മലപ്പുറം: താനൂരില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ താമിർ ജിഫ്രി എന്ന യുവാവ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ എട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. തൃശൂർ ഡിഐജി അജിതാ ബീഗമാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരമാണ് ഈ നടപടി.
എസ്.ഐ കൃഷ്ണലാൽ, താനൂർ പൊലീസ് സ്റ്റേഷനിലെ മനോജ്, ശ്രീകുമാർ, ആശിഷ് സ്റ്റീഫൻ, ജിനേഷ്, അഭുമന്യൂ, കൽപകഞ്ചേരി പൊലീസ് സ്റ്റേഷനിലെ വിപിൻ, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെ ആൽബിൻ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്.
താമിർ ജിഫ്രിക്ക് മർദ്ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും ശരീരത്തില്‍ 13 സാരമായ പരിക്കുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലാത്തി ഉപയോഗിച്ച് മര്‍ദിച്ചെന്ന സംശയവും ബലപ്പെടുകയാണ്. കെമിക്കൽ ലാബ് റിപ്പോർട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ. ഇയാളുടെ ആമാശയത്തിൽ നിന്ന് ക്രിസ്റ്റൽ രൂപത്തിലുളള വസ്തു അടങ്ങിയ 2 പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തി. ഇത് എംഡിഎംഎയാണോ എന്നാണ് സംശയം.
ലഹരിമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. താമിർ ജിഫ്രിയെയും മറ്റു നാലുപേരെയും എം.ഡി.എം.എയുമായി കഴിഞ്ഞ ദിവസം പുലർച്ചെ 1.45ഓടെയാണ് താനൂരിൽ നിന്ന് പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്. ലോക്കപ്പിൽവെച്ച് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായെന്ന് പുലർച്ചെ കൂടെയുള്ളവർ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചെന്നുമാണ് പൊലീസ് വിശദീകരണം.
ആശുപത്രിയിൽ എത്തിച്ച് അഞ്ചു മണിക്കൂറിനു ശേഷം മാത്രമാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നുമുള്ള ആരോപണം ശക്തമാണ്. പൊലീസ് നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടോ എന്ന് അന്വേഷിക്കുമെന്ന് മലപ്പുറം എസ് പി അറിയിച്ചു. അസ്വഭാവിക മരണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷിക്കും. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















