തൃശൂർ: കേരളത്തിന്റെ ഐടി കുതിപ്പിന് വേഗം പകര്‍ന്ന് തൃശൂര്‍ ഇന്‍ഫോപാര്‍ക്കിലെ ഇന്ദീവരം സമുച്ചയത്തിന്റെ മൂന്നാം നിലയും പ്രവര്‍ത്തന സജ്ജമാകുന്നു. ഐടി ഇടനാഴിയുടെ ഭാഗമായ കൊരട്ടിയിലുള്ള ഇന്‍ഫോപാര്‍ക്കിലെ ഇന്ദീവരം സമുച്ചയത്തിന്റെ മൂന്നാം നിലകൂടി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ കൂടുതല്‍ കമ്പനികളെത്തുകയും അതുവഴി നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇന്ദീവരം സമുച്ചയത്തില്‍ മൂന്നാം നിലയില്‍ 35000 ചതുരശ്ര അടിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 20 പ്ലഗ് ആന്‍ഡ് പ്ലേ ഓഫീസുകളാണുള്ളത്. ഇതില്‍ പകുതിയിലധികം ഇതിനോടകം തന്നെ വിവിധ കമ്പനികള്‍ ഏറ്റെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് കഴിഞ്ഞു.
വിവിധ ഓഫീസുകളില്‍ 647 നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതോടൊപ്പം തന്നെ നേരിട്ടല്ലാതെയും കൂടുതല്‍ തൊഴിലവസരങ്ങള്‍ പുതിയ സൗകര്യം ഒരുങ്ങുന്നതോടെ യാഥാര്ത്യമാകും. അത്യാധുനിക രീതിയില്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്ന ഓഫീസുകളില്‍ വര്‍ക്ക് സ്റ്റേഷനുകള്‍ക്ക് പുറമെ ക്യാബിനുകളും ഡിസ്കഷന് റൂമുകളുമുണ്ട്. ഇതോടൊപ്പം പൊതുവായ മീറ്റിംഗ് റൂമും ഭക്ഷണ ശാലയുമുണ്ട്. ഏഴു നിലകളുള്ള ഇന്ദീവരം സമുച്ചയത്തിന്റെ രണ്ടാം നില പ്രവര്‍ത്തന സജ്ജമാക്കി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെയാണ് മൂന്നാം നിലയില്‍ പുതിയ സൗകര്യങ്ങള്‍ പണികഴിപ്പിച്ചത്. ഇതിനു പുറമെ നാലാം നിലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കും.
ഐടി രംഗത്ത് കേരളം ഇതുവരെ കൈവരിച്ചിട്ടുള്ള നേട്ടങ്ങളില്‍ ഒരു കൂട്ടിച്ചേര്‍ക്കലാകും തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ പുതിയ സൗകര്യങ്ങളെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു.
തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ഐ.ടി കയറ്റുമതി കൂട്ടാനും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ കമ്പനികള്‍ക്ക് വളരാനുമുള്ള സാഹചര്യമൊരുക്കുകയാണ് ഇന്‍ഫോപാര്‍ക്ക് ലക്ഷ്യമിടുന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമാനമായ രീതിയില്‍ തന്നെയാണ് തൃശൂര്‍ ഇന്‍ഫോപാര്‍ക്കിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. കൊരട്ടിയുടെ തന്ത്രപ്രാധാന്യം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കമ്പനികളെ ഇന്‍ഫോപാര്‍ക്ക് തൃശ്ശൂരിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച തൃശൂര്‍ ഇന്‍ഫോപാര്‍ക്ക് ഗ്രീന്‍ ക്യാംപസെന്ന നിലയില്‍ ശ്രദ്ധനേടിയതാണ്. നിലവില്‍ അന്‍പത് കമ്പനികളിലായി 2000ല്‍ അധികം ജീവനക്കാര്‍ ജോലി ചെയ്ത വരുന്നു. പ്രത്യേക സാമ്പത്തിക മേഖലയില്‍ നിലകൊള്ളുന്ന ഇന്ദീവരം സമുച്ചയത്തിന് പുറമെ ഒന്‍പത് വില്ലകളിലായി ചെറുതും വലുതുമായ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു.