കോഴിക്കോട് : രണ്ടുകോടി 60 ലക്ഷം രൂപ വിലമതിക്കുന്ന എട്ട് കിലോയോളം തൂക്കം വരുന്ന ആനക്കൊമ്പുകളുമായാണ് നാലംഗസംഘം വലയിലായത്. വനംവകുപ്പ് ഫ്ലൈയിങ് സ്ക്വാഡും വിജിലൻസും ചേർന്നാണ് സംഘത്തെ പിടികൂടിയത്.മലപ്പുറം സ്വദേശികളായ ജാഫർ സാദിഖ്, മുഹമ്മദ് ബാസിൽ, അബ്ദുൾ റഷീദ്, ഷുക്കൂർ എന്നിവരെയാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനടുത്തു നിന്ന് പിടികൂടിയത് . ആനക്കൊമ്പ് വാങ്ങാനെന്ന വ്യാജേന ഉദ്യോഗസ്ഥർ പ്രതികളെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ചെത്തിയ സംഘം ചാക്കിനുള്ളിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണിക്കുകയായിരുന്നു. തുടർന്നെത്തിയ ഫ്ലൈയിങ് സ്ക്വാഡ് ഉദ്യോഗസ്ഥരും ചേർന്നാണ് സംഘത്തെ വലയിലാക്കിയത് . നാല് കിലോ വീതം തൂക്കം വരുന്ന രണ്ട് കൊമ്പുകളാണുണ്ടായിരുന്നത്. തമിഴ്നാട് സ്വദേശിയാണ് പിടിയിലായവർക്ക് ആനക്കൊമ്പ് കൈമാറിയതെന്നാണ് വിവരം. ഇയാൾക്കായി അന്വേഷണം തുടരുകയാണ്. ആനക്കൊമ്പ് കൊണ്ടുവന്ന കാറൂം പിടിച്ചെടുത്തിട്ടുണ്ട്.