തൃശൂർ : വിയ്യൂർ കെഎസ്ഇബി സബ് സ്റ്റേഷനില്‍ ജീവനക്കാർ തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി മുത്തു ആണ് മരിച്ചത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശി മാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. നാല് വർഷമായി കരാർ ജീവനക്കാരായി ജോലി ചെയ്ത് വരികയായിരുന്നു തഞ്ചാവൂർ സ്വദേശികളായ മുത്തുവും മാരിയും. കെഎസ്ഇബി ക്വാര്‍ട്ടേഴ്സില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മാരിയും മുത്തവും സബ്സ്റ്റേഷനിൽ ആണ് താമസം.
ഇതിനിടെ ഇന്ന് ഉച്ചയ്ക്ക് മദ്യപിക്കുന്നതിനിടയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. തര്‍ക്കത്തിനിടെ പ്രകോപിതനായ മാരി തൊട്ടടുത്തുണ്ടായ കത്തിയെടുത്ത് മുത്തുവിന്റെ വയറ്റിൽ കുത്തുകയായിരുന്നു. കുത്തിയ ശേഷം മാരി മുത്തുവിന്റെ അടുത്തു തന്നെ ഇരുന്നു.
ഈ സമയം സംഭവ സ്ഥലത്ത് മറ്റാരുമുണ്ടായിരുന്നില്ല. കുത്തേറ്റ് ദീര്‍ഘനേരം കിടന്ന മുത്തു രക്തം വാര്‍ന്നാണ് മരിച്ചത്. സംഭവം അറിഞ്ഞ് വിയ്യൂർ പൊലീസ് സ്ഥലത്തെത്തിയപ്പോഴും മാരി മുത്തുവിനടുത്ത് തന്നെ ഉണ്ടായിരുന്നു. തുടർന്ന് പൊലീസ് മാരിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.
KSEB CONTRACT WORKER KILLED AT VIYYUR THRISSUR