മലപ്പുറം: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കിയ സുപ്രീം കോടതി നടപടിയില്‍ പ്രതികരിച്ച് മുസ്‌ലിംലീഗ്. ന്യായവും നീതിയും കാക്കാന്‍ രാജ്യത്ത് നീതിപീഠങ്ങളുണ്ട് എന്ന വലിയ ആശ്വാസമാണ് രാഹുല്‍ ഗാന്ധി വിഷയത്തിലെ കോടതി ഉത്തരവെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ജുഡീഷ്യറി സത്യസന്ധമായിത്തന്നെ കാര്യങ്ങള്‍ വിലയിരുത്തിയെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിധിയില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. ജുഡീഷ്യറി സത്യസന്ധമായിത്തന്നെ കാര്യങ്ങള്‍ വിലയിരുത്തി. രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെ കുറ്റകൃത്യമായി കാണുകയാണ് ചിലർ ചെയ്തത്. അദ്ദേഹത്തിന്‍റെ അഭിപ്രായസ്വാതന്ത്ര്യം ലംഘിക്കപ്പെട്ടു. അത്ര വലിയ പരാമര്‍ശമൊന്നും രാഹുല്‍ ഗാന്ധിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്ന് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുന്ന പല വിധികളും അടുത്ത കാലത്തായി സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായിട്ടുണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് വിധി. രാജ്യത്ത് മോദിവിരുദ്ധ തരംഗം വരുന്നു. രാഹുല്‍ ഗാന്ധി അയോഗ്യത നീങ്ങി ഇന്ത്യ കൂട്ടായ്മയുടെ നേതൃനിരയിലേക്കും പാര്‍ലമെന്റിലും വരുന്നുവെന്നത് വലിയ ആത്മധൈര്യം പകരുന്നതാണ്. ജുഡീഷ്യറിയും ജനങ്ങളും കൂടെയുള്ളതിനാല്‍ത്തന്നെ രാഹുല്‍ ഗാന്ധിക്കും സധൈര്യം മുന്നോട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ ആശ്വാസം പകരുന്ന വിധിയാണിതെന്ന് കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. എന്തും ആവാം എന്ന സ്ഥിതിയാണ് രാജ്യത്തുള്ളത് എന്ന ഭയം എല്ലാവര്‍ക്കുമുണ്ടായിരുന്നു. ന്യായവും നീതിയും കാക്കാന്‍ രാജ്യത്ത് നീതിപീഠങ്ങളുണ്ട് എന്ന വലിയ ആശ്വാസമാണ് കോടതി ഉത്തരവ്. ഭരണവും മറ്റെല്ലാ അധികാരവും കൈയിലുണ്ടെന്നു കരുതി ഭരണഘടനയും നിയമവാഴ്ചയുമുള്ള ഒരു രാജ്യത്ത് എന്തും ചെയ്യാന്‍ കഴിയില്ല. അത് നോക്കാനും കാക്കാനും ഇന്ത്യയില്‍ നീതിപീഠമുണ്ട് എന്ന വിശ്വാസമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഈ വിധിയുടെ ഏറ്റവും വലിയ വശം അതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















