ന്യൂയോര്‍ക്ക്: പടിഞ്ഞാറന്‍ അമേരിക്കയിലെ ഹവായ് ദ്വീപ് സമൂഹത്തിന്റെ ഭാഗമായ മൗഇ ദ്വീപില്‍ വന്‍ കാട്ടുതീ പടരുന്നു. അപകടത്തില്‍ ഇതുവരെ 36 പേര്‍ മരണപ്പെട്ടതായാണ് റിപോര്‍ട്ട്. ഡോറ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കാട്ടുതീയാണ് ദ്വീപിൽ നാശം വിതച്ചത്.
പൊള്ളലേറ്റവരെ ചികിത്സ നൽകുന്നതിനായി ഒവാഹു ദ്വീപിലേക്ക് വിമാനമാർഗം കൊണ്ടുപോയതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് രാത്രിയും പകലുമായി ശക്തമായ തീപിടിത്തമുണ്ടായതോടെ ആയിരക്കണക്കിന് ആളുകളാണ് പലായനം ചെയ്തത്. നിരവധി ആളുകളെ കാണാതായി. ഇവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.
റിസോര്‍ട്ട് നഗരമായ ലഹായിനയിലാണു തീ പടര്‍ന്നത്. ജീവന്‍ രക്ഷിക്കാന്‍ നിരവധി പേര്‍ പസഫിക് സമുദ്രത്തിലേക്ക് ചാടിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കടലില്‍ ചാടിയ പലരേയും കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ 20ഓളം പേരെ വിമാനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി.

ടൂറിസ്റ്റ് കേന്ദ്രമായ ലഹായിനയില്‍ അടുത്തടുത്തായി നൂറുകണക്കിനു വീടുകളും വലിയ ഹോട്ടലുകളുമുണ്ട്. ഇവയില്‍ മിക്കതും അഗ്‌നിക്കിരയായതായാണ് റിപോര്‍ട്ടുകള്‍. തീപ്പടര്‍ന്നതിനു പിന്നാലെ 11,000 ടൂറിസ്റ്റുകളെ ദ്വീപില്‍ നിന്നു ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തെ പല സ്ഥലങ്ങളും പൂര്‍മായും കത്തി നശിച്ച നിലയിലാണ്. ചൊവ്വാഴ്ച രാത്രിയാണ് കാട്ടുതീ പടരാന്‍ തുടങ്ങിയത്. ആയിരം ഏക്കറോളം സ്ഥലമാണ് കാട്ടുതീയില്‍ കത്തി നശിച്ചത്.
തീപിടിത്തമുണ്ടായ മൂന്ന് മേഖലകളിലെ 13 ഇടങ്ങളിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. നാശനഷ്ടത്തിന്റെ പൂർണ വ്യാപ്തി വിലയിരുത്താൻ ആഴ്ചകളോ മാസങ്ങളോ വേണ്ടിവരുമെന്ന് മൗയി കൗണ്ടി വക്താവ് മഹിന മാർട്ടിൻ പറഞ്ഞു. സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അനുശോചിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















