കൊച്ചി : മഹാരാജാസ് കോളജിലെ കാഴ്ചപരിമിതിയുള്ള അധ്യാപകനെ മൊബൈൽ ദൃശ്യങ്ങൾ പകർത്തി അവഹേളിച്ചെന്ന ആരോപണത്തിൽ കോളജിലെ ആഭ്യന്തര അച്ചടക്ക സമിതി അന്വേഷണം നടത്തും. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. വിഡിയോ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി വിദ്യാർഥികളും രംഗത്തെത്തി.
മൂന്നാംവർഷ ബി.എ പൊളിറ്റിക്കൽ സയൻസ് ക്ലാസിലെ വിഡിയോയാണു പ്രചരിക്കുന്നത്. ക്ലാസെടുക്കുന്ന കാഴ്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാർഥികൾ കളിയാക്കുന്ന തരത്തിലുള്ള വിഡിയോ ദൃശ്യങ്ങളാണ് പുറത്തെത്തിയത്. ചില വിദ്യാർഥികൾ ക്ലാസിൽ മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്നതും കാണാം. മഹാരാജാസ് കോളജ് കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ ഉൾപ്പെടെ ആറു വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. അധ്യാപകനായ ഡോ.സി.യു.പ്രിയേഷിന്റെയടക്കം പരാതിയിലാണ് നടപടി.
മുഹമ്മദ് ഫാസിലിനെ സസ്പെൻഡ് ചെയ്തതിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കെഎസ്യു സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. പ്രിയേഷ് സാർ തന്റെ പ്രോജക്ട് മെന്ററാണെന്നും ക്ലാസിൽ താൻ ഓടിവന്നു കയറിയപ്പോൾ ‘ഇന്നത്തെ മൊഡ്യുൾ കഴിഞ്ഞു , ക്ലാസും കഴിഞ്ഞു’വെന്ന് സാർ പറഞ്ഞപ്പോൾ കുട്ടികളെല്ലാം ചിരിച്ചുവെന്നും അപ്പോൾ താനും ജാള്യതയോടെ ചിരിച്ചതാണെന്നും ഫാസിൽ പറഞ്ഞു.
Also read :പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ജെയ്ക് സി തോമസ് നാമനിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കും
‘ഈ വിഡിയോ ഒരു കുട്ടി ‘അറ്റൻഡൻസ് മാറ്റേഴ്സ് ’ എന്ന തലക്കെട്ടോടെ തമാശയ്ക്കായി പോസ്റ്റ് ചെയ്തതാണ്. ക്ലാസ് കഴിഞ്ഞ് സാറിനൊപ്പമാണ് ഞാൻ ഡിപ്പാർട്ട്മെന്റ് വരെ പോയത്. സ്വാതി എന്ന കുട്ടി ക്ലാസിലെ കസേര നീക്കിയിട്ടത് സാറിനു തടസ്സമില്ലാതെ പോകാൻ വേണ്ടിയാണ്.സാറിനെ എന്നും ക്ലാസിലേക്കു കൊണ്ടുവരുന്നതും കൊണ്ടുവിടുന്നതും ഈ കുട്ടിയാണ്.സാറിനെ കളിയാക്കാൻ ഒരു ഉദ്ദേശ്യവും വിദ്യാർഥികൾക്കുണ്ടായിരുന്നില്ല– ഫാസിൽ വിശദീകരിച്ചു.
എന്നാൽ പുറത്തു നിന്നു വിഡിയോ കാണുന്ന ഒരാൾ തെറ്റിദ്ധരിക്കപ്പെടാമെന്നും സാറിന് തങ്ങൾക്കെതിരെ എന്തു നടപടിയും സ്വീകരിക്കാൻ അവകാശമുണ്ടെന്നും പറഞ്ഞ ഫാസിൽ ഇക്കാര്യത്തിൽ താൻ നിരപരാധിയാണെന്നും സാറിനെക്കണ്ട് കാര്യം വിശദീകരിച്ചുവെന്നും അറിയിച്ചു. എന്നാൽ പുറത്തുവന്ന വിഡിയോ മറ്റു ലക്ഷ്യങ്ങളോടെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കപ്പെട്ടുവെന്നാണ് ക്ലാസിലെ ഒരു വിഭാഗം വിദ്യാർഥികളുടെ ആരോപണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം