ദുബൈ: രാജ്യത്തെ പ്രധാന റോഡുകളിലെ അപകട മേഖലകൾ കണ്ടെത്തുന്നതിനും പ്രളയസാധ്യത കുറക്കാനും ലക്ഷ്യമിട്ട് ദേശവ്യാപകമായി വൻ റോഡ് സുരക്ഷ പദ്ധതി പ്രഖ്യാപിച്ചു. ഊർജ, അടിസ്ഥാന വികസന മന്ത്രി സുഹൈൽ അൽ മൻസൂരിയാണ് ‘സലാമ 365’ എന്ന പേരിൽ പുതിയ സുരക്ഷ പദ്ധതി പ്രഖ്യാപിച്ചത്.
പദ്ധതിയുടെ ഭാഗമായി രാജ്യത്തെ പ്രധാന റോഡുകളിൽ തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്ന റൂട്ടുകളിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കും. കൂടാതെ കാൽനടക്കാർ കൂടുതലായി ഉപയോഗിക്കുന്ന ക്രോസിങ് ഏരിയകൾ കണ്ടെത്താനും സ്കൂളുകളുടെ പ്രവർത്തനം കൂടുതൽ സുഗമമാക്കുന്നതിനും പദ്ധതി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായുള്ള ദേശീയ പ്രോഗ്രാമുകളുടെ കീഴിലാണ് പദ്ധതി രൂപവത്കരിക്കുക. പ്രളയ സാധ്യത കുറക്കുന്നതിനായി രാജ്യത്തെ പ്രധാന ഡാമുകളും താഴ്വരകളും നിരീക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തുടനീളമുള്ള 16 ഡാമുകളേയും ഒമ്പത് താഴ്വരുകളുമാണ് പരീക്ഷണാടിസ്ഥാനത്തിൽ ലക്ഷ്യമിടുന്നത്. ശക്തമായ മഴയെ തുടർന്നുണ്ടാകുന്ന വെള്ളപ്പൊക്കം റോഡുകളിൽ തടസ്സം സൃഷ്ടിക്കുന്നതിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
ഡാമുകൾ, റോഡുകൾ, കെട്ടിടങ്ങൾ എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതികളാണ് യു.എ.ഇ നടപ്പിലാക്കുന്നതെന്ന് സുഹൈൽ അൽ മസ്റൂയി പറഞ്ഞു. ഫെഡറൽ, പ്രാദേശിക ഭരണകൂടവുമായും സ്വകാര്യ മേഖലയുമായും സഹകരിച്ച് ഏത് കാലാവസ്ഥകളെയും നേരിടാനുള്ള പ്രവർത്തനങ്ങളാണ് മന്ത്രാലയം നടത്തുക. സ്കൂളുകളുടെ പ്രവർത്തനം സുഗകരമാക്കുന്നതിനായി ‘സ്മാർട്ട് സ്കൂൾ മോഡൽ’ എന്ന പദ്ധതിയും നടപ്പിലാക്കും.