നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇടുക്കി ചിന്നക്കനാലില്‍ നിന്ന് കാട്ടാനയായ അരിക്കൊമ്പനെ കേരള സര്‍ക്കാര്‍ പെരിയാര്‍ വനത്തിലേക്ക് മാറ്റിയത്. പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കടന്ന അരിക്കൊമ്പന് ഇപ്പോള്‍ കൊളക്കാട് ടൈഗര്‍ റിസര്‍വിലാണുള്ളത്. ആനയെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നുള്ള ആവശ്യം ഒരു വശത്ത് തുടരുമ്പോള്‍ അവശനായ അരിക്കൊമ്പന്റെ ചിത്രം വൈറലായി പ്രചരിച്ചിരുന്നു. അതിനിടെ അരിക്കൊമ്പന്റെ മരണം സ്ഥിരീകരിച്ച് 24 ന്യൂസ് നല്കിയ വാര്‍ത്ത എന്ന് അവകാശപ്പെട്ട് ഒരു സ്ക്രീന്‍ഷോട്ടും പ്രചരിക്കുന്നുണ്ട്.
“No 1 കേരളം പ്രണാമം…
ക്രൂരത യുടെ ലോകത്ത് നിന്ന് അവന് യാത്രയായി…!
അവന്റെ അമ്മയുടെ അടുക്കലേക്ക്…!
ഇനി നിന്നെയാരും ദ്രോഹിക്കില്ലല്ലോ ” എന്നുള്ള പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം.
എന്നാല്‍, പ്രചാരത്തിലുള്ള പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അരിക്കൊമ്പന് ചരിഞ്ഞുവെന്ന് വാര്‍ത്ത നല്‍കിയിട്ടില്ലെന്ന് 24 ന്യൂസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അന്വേഷണം
അരിക്കൊമ്പന് ചരിഞ്ഞതായി 24 ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നോ എന്നാണ് ഞങ്ങള്‍ ആദ്യം പരിശോധിച്ചത്. ചാനലിന്റെ വൈബ്സൈറ്റ് പരിശോധിച്ചപ്പോള്‍ പ്രചാരത്തിലുള്ള സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് വ്യക്തമാക്കി നല്കിയ റിപ്പോര്‍ട്ട് ലഭ്യമായി.
“ട്വന്റിഫോര്‍ ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ട്വന്റിഫോറിന്റെ ലേ ഔട്ടില്‍ വ്യാജമായി നിര്‍മിച്ചിരിക്കുന്ന വാര്‍ത്തയാണ് ഇത്. സ്ക്രീന്‍ഷോട്ടില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടും ട്വന്റിഫോറിന്റേതല്ല. ” എന്നാണ് ജൂലൈ 19ന് നല്കിയ വാര്‍ത്തയുടെ ഉള്ളടക്കം. ഇതുസംബന്ധിച്ച് ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച സന്ദേശം താഴെ കാണാം.
അരിക്കൊമ്പന്റെ നിലവിലെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വാര്‍ത്തകളാണ് ഞങ്ങള്‍ പിന്നീട് പരിശോധിച്ചത്. കൊളക്കാട് മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വിലെ (KMTR) കോടയാർ മേഖലയിലാണ് ആനയുള്ളത്. ജൂലൈ 29ന് ഓണ്‍മനോരമ നല്കിയ റിപ്പോര്‍ട്ട് പ്രകാരം അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാച്ചര്‍മാരുടെ എണ്ണം കുറച്ചിട്ടുണ്ട്. കോടയാർ മേഖലയിലെ മറ്റ് ആനകളുമായി അരിക്കൊമ്പന് ഇണങ്ങിയതിനാലാണ് വാച്ചര്‍മാരുടെ എണ്ണം കുറച്ചത്. സമാനമായ വാര്‍ത്ത ജൂലൈ 29ന് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈനും നല്‍കിയിട്ടുണ്ട്.
കൂടുതല്‍ വിശദീകരണത്തിനായി ഞങ്ങള്‍ മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വ് ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ അരിക്കൊമ്പന് ആരോഗ്യവാനായി ഇരിക്കുന്നുവെന്ന വിവരമാണ് കൈമാറിയത്. “അരിക്കൊമ്പന് പൂര്‍ണ്ണ ആരോഗ്യവാനാണ്. നല്ല രീതിയില്‍ ഭക്ഷണം കഴിക്കുന്നുണ്ട്. മറ്റ് പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല,” ഓഫിസ് അധികൃതര്‍ അറിയിച്ചു.
തമിഴ്നാട് വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയാ സാഹു ജൂലൈ 17ന് പങ്കുവച്ച ട്വീറ്റാണ് അരിക്കൊമ്പന്റെ ഏറ്റവും പുതിയ വീഡിയോ. ഇത് താഴെ കാണാം.
Arikomban update – A special team lead by the field Director monitored movements of the wild tusker in upper Kodyar in Kalakkad Mudunthurai Tiger Reserve which is his current habitat. He was found fit and fine. Infact taking a mud bath at the time of monitoring. The Radio Collar… pic.twitter.com/8IUonpGxC6
— Supriya Sahu IAS (@supriyasahuias) July 17, 2023
ലഭ്യമായ വിവരങ്ങളില്‍ നിന്ന് അരിക്കൊമ്പന് ചരിഞ്ഞുവെന്ന് പ്രചരിപ്പിക്കുന്ന 24 ന്യൂസിന്റെ സ്ക്രീന്‍ ഷോട്ട് വ്യാജമാണെന്നും അരിക്കൊമ്പന് ആരോഗ്യവാനാണെന്നും വ്യക്തമായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം