നിർണായക ചുവടുവെപ്പാണ് ഈ വാറണ്ടി സ്‌കീമുകൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം