ചാന്ദ്നിയുടെ കൊലപാതകിയെ കസ്റ്റഡിയില്‍ കിട്ടിയശേഷം പോലീസ് നടത്തിയ അന്വേഷണം അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടായിരുന്നില്ലെന്നും ഇക്കാര്യത്തില്‍ പോലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എംപി. കുട്ടിയുമായി പ്രതി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന്റെ കൈയില്‍ കിട്ടിയിട്ടും അന്വേഷണത്തില്‍ അമാന്തം ഉണ്ടായി എന്നതില്‍ തര്‍ക്കമില്ല. നിര്‍ണായകമായ മണിക്കൂറുകളാണ് നടപടികളില്ലാതെ കടന്നുപോയത്. ആ കുരുന്നിന്റെ ദാരുണ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും ആഭ്യന്തരവകുപ്പിന് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്നും സുധാകരന് പറഞ്ഞു.
മനുഷ്യ മനഃസാക്ഷിയെ നടുക്കുന്നതും ഹൃദയഭേദകവുമായ ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അതിനെയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി ലാഘവത്തോടെ കാണുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. ലഹരിയുടെ അതിപ്രസരവുമായി ഇതിനെ കൂട്ടിയോജിപ്പിക്കാന്‍ അധികൃതര്‍ വ്യഗ്രത കാട്ടുമ്പോള്‍, ലഹരി വസ്തുക്കളുടെ വ്യാപാരം വ്യാപിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നതു വിസ്മരിച്ചു കൂടാ. മദ്യം പരമാവധി വ്യാപിപ്പിക്കുന്ന നയമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വ്യാപകമായ അതിക്രമങ്ങളാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ഉണ്ടായിട്ടുള്ളത്. ഗവ. മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ കോഴിക്കോട് സ്വദേശിനി നീതി തേടി നാലു മാസത്തിനിടെ കയറിയത് 50 ഓഫിസുകളിലാണ്. പ്രതികള്‍ക്ക് പാര്‍ട്ടി കൊടുക്കുന്ന സംരക്ഷണം ഇനിയെങ്കിലും അവസാനിപ്പിക്കണം. കേരള പോലീസിനെ സിപിഎം രാഷ്ട്രീയവല്‍ക്കരിച്ച് നിഷ്ക്രിയമാക്കി.
ഉപജീവനമാര്‍ഗ്ഗം തേടി കേരളത്തില്‍ എത്തിയ ഒരു കുടുംബത്തിനാണ് അവരുടെ പ്രതീക്ഷയായിരുന്നു സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടത്. ആ ഉത്തരവാദിത്വം ഏറ്റെടുത്ത് ആ കുടുംബത്തോട് പരസ്യമായി മാപ്പ് പറയാനും അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് സുധാകരന് ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം