ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ നിരത്തുകൾ വാഴുമ്പോൾ ഇന്ന് വിപണിയിൽ എണ്ണാലടങ്ങാത്തത്ര മോഡലുകളാണുള്ളത്. ഇതിൽ ഓല, ഏഥർ, സിമ്പിൾ, ഹീറോ, ഒകിനാവ തുടങ്ങിയ ബ്രാൻഡുകളുടെ ഇവികളാണ് ഏവർക്കും സുപരിചതമെങ്കിലും നിരവധി കുഞ്ഞ്കുഞ്ഞ് ഇലക്‌ട്രിക് സ്റ്റാർട്ടപ്പ് ബ്രാൻഡുകളും സജീവമായുണ്ട്. മേൽപറഞ്ഞ കമ്പനികളുടെ ഇ-സ്‌കൂട്ടറുകൾ വാങ്ങണമെങ്കിൽ 1 ലക്ഷം രൂപയിൽ അധികം മുടക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്.
അടുത്തിടെ കേന്ദ്ര സർക്കാർ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഫെയിം II സബ്‌സിഡിയിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നതോടെ വൈദ്യുത സ്‌കൂട്ടറുകളുടെയെല്ലാം വിലയിൽ കാര്യമായ വർധനവാണുണ്ടായത്. ഒരു ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാൻ പ്ലാനിടുന്നയാളാണ് നിങ്ങളെങ്കിൽ ഒരു ലക്ഷം രൂപയിൽ താഴെയും ചില കിടിലൻ മോഡലുകൾ ലഭിക്കുമെന്ന കാര്യം ഓർമിക്കണം. അത്തരത്തിലൊരു ബ്രാൻഡ് ഇപ്പോൾ വൈദ്യുത വാഹന രംഗത്തേക്ക് കടന്നുവന്നിരിക്കുകയാണ്
എനൂക്ക് മോട്ടോർസ് എന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളാണ് ഇന്ത്യയിൽ പുതിയ സ്ലോ സ്പീഡ് സ്‌കൂട്ടറുകളുടെ ശ്രേണി പുറത്തിറക്കിയിരിക്കുന്നത്. പ്രോ, മാഗ്ന, സ്മാർട്ട്, വെർവ് തുടങ്ങിയ വ്യത്യസ്‌ത നാല് ഇ-സ്‌കൂട്ടറുകളാണ് വിപണിയിലേക്ക് കടന്നുവരുന്നത്. 89,000 രൂപ മുതൽ 99,000 രൂപ വരെയാണ് ഈ സ്ലോ-സ്പീഡ് ഇവികളുടെ രാജ്യത്തെ എക്‌സ്ഷോറൂം വില വരുന്നത്. നിലവിൽ ഹൈദരാബാദിൽ മാത്രമാണ് ഇവ ലഭിക്കുന്നത്.
അധികം വൈകാതെ തന്നെ മറ്റ് നഗരങ്ങളിലെ കമ്പനിയുടെ ഡീലർ ശൃംഖല വഴി രാജ്യത്തുടനീളം എനൂക്ക് മോട്ടോർസിന്റെ പ്രോ, മാഗ്ന, സ്മാർട്ട്, വെർവ് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ലഭ്യമാകും. 250-വാട്ട് BLDC മോട്ടോറിൽ നിന്നാണ് മോഡലുകൾക്ക് കരുത്ത് ലഭിക്കുന്നതെന്ന് ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വെളിപ്പെടുത്തുന്നുണ്ട്. ഒറ്റ ചാർജിൽ 90 കിലോമീറ്റർ റേഞ്ച് വരെ ലഭിക്കുന്ന ഈ സ്ലോ സ്പീഡ് വൈദ്യുത വാഹനങ്ങൾക്ക് പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ഇ-സ്‌കൂട്ടറുകളുടെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 3-4 മണിക്കൂർ സമയം മാത്രം മതിയാവുമെന്നാണ് എനൂക്ക് മോട്ടോർസ് അവകാശപ്പെടുന്നത്. സ്ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകൾക്ക് 60V-28Ah LFP ബാറ്ററി പായ്ക്ക് ലഭിക്കും. അലോയ് വീലുകളുള്ള 10 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകൾ, എൽസിഡി ഡിസ്‌പ്ലേ, ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകൾ, ഇ-എബിഎസ് എന്നിവയും അതിലേറെയും ഫീച്ചറുകളോടെയാണ് മോഡലുകൾ വിപണിയിൽ എത്തുന്നത്.
എനൂക്കിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് 150 കിലോഗ്രാം പേലോഡ് ശേഷിയാണുള്ളത്. ഇനൂക്ക് ഇ-സ്കൂട്ടറുകളുടെ ഗ്രൗണ്ട് ക്ലിയറൻസ് 160 മില്ലീമീറ്ററാണ്. 19 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ്, ജിപിഎസ് ട്രാക്കിംഗ്, ആപ്പ് അധിഷ്ഠിത കണക്റ്റിവിറ്റി, ലൈവ് റൈഡ് വിവരങ്ങൾ എന്നീ സവിശേഷതളും കോർത്തിണക്കിയാണ് കമ്പനിയുടെ പ്രോ, മാഗ്ന, സ്മാർട്ട്, വെർവ് വൈദ്യുത വാഹനങ്ങൾ വിൽപ്പനയ്ക്ക് എത്തുന്നത്.
Also Read;ചാണ്ടി ഉമ്മാനെ സംവാദത്തിന് വിളിച്ച് ജെയ്ക്; പുതുപ്പള്ളിയിൽ ചൂടേറുന്നു
എല്ലാ എനൂക്ക് ഇലക്‌ട്രിക് സ്കൂട്ടറുകളും എൽഇഡി ലൈറ്റിംഗോടെയാണ് വരുന്നത് എന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. രാജ്യത്ത് സ്ലോ സ്പീഡ് മോഡലുകൾ നിരത്തിലിറക്കാൻ ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ല എന്നതും വിപണി പിടിക്കാൻ ബ്രാൻഡിനെ സഹായിക്കുന്ന കാര്യമാണ്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ അത്യാധുനിക സവിശേഷതകൾ സുസ്ഥിരത, സൗകര്യം, ശൈലി, സുരക്ഷ എന്നിവയുടെ തടസമില്ലാത്ത സേവനമാണ് വാഗ്ദാനം ചെയ്യുക.
നഗര തിരക്കിൽ ജീവിക്കുന്നവർക്ക് നൂതനവും സുസ്ഥിരവും താങ്ങാനാവുന്നതുമായ മൊബിലിറ്റി സൊല്യൂഷനുകൾ നൽകുക എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് പ്രോ, മാഗ്ന, സ്മാർട്ട്, വെർവ് ഇവികളുടെ ലോഞ്ചിനെക്കുറിച്ച് സംസാരിച്ച ഇനൂക്ക് മാനേജിംഗ് ഡയറക്ടർ ഹിതേഷ് പട്ടേൽ പറഞ്ഞു. കൂടാതെ, ഹൈദരാബാദിലെ ആദ്യത്തെ ഇനൂക്ക് ഷോറൂം ആരംഭിക്കാനായതിലും തങ്ങൾക്ക് വലിയ സന്തോഷമുണ്ടെന്നും ക്ലീനറും കൂടുതൽ കാര്യക്ഷമവുമായ നഗര യാത്രകൾ സൃഷ്ടിക്കുന്നതിന് ഊന്നൽ കൊടുക്കുമെന്നും ഹിതേഷ് പട്ടേൽ കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം