ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇന്ന് പലരുടേയും മോഹങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു. പോക്കറ്റിൽ പെട്രോൾ കാശ് ഇരിക്കുമല്ലോ എന്നതാണ് അതിന്റെ കാരണം. കാറുകളിലും പോലും ലഭിക്കാത്തത്ര ഫീച്ചറുകളും കുത്തിനിറച്ചാണ് ഇവയുടെ വരവ് എന്നതും പലരേയും ആകർഷിക്കുന്ന കാര്യമാണ്. നിലവിൽ ഓലയും ഏഥറും പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകളുടെ കുത്തകയാണ് ഈ സെഗ്മെന്റ് എങ്കിലും ഹീറോ, ടിവിഎസ്, ബജാജ് പോലുള്ള ടൂവീലർ വമ്പൻമാരും ഇവിടെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.ഐക്യൂബിലൂടെ ഇലക്‌ട്രിക് സ്‌കൂട്ടർ വിഭാഗത്തിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയവരാണ് ടിവിഎസ്. സമാനതകളില്ലാത്തൊരു ഇവിയാണ് ഐക്യൂബ് എന്ന് നിസംശയം പറയാം. മികച്ച നിർമാണ നിലവാരവും അതിനൊത്ത റേഞ്ചും കുറഞ്ഞ ബജറ്റിൽ നൽകുന്ന ടിവിഎസിന്റെ ഈ മോഡൽ വിപണിയിൽ വലിയ വിജയം ആവുകയും ചെയ്‌തിട്ടുണ്ട്. ഇക്കുറി ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് ഇലക്ട്രിക് സെഗ്മെന്റ് കൈപ്പിടിയിലാക്കാൻ കമ്പനി പുതിയൊരു മോഡലിനെ കൂടി രംഗത്തെത്തിക്കാൻ ഒരുങ്ങുകയാണിപ്പോൾ.
ഓഗസ്റ്റ് 23-ന് യുഎഇയിലെ ദുബായില്‍ വെച്ച് നടക്കുന്ന വിപുലമായ ഇവന്റില്‍ വെച്ചാകും വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ടിവിഎസ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക. ഇതിനു മുന്നോടിയായി പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ടീസറുകളും കമ്പനി സോഷ്യൽ മീഡിയയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ്.ഇലക്ട്രിക് സ്കൂട്ടറിലെ ഫീച്ചറുകളെ കുറിച്ചുള്ള സൂചനയാണ് ഇപ്പോൾ ബ്രാൻഡ് പുതിയ ടീസറിലൂടെ പങ്കുവെക്കുന്നത്. വരാനിരിക്കുന്ന ക്രിയോൺ അധിഷ്ഠിത ഇ-സ്കൂട്ടർ TFT സ്ക്രീനും സ്മാർട്ട് വാച്ച് അധിഷ്ഠിത സവിശേഷതകളുമായും വരുമെന്ന് പ്രതീക്ഷിക്കുന്നു. ടീസർ വീഡിയോ അനുസരിച്ച് ഇലക്ട്രിക് സ്കൂട്ടറിന് ഇൻസ്ട്രുമെന്റ് കൺസോളിന് പകരം ഫുൾ കളർ TFT ഡിസ്പ്ലേ ലഭിക്കും. ഇതിൽ നിരവധി വിവരങ്ങളും ഉപയോക്തൃ ഇന്റർഫേസിനായി സാധ്യമായ ഇഷ്‌ടാനുസൃതമാക്കൽ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.
കസ്റ്റമൈസേഷൻ ഓപ്ഷനുകൾ തീർച്ചയായും ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ ശ്രദ്ധയാകർഷിക്കാൻ സഹായിക്കുന്ന ഒന്നാവും. ഇവി സെഗ്മെന്റിൽ പ്രധാന എതിരാളിയായി ഓല S1 പ്രോ, ഏഥർ 450X പോലുള്ള പ്രീമിയം മോഡലുകളെ ആയിരിക്കും ടിവിഎസ് ഉന്നമിടുക.കമ്പനി സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയ മറ്റൊരു ടീസർ വരാനിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിൽ സ്മാർട്ട് വാച്ച് ഉപയോഗിച്ച് റിമോട്ട് ആക്‌സസ് ഉൾപ്പെടെയുള്ള നിരവധി കണക്റ്റഡ് സവിശേഷതകൾ വാഗ്ദാനം ചെയ്യുമെന്നും പറഞ്ഞുവെക്കുന്നുണ്ട്.
ഇതിലൂടെ വാഹനം ലോക്ക് ചെയ്യലും അൺലോക്ക് ചെയ്യലും വിദൂരമായി ബൂട്ട് ആക്‌സസ് ചെയ്യലും പോലുള്ള സവിശേഷതകൾ ഒരു സ്മാർട്ട് വാച്ച് ഉപയോഗിച്ച് സാധ്യമാകും. വരാനിരിക്കുന്ന പുത്തൻ ഇവിയുടെ ഇലക്ട്രിക് മോട്ടോറിനെക്കുറിച്ചോ അതിന്റെ പവർ കണക്കുകളെക്കുറിച്ചോ ഒരു സൂചനയും ബ്രാൻഡ് പുറത്തുവിട്ടിട്ടില്ല. എന്തായാലും ഒറ്റ ചാർജിൽ 120 കിലോമീറ്ററിൽ അധികം റേഞ്ച് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലേ ഓല പോലുള്ള എതിരാളികൾക്ക് മുന്നിൽ ടിവിഎസിന് പിടിച്ചുനിൽക്കാനാവൂ. ഡിസൈൻ വശങ്ങളിലേക്ക് കടന്നാൽ ടിവിഎസിന്റെ ഈ പുതിയ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ 2018 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ക്രിയോണ്‍ കണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തി ഉള്ളതായിരിക്കുമെന്നാണ് സൂചനകൾ.
Also Read;ആറ്റിങ്ങലില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു
ടിവിഎസ് കൺസെപ്റ്റ് നാമം നിലനിർത്തുമോ അതോ പ്രൊഡക്ഷൻ മോഡലിൽ പുതിയ പേര് തിരഞ്ഞെടുക്കുമോ എന്ന് കണ്ടറിയണം. വരാനിരിക്കുന്ന ടിവിഎസ് ഇലക്ട്രിക് സ്കൂട്ടർ കമ്പനിയുടെ ലൈനപ്പിൽ ഐക്യൂബിന് മുകളിലായിരിക്കും സ്ഥാനം പിടിക്കുക. വിലയിലേക്ക് വന്നാൽ ഓഫർ ചെയ്യുന്ന ഫീച്ചറുകളും സ്പോർട്ടി അപ്പീലുമെല്ലാം വിലയിരുത്തിയാൽ ഏകദേശം 1.50 ലക്ഷം രൂപ മുതൽ 1.80 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം