കണ്ണൂര്‍: കെ റെയില്‍ സില്‍വര്‍ലൈൻ പദ്ധതിയുമായി തല്ക്കാലം മുന്നോട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങള്‍ മാത്രം തീരുമാനിച്ചാല്‍ നടപ്പാക്കാൻ കഴിയുന്ന പദ്ധതിയല്ല ഇത്. റെയില്‍വെയുമായി ബന്ധപ്പെട്ട പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമെ നടപ്പാക്കാൻ കഴിയുവെന്ന് മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
‘കെ റെയിലിനെ നഖശിഖാന്തം എടുത്തവര്‍ വന്ദേഭാരത് വന്നപ്പോള്‍ കണ്ടകാര്യമെന്താണ്? ജനങ്ങളുടെ മനസാണത് കാണിക്കുന്നത്. വേഗമുള്ള റെയില്‍ സഞ്ചാരം കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് വന്ദേഭാരത് വന്നപ്പോള്‍ നാം കണ്ടത്. ഞങ്ങള്‍ മാത്രം തീരുമാനിച്ചാല്‍ നടപ്പാക്കാന്‍ കഴിയില്ല. റെയില്‍വേയുടെ കാര്യം കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ നടത്താന്‍ കഴിയുകയുള്ളൂ. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അതിന് അനുകൂലമായി പ്രതികരിക്കുന്നില്ല. പ്രതികരിക്കുന്ന ഘട്ടത്തിലെല്ലാം നേരത്തെ അതിനെതിരായി പറഞ്ഞുകൊണ്ടിരുന്നു. അത്തരമൊരു പദ്ധതിയുമായി കേരളത്തിന് മാത്രമായി മുന്നോട്ട് പോകാന്‍ കഴിയില്ല. ഒരുകാലം ഇതിന് അംഗീകാരം തരേണ്ടതായി വരും. ഇപ്പോള്‍ തല്ക്കാലം ഞങ്ങളായത് മുന്നോട്ടുകൊണ്ടുപോകുന്നില്ല എന്ന നിലപാടാണ് നേരത്തെ എടുത്തത്. ഇപ്പോള്‍ കേരളത്തിന്റെ മനസ് അത്തരത്തിലൊരു റെയില്‍ വേണമെന്ന് ചിന്തിക്കുന്നിടത്ത് എത്തിയില്ലേ?’, പിണറായി വിജയന് ചോദിച്ചു.

വികസന കാര്യങ്ങളെ ഏതെല്ലാം തരത്തില്‍ അട്ടിമറിക്കാന്‍ കഴിയും എന്ന് പരിശ്രമിക്കുന്നതാണ് നമ്മുടെ നാട്ടില്‍ കാണുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സങ്കുചിതമായ കക്ഷിരാഷ്ട്രീയ താത്പര്യംകൊണ്ട് ശ്രമിക്കുന്നതാണിത്. വികസന പദ്ധതികള്‍ വരുമ്പോള്‍ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി ‘നിങ്ങളിപ്പോള്‍ ചെയ്യണ്ട’ എന്ന നിലപാട് ഒരു കൂട്ടര് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം സില്‍വര്‍ ലൈൻ പദ്ധതിക്ക് അതിരടയാളം സ്ഥാപിച്ചതിനെ ന്യായീകരിച്ചും സംസ്ഥാന സര്‍ക്കാറിന് ഇതിനുള്ള അധികാരമുണ്ടെന്ന് വാദിച്ചും കഴിഞ്ഞ ദിവസം കെ-റെയില്‍ അധികൃതര്‍ രംഗത്തെത്തിയിരുന്നു. സില്‍വര്‍ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത് അനധികൃതമാണെന്ന കേന്ദ്ര നിലപാടിന് മറുപടിയായി നല്കിയ ഫേസ്ബുക്ക് കുറിപ്പിലാണ് കെ-റെയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















