തിരുവനന്തപുരം: ആലുവയില്‍ കാണാതായ അഞ്ചുവയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്ഷമാപണവുമായി കേരള പൊലീസ്. ‘മകളേ മാപ്പ്’ എന്നറിയിച്ചുള്ള പോസ്റ്റിലൂടെയാണ് പൊലീസ് സംഭവത്തില്‍ ക്ഷമാപണം നടത്തിയത്. കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്കരികിലെത്തിക്കാനുള്ള തങ്ങളുടെ ശ്രമം വിഫലമായി എന്ന് വ്യക്തമാക്കിയായിരുന്നു പൊലീസിന്റെ മാപ്പപേക്ഷ.അതേസമയം കൊല്ലപ്പെട്ട പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി പൊലീസ് മുമ്പ് അറിയിച്ചിരുന്നു.
വിശദമായ ഇൻക്വസ്റ്റിലാണ് പൊലീസിന് പീഡനം നടന്നതായുള്ള സൂചന ലഭിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ ഇതിൽ ശാസ്ത്രീയമായ സ്ഥിരീകരണം ലഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചിരുന്നു. മാത്രമല്ല ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.പൊലീസ് പറയുന്നതിങ്ങനെ: കുട്ടിയുടെ മൃതദേഹം ആലുവ മാർക്കറ്റിന് സമീപം മാലിന്യം നിക്ഷേപിക്കുന്ന ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് കണ്ടെത്തിയതെന്നും നിലവിൽ പിടിയിലായ അസ്ഫാക് ആലത്തെ കൂടാതെ മറ്റാരെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും മധ്യമേഖല ഡിഐജി എസ്.ശ്രീനിവാസ് ഐപിഎസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പ്രതി ആലുവയിൽ എത്തിയത് എന്തിനെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കുട്ടിയുടെ മൃതദേഹത്തില്‍ പരിക്കുകളുണ്ട്. കൊല നടത്തിയതിനെ കുറിച്ച് പ്രതി പറഞ്ഞ കഥകൾ അന്വേഷിക്കുമെന്നും മൃതദേഹത്തിന് ചുറ്റും മൂന്ന് കല്ലുകൾ ഉണ്ടായിരുന്നുവെന്നും ഡിഐജി അറിയിച്ചു. കൊലപാതകത്തിന് പിന്നിലുള്ള പ്രചോദനവും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും പ്രതി ഇപ്പോൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കുട്ടിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. ബിഹാർ പൊലീസിനോട് പിടിയിലായ പ്രതിയുടെ പശ്ചാത്തലം അന്വേഷിക്കുന്നുണ്ടെന്നും അസ്ഫാക്കിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ചെളിയിൽ കുഴിച്ചിട്ട് പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി മൂന്ന് കല്ലുകൾ ചുറ്റിലും വച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നും ഡിഐജി കൂട്ടിച്ചേര്‍ത്തിരുന്നു.കുട്ടിയുടെ തിരോധാനവും അറസ്റ്റും: കാണാതായതിനെ തുടര്‍ന്ന് പെൺകുട്ടിക് വേണ്ടി വ്യാപകമായ തെരച്ചിൽ നടക്കുന്നതിനിടെയാണ് ബിഹാർ സ്വദേശി അസ്ഫാക് ആലത്തെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും, പ്രതിയെ കുട്ടിയോടൊപ്പം കണ്ട ആലുവ മാർക്കറ്റിലെ തൊഴിലാളി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്നാണ് പ്രതി അസ്ഫാക്ക് ആലം രാവിലെ പൊലീസിന് മൊഴി നൽകിയതെന്നും വെള്ളിയാഴ്ച രാത്രി ആലുവ ഫ്ലൈ ഓവറിന് താഴെ വച്ച് ഒരു സുഹൃത്ത് വഴിയാണ് കുട്ടിയെ കൈമാറിയതെന്നും പ്രതി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതേ തുടർന്ന് അസ്ഫാക്ക് ആലത്തേയും സക്കീറിനെയും തമ്മിൽ പരിചയപ്പെടുത്തിയ ആളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു.കുട്ടിയെ വിൽപ്പന നടത്തിയതാകാമെന്നാണ് പൊലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ ഇത് സാധൂകരിക്കുന്നതിനായി പ്രതിയുടെ കയ്യിൽ നിന്ന് പണമൊന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. മാത്രമല്ല കുട്ടിയെ കൈമാറിയെന്ന് മൊഴി നൽകിയ ഫ്ലൈ ഓവറിൽ പ്രതിയെ എത്തിച്ചും പൊലീസ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് കുട്ടിയെ കാണാതായി 20 മണിക്കൂർ പിന്നിട്ടപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം കഴിഞ്ഞ അഞ്ച് വർഷമായി ആലുവയിൽ താമസിക്കുന്ന ബിഹാർ സ്വദേശിയുടെ മകളായ അഞ്ച് വയസുകാരിയെ ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞാണ് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അഫ്സാക്ക് ആലം കടത്തിക്കൊണ്ടുപോയത്.