കാൺപൂർ : മാതാപിതാക്കളിൽ നിന്ന് പണം തട്ടിയെടുക്കാനായി വ്യാജ തട്ടിക്കൊണ്ടുപോകൽ കഥ മെനഞ്ഞ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലെ ബാര സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാർഥിനി ഹൻസിക വർമയാണ് ബസ്തി റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്.
ഗൂഢാലോചനയിൽ പങ്കാളിയായ ഭർത്താവ് രാജും പൊലീസ് കസ്റ്റഡിയിലാണ്.22 കാരനായ രാജിന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോകൽ നാടകം അരങ്ങേറിയതെന്നാണ് പൊലീസ് പറയുന്നത്.
പണം തട്ടിയെടുക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയ ഇരുവരെയും റിമാൻഡ് ചെയ്തു. വിശദമായി നടത്തിയ അന്വേഷണത്തിൽ, 2023 മെയ് 23 ന് ഇരുവരും കോടതിയിൽവച്ച് രഹസ്യമായി വിവാഹം കഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതോടെ പണം കണ്ടെത്താനായി തട്ടിക്കൊണ്ടുപോയതായി കഥ മെനയുകയും മോചനദ്രവ്യമായി 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തത്.’തട്ടിക്കൊണ്ടുപോകൽ നാടകം’ ഇങ്ങനെ ; കഴിഞ്ഞ വെള്ളിയാഴ്ച (ഓഗസ്റ്റ് നാല്) യുവതിയെ തട്ടിക്കൊണ്ടുപോയതായി ബാര പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു.
ഓഗസ്റ്റ് നാലിന് മകൾ കോച്ചിങിനായി വീട്ടിൽ നിന്ന് പോയതായി ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് യുവതിയുടെ ഫോണില് വിളിച്ച് അന്വേഷിച്ചെങ്കിലും മറുപടിയൊന്നും ലഭിക്കാതിരുന്നതോടെയാണ് പരാതി നൽകിയത്.രാത്രിയോടെ പെൺകുട്ടിയുടെ പിതാവിന്റെയും സഹോദരന്റെയും മൊബൈൽ ഫോണിലേക്ക് തട്ടിക്കൊണ്ടുപോയന്ന് വരുത്തിതീർക്കാനായി ഒരു വീഡിയോ അയച്ചു. മകളുടെ വായിൽ തൂവാല കെട്ടി രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നതായിരുന്നു ദൃശ്യം. കുറച്ച് സമയത്തിന് ശേഷം രാജ് യുവതിയുടെ മാതാപിതാക്കളെ വിളിച്ച് 10 ലക്ഷം രൂപം മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.
ഹൻസികയുടെ പിതാവ് നരേന്ദ്ര കുമാർ വർമയാണ് തട്ടിക്കൊണ്ടുപോയ വിവരം പൊലീസിൽ അറിയിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ സംശയിക്കുന്നതായും കുടുംബം നൽകിയ പരാതിയിലുണ്ടായിരുന്നു. ഹൻസിക വർമയ്ക്ക് 21 വയസുണ്ടെന്ന് സൗത്ത് ഡിസിപി രവീന്ദ്ര കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
തട്ടിക്കൊണ്ടുപോകൽ കഥ മെനയുന്നതിനായി ഹൻസിക കാമുകനായ രാജുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് പറയുന്നത്.രാജിനൊപ്പം നിരന്തരം ലൊക്കേഷൻ മാറിയാണ് ഹൻസിക പൊലീസിനെയും കുടുംബത്തെയും കബളിപ്പിച്ചത്. തട്ടിക്കൊണ്ടുപോകൽ ആദ്യം മുതൽ സംശയാസ്പദമായി തോന്നിയെന്ന് ജെസിപി ആനന്ദ് പ്രകാശ് തിവാരി പറഞ്ഞു.
നേരത്തെയും യുവതി തന്റെ സ്ഥിരനിക്ഷേപ അക്കൗണ്ടിൽ നിന്ന് 2.21 ലക്ഷം രൂപ രാജിന് നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ക്രിമിനൽ പശ്ചാത്തലമുള്ള രാജ് മുമ്പ് കാൺപൂരിൽ നടന്ന കവർച്ചക്കേസിൽ പ്രതിയാണ്. ഇവരുടെ കോടതി വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും പൊലീസ് പരിശോധിച്ചുവരികയാണ്.
പ്രാദേശിക കോളജിൽ എഞ്ചിനീയറിങ് പഠിക്കുന്ന യുവതിക്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങിലായി 10,000 പിൻവലിച്ചിട്ടുണ്ടെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എഞ്ചിനീയറിങ് വിദ്യാർഥിയുമായി ബന്ധപ്പെട്ട മറ്റ് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചുവരികയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം