കോഴിക്കോട്: ചലച്ചിത്ര അക്കാദമി ചെയർമാന്‍ രഞ്ജിത്തിനെതിരെ എഐവൈഎഫ്. രഞ്ജിത്തിനെതിരെ ഉയർന്നത് ഗുരുതരമായ ആരോപണം ആണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ പറഞ്ഞു. വിഷയത്തില് അന്വേഷണം നടത്താൻ സര്ക്കാര് തയാറാകണമെന്നും ജിസ്മോൻ ആവശ്യപ്പെട്ടു.
രഞ്ജിത്, സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ഇടപെട്ടുവെന്നും ‘19–ാം നൂറ്റാണ്ട്’ ചവറ് പടമെന്നു പറഞ്ഞുവെന്നും സംവിധായകൻ വിനയൻ ആരോപിച്ചിരുന്നു. ഇതിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘‘വിഷയത്തിൽ അന്വേഷണം നടത്താൻ സർക്കാർ തയാറാകണം. കുറ്റക്കാരനെന്നു കണ്ടാൽ സ്ഥാനത്തുനിന്നു നീക്കണം. മാടമ്പി ശൈലിയാണ് രഞ്ജിത്തിന്റേത്. ചവറ് സിനിമയെന്ന പ്രയോഗം ചലച്ചിത്ര അക്കാദമി ചെയർമാന്റെ പദവിക്ക് യോജിക്കാത്തതാണ്. നിയമനടപടിയുമായി മുന്നോട്ടുപോകുന്ന സംവിധായകൻ വിനയന് ധാർമികമായ പിന്തുണ നൽകും’’– ജിസ്മോൻ പറഞ്ഞു.

നേരത്തെ, വിവാദത്തിൽ രഞ്ജിത്തിന് മന്ത്രി സജി ചെറിയാൻ ക്ലീൻ ചിറ്റ് നൽകിയത് അംഗീകരിക്കാനാവില്ലെന്നും ജൂറി അംഗമായ നേമം പുഷ്പരാജ് നടത്തിയ വെളിപ്പെടുത്തലുകളിൽ രഞ്ജിത് തന്നെയാണ് മറുപടി നൽകേണ്ടതെന്നും വിനയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.
വിശ്വവിഖ്യാത സംവിധായകർ എന്ത് പറഞ്ഞാലും വിശ്വസിക്കുമെന്നാണോയെന്നും അതിന് നിയമവും ചട്ടവുമൊന്നും നോക്കേണ്ടതില്ലേയെന്നും വിനയൻ കൂട്ടിച്ചേർത്തു.
‘പത്തൊമ്പതാം നൂറ്റാണ്ടി’നെ ചവറു പടമെന്ന് പറഞ്ഞ് ഒഴിവാക്കാൻ ജൂറി അംഗങ്ങളോട് ആവശ്യപ്പെട്ടു, അവാർഡ് നിർണയത്തിൽ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മുതിർന്ന ജൂറി അംഗം സാംസ്കാരിക വകുപ്പിനെയും ചലച്ചിത്ര അക്കാദമി സെക്രട്ടറിയെയും അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല എന്നിങ്ങനെയായിരുന്നു വിനയന്റെ ആരോപണം. അവാർഡ് നിർണയ സമിതി അംഗമായ നേമം പുഷ്പരാജിന്‍റെ ഫോൺ സംഭാഷണം പുറത്തുവിട്ടാണ് വിനയൻ ആരോപണം ഉന്നയിച്ചത്.
ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് സംവിധായകൻ വിനയൻ സർക്കാറിനോട് ആവശ്യപ്പെടും. അല്ലാത്തപക്ഷം കോടതിയെ സമീപിക്കാനും നീക്കമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















