കൊച്ചി: പ്രീ-സീസൺ ഒരുക്കങ്ങളുടെ അവസാന ഘട്ടമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്ത മാസം യുഎയിലേക്ക്. സെപ്റ്റംബർ 5 മുതൽ 16 വരെ പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പാണ് ബ്ലാസ്റ്റേഴ്സിന് യുഎഇയിലുള്ളത്. യുഎഇ പ്രോ-ലീഗ് ക്ലബ്ബുകളുമായി മൂന്ന് സൗഹൃദ മത്സരങ്ങളും ഈ കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കളിക്കും. പുതിയ അന്തരീക്ഷവുമായി ടീം അംഗങ്ങൾക്ക് പൊരുത്തപ്പെടാനും ടീമിന്റെ മികവ് വിലയിരുത്താനും യുഎഇ പര്യടനം അവസരമൊരുക്കും.
സെപ്റ്റംബർ 9ന് അൽ വാസൽ എഫ്സിക്കെതിരെയാണ് സബീൽ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൗഹൃദ മത്സരം. സെപ്റ്റംബർ 12ന് ഷാർജ ഫുട്ബോൾ സ്റ്റേഡിയത്തിൽ ഷാർജ ഫുട്ബോൾ ക്ലബ്ബിനെയും സെപ്റ്റംബർ 15ന് കഴിഞ്ഞ വർഷത്തെ പ്രോ ലീഗ് ചാംപ്യന്മാരായ അൽ അഹ്ലിയെയും നേരിടും. ഷഹാബ് അൽ അഹ്ലി സ്റ്റേഡിയം അൽ അവിർ ദുബായിലാണ് ബ്ലാസ്റ്റേഴ്സിന്റെ അൽ അഹ്ലിക്കെതിരായ പോരാട്ടം.
മിഡിൽ ഈസ്റ്റിലുള്ള വലിയൊരു വിഭാഗം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുമായി ബന്ധപ്പെടാനുള്ള അവസരമായും പ്രീ-സീസൺ ടൂർ മാറും. ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം കാണാനുള്ള അവസരം കൂടിയാണിത്.
ഫുട്ബോളിന്റെ വളർച്ചയാണ് തങ്ങളുടെ ദീർഘകാല ലക്ഷ്യമെന്നും കേരള ബ്ലാസ്റ്റേഴ്സുമായുള്ള പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും എച്ച് 16 സ്പോർട്സ് ചെയർമാൻ ഹസൻ അലി ഇബ്രാഹിം അൽ ബലൂഷി പറഞ്ഞു. “കേരള ബ്ലാസ്റ്റേഴ്സ് പ്രീ-സീസണിന് ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. ഇത് ഇൻഡോ-അറബ് ഫുട്ബോളിന്റെ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നു. മികച്ച ക്ലബ്ബുകൾ, പരിശീലനം, ആഗോള ആരാധകവൃന്ദം എന്നിവ അതിൽ ഉൾപ്പെടുന്നു. ഹല ബ്ലാസ്റ്റേഴ്സ് 2023ന് ആശംസകളും നേരുന്നു.”
“ടൈറ്റിൽ സ്പോൺസറായ കൊമാകോ പവറിനോടുള്ള നന്ദിയും, വിലയേറിയ പിന്തുണ നൽകിയ കൊമാകോ ഗ്രൂപ്പിന്റെ ചെയർമാൻ സുപിയൻ അസൈനാറിനും ഗ്രീൻ ഹാർവെസ്റ്റ് ഇൻവെസ്റ്റ്മെന്റ് സിഇഒ ഫൈസൽ പുന്നക്കാടനും ഹൃദയംഗമമായ നന്ദി അറിയിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.”അദ്ദേഹം കൂട്ടിച്ചേർത്തു
“പ്രീസീസണിന്റെ അവസാന ഘട്ടത്തിൽ കളിക്കാർക്കും സ്റ്റാഫിനും മികച്ച തയാറെടുപ്പ് നൽകുന്ന മൂന്ന് ഉയർന്ന തലത്തിലുള്ള മത്സരങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ എച്ച്16 സുഗമമാക്കിയ പരിശീലന സൗകര്യങ്ങൾ, ആരാധക പ്രവർത്തനങ്ങൾ എന്നിവ വളരെ മികച്ചതായിരുന്നു. മേഖലയിലെ ഞങ്ങളുടെ ആരാധകരെ അവർ ഇഷ്ടപ്പെടുന്ന ക്ലബിലേക്ക് അടുപ്പിക്കുന്നതിനായി ഈ വർഷം വീണ്ടും അവരോടൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ് പറഞ്ഞു.
കൊച്ചിയിൽ ഒരു മാസത്തെ പ്രീ-സീസൺ പരിശീലനം പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് നിലവിൽ ഡ്യൂറന്റ് കപ്പിന്റെ 132-ാം പതിപ്പിൽ പങ്കെടുക്കാൻ കൊൽക്കത്തയിലാണ്. സെപ്റ്റംബർ അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിനെ മുൻപായുള്ള ഇവാൻ വുകോമനോവിച്ചിനും സംഘത്തിനുമുള്ള അവസാനവട്ട ഒരുക്കമായിരിക്കും യുഎഇ പര്യടനം.