ഡല്‍ഹി: മണിപ്പൂരിൽ സ്ത്രീകളെ ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്തിയ കേസ് സിബിഐക്ക് വിട്ടു. സമഗ്ര അന്വേഷണത്തിനാണ് കേസ് ആഭ്യന്തര മന്ത്രാലയം സിബിഐക്ക് വിട്ടത്. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലവും നൽകും. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് ഒരാളെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
നേരത്തെ 19കാരനടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് രണ്ട് മാസം പിന്നിട്ട ശേഷമാണ് കേസ് ആഭ്യന്തര മന്ത്രാലയം സിബിഐക്ക് വിടുന്നത്. കേസിൽ പ്രതികളുടെ അറസ്റ്റ് വൈകിയത് മതിയായ തെളിവുകളുടെ അഭാവത്താൽ ആണെന്നായിരുന്നു മണിപ്പൂർ പൊലീസിന്റെ വിശദീകരണം.
ഇതിനിടെ, സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന ദൃശ്യം റിക്കാർഡ് ചെയ്ത വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തെന്നും സർക്കാർ മുൻകൈ എടുത്ത് നടത്തുന്ന കുക്കി – മെയ്തേയ് സമാധാനചർച്ചകൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കേന്ദ്ര സർക്കാരിനോട് വിഷയത്തിൽ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മണിപ്പൂർ പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്.
തൗബാൽ ജില്ലയിലെ പേച്ചി അവാങ് ലേകൈ സ്വദേശി ഹ്യൂരേം ഹെരോദാസ് സിങ്ങാണ് കേസിൽ ആദ്യം അറസ്റ്റിലായത്. ഇതിന് പിന്നാലെ അരുൺ സിങ്, ജിവാൻ എലങ്ബാം, തോംബ സിങ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് 22ാം തീയതി 19കാരനടക്കം രണ്ടു പേർ കൂടി അറസ്റ്റിലായി. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഹെരോദാസ് സിങ്ങിൻറെ വീട് കത്തിച്ചിരുന്നു.
അതിനിടെ മണിപ്പൂരിൽ കുകി, മെയ്തെയ് വിഭാഗങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തി. ഇന്‍റലിജൻസ് ബ്യൂറോ മുൻ അഡീഷനൽ ഡയറക്ടര്‍ അക്ഷയ് മിശ്രയുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്. മണിപ്പൂരിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇരുവിഭാഗത്തിന്റെ പ്രതിനിധികളുമായി ചർച്ച നടത്തിയത്. സംസ്ഥാനത്തെ അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രത്യേക ഭരണത്തിനുള്ള കുകി ആവശ്യം ഇപ്പോൾ ചർച്ച ചെയ്യുന്നില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം