പണ്ടത്തെ ഇതിഹാസ സ്‌കൂട്ടറിന്റെ പേരുമായെത്തി വിപണിയിൽ തരംഗം സൃഷ്‌ടിക്കാനായ ചേതക് കേരളത്തിൽ അത്ര സുലഭമല്ലെങ്കിലും മറ്റ് മെട്രോ നഗരങ്ങളിലെയെല്ലാം നിറസാന്നിധ്യമാണ് ഈ ഇവി. ആഭ്യന്തര വിപണിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ പതിയ ക്ലച്ചുപിടിച്ചുവരുന്ന സമയത്ത് പുറത്തിറങ്ങിയ മോഡലായിരുന്നു ഇത്.2019-ൽ അവതാരപ്പിറവിടെയുത്ത ചേതക് ഇവി ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വാഹന വിപണിക്ക് പ്രീമിയം മുഖം സമ്മാനിക്കുകയുണ്ടായി. ഏകദേശം നാല് വർഷങ്ങൾക്ക് മുമ്പ് വിപണിയിലെത്തിയെങ്കിലും ഓലയെ പോലെ പ്രചാരം നേടാനാവാത്തത് എന്തുകൊണ്ടാണെന്ന് ചിലരെങ്കിലും ഇപ്പോൾ ഓർക്കുന്നുണ്ടാവാം അല്ലേ. രാജ്യത്തെ പ്രധാന നഗരങ്ങളിൽ മാത്രമാണ് ബ്രാൻഡ് ചേതക് ഇവിയെ തുടക്ക കാലത്ത് വിപണനത്തിന് എത്തിച്ചത്. പിന്നെ വൈദ്യുത വാഹനങ്ങൾ നിർമിക്കാനുള്ള ബജാജിന്റെ പരിമിതകളും തടസമായി.
ചേതക് ഇവിക്ക് വില അൽപം കൂടതലല്ലേയെന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ ഈ സംശയങ്ങളെയെല്ലാം കാറ്റിൽപ്പറത്തികൊണ്ട് വാഹനത്തിന്റെ വിലയിൽ വലിയ കുറവ് വരുത്തിയിരിക്കുകയാണ് ബജാജ്. സ്റ്റാൻഡേർഡ്, പ്രീമിയം വേരിയന്റുകളിൽ വാങ്ങാനാവുന്ന സ്‌കൂട്ടറിന് ഇപ്പോൾ 1.30 ലക്ഷം രൂപയാണ് പ്രാരംഭ വില.അതായത് മുമ്പുണ്ടായിരുന്ന 1.52 ലക്ഷം രൂപയിൽ നിന്നും 22,000 രൂപയോളം കുറഞ്ഞുവെന്ന് സാരം. വിപണിയിലെ പ്രധാന എതിരാളികളായ ഏഥർ 450X, ഓല S1 പ്രോ Gen 2 എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളേക്കാൾ വില കുറവിൽ ബജാജ് ചേതക് ഇവി ഇപ്പോൾ സ്വന്തമാക്കാമെന്നത് ശരിക്കും ശ്രദ്ധേയമായ കാര്യമാണ്. ഇവയ്ക്ക് യഥാക്രമം 1.38 ലക്ഷം രൂപയും 1.47 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.എതിരാളികളായ ഓലയും ഏഥറും അവരുടെ കൂടുതൽ താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടർ മോഡലുകൾ പുറത്തിറക്കിയ സമയത്താണ് സുപ്രധാനമായ നീക്കവുമായി കമ്പനി എത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 3kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ചേതക്ക് ഇവിയിൽ പ്രവർത്തിക്കുന്നത്.
3.8kWh PMS മോട്ടോറുമായി എത്തുന്ന ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് 5.3 bhp കരുത്തിൽ പരമാവധി 20 Nm torque വരെ വികസിപ്പിക്കാനാവും. ഇത് ഇക്കോ മോഡിൽ 90 കിലോമീറ്ററും സ്‌പോർട്‌സ് മോഡിൽ 80 കിലോമീറ്ററും റൈഡിംഗ് റേഞ്ചാണ് അവകാശപ്പെടുന്നത്. 5A ഹോം സോക്കറ്റുകൾക്കൊപ്പം ഉപയോഗിക്കാവുന്ന 230V പോർട്ടബിൾ ചാർജറാണ് സ്കൂട്ടറിൽ ഉപയോഗിക്കുന്നത്. ഇതുവഴി നാല് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാനും സാധിക്കും.ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുമായി ഇലക്ട്രിക് സ്കൂട്ടർ വരുന്നില്ലെന്നത് ഒരു വലിയ പോരായ്‌മയായി നിഴലിക്കുന്നുണ്ട്. 3-ഫേസ് പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ റിയർ വീൽ ഡ്രൈവുമായി എത്തുമ്പോൾ സിംഗിൾ സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. ചേതക് ഇവിയുടെ ബാറ്ററി പായ്ക്കിന് ഏഴ് വർഷമോ 70,000 കിലോമീറ്ററോ ആയുസ് ഉണ്ടായിരിക്കുമെന്നാണ് ബജാജ് അവകാശപ്പെടുന്നത്.ഓൾ-മെറ്റൽ ബോഡി നിർമാണം തന്നെയാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനെ വിപണിയിൽ വേറിട്ടു നിർത്തുന്ന മറ്റൊരു ഘടകം. പൂർണ എൽഇഡി ലൈറ്റിംഗ് സെറ്റപ്പുമായി വരുന്ന മോഡലിന്റെ മുൻവശത്തുള്ള ഡേടൈം റണ്ണിംഗ് ലാമ്പ് ഒരു കുതിരപ്പടയുടെ ആകൃതിയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. രണ്ട് റൈഡിംഗ് മോഡുകൾ കൂടാതെ, ഒരു റിവേഴ്സ് മോഡും വാഹനത്തിന്റെ പ്രത്യേകതയാണ്. ഹിൽ ഹോൾഡ് അസിസ്റ്റും റോൾ-ഓവർ ഡിറ്റക്ഷനും ചേതക്കിൽ ഉണ്ട്.
Also Read;ഗവിയിൽ വനം വാച്ചറെ മർദ്ദിച്ച് അവശനാക്കിയ സംഭവം: മൂന്ന് വനം വികസന കോർപറേഷൻ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ഒരു യുഎസ്ബി ചാർജറും സ്മാർട്ട് കീ ഉള്ള കീലെസ് ഓപ്പറേഷനും ഫീച്ചർ നിരയിൽ തലയെടുപ്പോടെ നിൽക്കുന്നു. ഓവർ-ദി-എയർ അപ്‌ഡേറ്റുകൾക്കൊപ്പം 4G കണക്റ്റിവിറ്റിയും ആൻഡ്രോയിഡിലും iOS-ലും ലഭ്യമായ മൈ ചേതക് ആപ്ലിക്കേഷനും സ്‌കൂട്ടറിനൊപ്പം കമ്പനി നൽകുന്നുണ്ട്. സ്വിച്ച് ഗിയർ ബാക്ക്‌ലൈറ്റും സോഫ്റ്റ് ടച്ചുമാണ്. സീറ്റിനടിയിലെ സ്റ്റോറേജ് 18 ലിറ്ററാണ്. അതേസമയം ഗ്ലൗബോക്സ് സ്റ്റോറേജ് 4 ലിറ്റർ ശേഷിയുമുണ്ട്.ടിവിഎസ് ഐക്യൂബ്, ഏഥർ 450X, ഓല S1 പ്രോ എന്നിവയാണ് ഇവി വിപണിയിലെ ബജാജിന്റെ പ്രധാന എതിരാളികൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം